ന്യൂഡല്‍ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണിന്റെ നടത്തം അനുകരിച്ച് സൂപ്പര്‍ താരം രോഹിത് ശര്‍മ. ചൊവ്വാഴ്ച മുംബൈയില്‍ നടന്ന സിയറ്റ് ക്രിക്കറ്റ് അവാര്‍ഡ് ദാനച്ചടങ്ങിലായിരുന്നു രസകരമായ സംഭവം നടന്നത്. ചടങ്ങില്‍ രോഹിത് ശര്‍മയ്ക്കും സഞ്ജു സാംസണിനുമൊപ്പം ശ്രേയസ് അയ്യരടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്തിരുന്നു. രോഹിത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയാണ്. രോഹിത്തിന്റെ ഫണ്ണിയായിട്ടുള്ള ഈ സ്വഭാവം വളരെ രസകരമാണെന്നാണ് ആരാധകര്‍ പറയുന്നത്.

മലയാളി താരം സഞ്ജു സാംസണിനെ രോഹിത് ശര്‍മ അനുകരിക്കുന്നതാണ് വീഡിയോയിലുള്ളത്. രോഹിത് ശര്‍മയും ശ്രേയസ്സ് അയ്യരും സദസ്സില്‍ ഇരിക്കുന്നതും സഞ്ജു സാംസണ്‍ അവരുടെ മുന്നിലൂടെ കടന്നുപോകുന്നതും വീഡിയോയില്‍ കാണാം. സഞ്ജു നടന്നുപോയതിന് പിന്നാലെ മലയാളി താരത്തിന്റെ നടത്തം രോഹിത് അനുകരിച്ചു. അടുത്തിരുന്ന അയ്യരോട് രോഹിത് ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. ഇരുവരും തമാശ പങ്കിട്ട് ചിരിക്കുന്നത് ക്യാമറയില്‍ പതിയുകയും ചെയ്തു.

അതേസമയം 2024 വര്‍ഷത്തെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ടി20 ഫോര്‍മാറ്റിലെ 2024 കലണ്ടര്‍ വര്‍ഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി വരുണ്‍ ചക്രവര്‍ത്തി തെരഞ്ഞെടുക്കപ്പെട്ടു.


അതേസമയം ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. രോഹിത് ശര്‍മയും ശ്രേയസ്സ് അയ്യരും ഏകദിന ടീമില്‍ ഇടംപിടിച്ചപ്പോള്‍ സഞ്ജു സാംസണ്‍ ടി20 ടീമിലുമുണ്ട്. ഉപനായകനായാണ് ശ്രേയസ്സ് അയ്യര്‍ ടീമിലെത്തിയത്. ഒക്ടോബര്‍ 19-നാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാവുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഓസീസ് പരമ്പര. അടുത്തിടെ ഓസ്ട്രേലിയയും പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു.