ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ യശസ്വി ജയ്‌സ്വാളിന്റെ അപരാജിത സെഞ്ചുറിയുടെയും സായ് സുദര്‍ശന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയിലാണ്. 173 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 20 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ക്രീസില്‍. 38 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും 87 റണ്‍സെടുത്ത സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യദിനം നഷ്ടമായത്. വാറിക്കനാണ് വിന്‍ഡീസിനായി രണ്ടുവിക്കറ്റുമെടുത്തത്. രണ്ടാം വിക്കറ്റില്‍ ജയ്സ്വാള്‍ സായ് സഖ്യം നേടിയ 193 റണ്‍സാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ടോസിലെ ഭാഗ്യത്തിന് പിന്നീലെ ക്രീസിലിറങ്ങിയ ഇന്ത്യക്കായി കെ എല്‍ രാഹുലും യശസ്വി ജയ്‌സസ്വാളും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 58 റണ്‍സടിച്ച് നല്ല തുടക്കമാണ് നല്‍കിയത്. ജയ്‌സ്വാള്‍ തുടക്കത്തില്‍ കരുതലോടെ കളിച്ചപ്പോള്‍ രാഹുലാണ് സ്‌കോറുയര്‍ത്തിയത്. 54 പന്തില്‍ 38 റണ്‍സടിച്ച ഓപ്പണര്‍ കെ.എല്‍. രാഹുലാണ് പുറത്തായത്. ജോമല്‍ വരികാനിന്റെ പന്തില്‍ രാഹുലിനെ വെസ്റ്റിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഇംലാച് സ്റ്റംപ് ചെയ്യുകയായിരുന്നു. പിന്നാലെയെത്തിയ സായ്, ജയ്‌സ്വാളിനു മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ യസസ്വി-സായ് സുദര്‍ശന്‍ സഖ്യം 193 റണ്‍സാണ് അടിച്ചെടുത്ത്. 145 പന്തില്‍ തന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി തികച്ച ജയ്‌സ്വാളിനൊപ്പം ആത്മവിശ്വാസത്തോടെ സായ് സുദര്‍ശനും ബാറ്റ് വീശിയതോടെ വിന്‍ഡീസ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്തു. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ സായ് സുദര്‍ശന്‍ നല്‍കിയ ക്യാച്ച് വിന്‍ഡീസ് കൈവിട്ടതും സന്ദര്‍ശര്‍ക്ക് തിരിച്ചടിയായി.

145 പന്തുകളില്‍നിന്നാണ് ജയ്‌സ്വാള്‍ 100 കടന്നത്. ടെസ്റ്റ് കരിയറില്‍ ജയ്‌സ്വാളിന്റെ ഏഴാം സെഞ്ചറിയാണിത്. ഇതോടെ 24 വയസ്സ് തികയും മുന്‍പ് ഏഴോ അതില്‍ കൂടുതലോ ടെസ്റ്റ് സെഞ്ചറി നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്തി ജയ്സ്വാള്‍. 24 വയസ്സിനുള്ളില്‍ 11 സെഞ്ചറികളാണ് സച്ചിന്‍ നേടിയത്. ടെസ്റ്റില്‍ രണ്ടാം അര്‍ധസെഞ്ചറിയാണ് സായ് കുറിച്ചത്. മൂന്നാം സെഷനില്‍, വരികാന്‍ സായ്യെ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ആദ്യ സെഞ്ചറി വെറും 13 റണ്‍സകലെ നഷ്ടമാകുകയായിരുന്നു. പിന്നീടെത്തിയ ഗില്ലും ജയ്‌സ്വാളിന് ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു.

165 പന്തില്‍ 87 റണ്‍സെടുത്ത സായ് സുദര്‍ശന്‍ 12 ബൗണ്ടറികള്‍ പറത്തി. സായ് സുദര്‍ശനുശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ജയ്‌സ്വാളിനൊപ്പം പിടിച്ചു നിന്നതോടെ ഇന്ത്യ ആശങ്കകളില്ലാതെ കുതിച്ചു. ഇതിനിടെ വിന്‍ഡീസ് രണ്ടാം ന്യൂബോള്‍ എടുത്തെങ്കിലും ഇന്ത്യയെ വിറപ്പിക്കാനായില്ല.ഇതിനിടെ 224 പന്തില്‍150 റണ്‍സ് പിന്നിട്ട ജയ്‌സ്വാള്‍ ടെസ്റ്റിലെ തന്റെ അഞ്ചാമത്തെ 150+ സ്‌കോര്‍ കുറിച്ചു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ജയ്‌സ്വാള്‍-ഗില്‍ സഖ്യം ഇതുവരെ 67 റണ്‍സടിച്ചിട്ടുണ്ട്.

ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഗില്‍ ആദ്യമായാണ് ഒരു ടോസ് വിജയിക്കുന്നത്. ഡല്‍ഹിയിലെ ബാറ്റിങ് പിച്ചില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ രണ്ടാം മത്സരം കളിക്കാനിറങ്ങിയത്. അതേസമയം വെസ്റ്റിന്‍ഡീസ് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെവോണ്‍ ഇംലാച്, പേസര്‍ ആന്‍ഡേഴ്‌സന്‍ ഫിലിപ് എന്നിവര്‍ പ്ലേയിങ് ഇലവനിലെത്തി. പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റിലും ജയിച്ചാല്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര തൂത്തുവാരാം.