തിരുവനന്തപുരം: സഞ്ജുവിന്റെ അര്‍ധസെഞ്ചറിയും സല്‍മാന്റെ വീരോചിത പോരാട്ടവും കേരളത്തെ തുണച്ചില്ല. മഹാരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 20 റണ്‍സ് ലീഡ് വഴങ്ങി കേരളം. ഒന്നാം ഇന്നിങ്‌സില്‍ 219 റണ്‍സിനു കേരളം പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ 239 റണ്‍സെടുത്ത മഹാരാഷ്ട്രയ്ക്ക് 20 റണ്‍സ് നിര്‍ണായക ലീഡ്. അര്‍ധസെഞ്ചറി നേടിയ സഞ്ജു സാംസണ്‍ (54), സല്‍മാന്‍ നിസാര്‍ (49), ക്യാപ്റ്റന്‍ മുഹമ്മദ് അസഹ്‌റുദ്ദീന്‍ (36) എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തിനു കരുത്തായത്.

ഏഴാമനായി ഇറങ്ങിയ സല്‍മാന്‍ നിസാറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് സ്‌കോര്‍ 200 കടത്തിയത്. അര്‍ധസെഞ്ചറിക്ക് ഒരു റണ്‍ അകലെ സല്‍മാന്‍ വീണതോടെ കേരളത്തിന്റെ ഇന്നിങ്‌സിനും അവസാനമായി. ഇനി മത്സരം സമനിലയില്‍ അവസാനിച്ചാലും മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചാലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയ്ക്ക് കൂടുതല്‍ പോയിന്റുകള്‍ ലഭിക്കും. മുന്‍ കേരള താരം ജലജ് സക്സേന മഹാരാഷ്ട്രയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുകേഷ് ചൗധരി, വിക്കി ഒസ്ത്വാള്‍, രജനീഷ് ഗുര്‍ബാനി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

3ന് 35 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന്, ആദ്യ സെഷന്റെ തുടക്കത്തില്‍ തന്നെ സച്ചിന്‍ ബേബിയുടെ (7) വിക്കറ്റ് നഷ്ടമായി. രാമകൃഷ്ണ ഘോഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സൗരഭ് നവാലെ കിടിലന്‍ ക്യാച്ചിലൂടെയാണ് സച്ചിനെ പുറത്താക്കിയത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച സഞ്ജു അസ്ഹറുദ്ദീന്‍ കൂട്ടുകെട്ട് നിര്‍ഭയം ബാറ്റുവീശി കേരളത്തെ മുന്നോട്ടു നയിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അര്‍ധസെഞ്ചറിക്കു പിന്നാലെ സഞ്ജുവിനെ പുറത്താക്കി വിക്കി ഓസ്വാളാണ് കൂട്ടുകെട്ട് പൊളിച്ചത്. 63 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജുവിന്റെ ബാറ്റില്‍നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമാണ് പിറന്നത്.

തന്റെ തൊട്ടടുത്ത ഓവറില്‍ അസ്ഹറുദ്ദീനെ പുറത്താക്കി വിക്കി വീണ്ടും കേരളത്തിന് പ്രഹരമേല്‍പ്പിച്ചു. പിന്നീട് സല്‍മാന്‍ നിസാര്‍ അങ്കിത് ശര്‍മ (17) സഖ്യം കരുതലോടെ മുന്നോട്ടു നീങ്ങിയെങ്കിലും 55ാം ഓവറില്‍ അങ്കിതിനെ പുറത്താക്കി ജലജ് വീണ്ടും കളി തിരിച്ചു. പിന്നീടെത്തിയ ഏദന്‍ ആപ്പിള്‍ ടോം (3), നിധീഷ് എം.ഡി (4), ബേസിന്‍ എന്‍.പി (0*) എന്നിവര്‍ക്കാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. പത്താമനായി സല്‍മാനെ പുറത്താക്കി, മുകേഷ് ചൗധരിയാണ് കേരളത്തിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. മഹാരാഷ്ട്രയ്ക്കായി ജലജ് സക്‌സേന 3 വിക്കറ്റും മുകേഷ് ചൗധരി, രജനീഷ് ഗുര്‍ബാനി, വിക്കി ഓസ്വാള്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും രാമകൃഷ്ണ ഘോഷ് ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ദിനം ഒരു ഘട്ടത്തില്‍ അഞ്ചിന് 18 റണ്‍സെന്ന നിലയില്‍ തകര്‍ന്ന മഹാരാഷ്ട്രയെ റുതുരാജ് ഗെയ്കവാദിന്റെ (91) ഇന്നിംഗ്സാണ് രക്ഷിച്ചത്. ജലജ് സക്സേന 49 റണ്‍സെടുത്തു. ആദ്യ ദിനം 59 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നത്. ഏഴിന് 179 റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. മഴയെ തുടര്‍ന്ന് ഇന്ന് ആദ്യ സെഷനില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചിരുന്നില്ല. ലഞ്ചിന് ശേഷമാണ് രണ്ടാം ദിനം ആരംഭിച്ചത്. ഇന്ന് വിക്കി ഒസ്ത്വാള്‍ (38) രാമകൃഷ്ണ ഘോഷ് (31) എന്നിവര്‍ കൂട്ടിചേര്‍ത്ത 59 റണ്‍സാണ് സ്‌കോര്‍ 200 കടത്തിയത്. ഘോഷിനെ പുറത്താക്കി അങ്കിത് ശര്‍മയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ രജനീഷ് ഗുര്‍ബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ഒസ്ത്വാളിനെ ബേസിലും പുറത്താക്കിയതോടെ മഹാരാഷ്ട്രയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. മുകേഷ് ചൗധരി (0) പുറത്താവാതെ നിന്നു.