ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അനായാസം ജയിക്കാവുന്ന മത്സരം കൈവിട്ടതിന്റെ നിരാശ പങ്കുവച്ചും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തും ഇന്ത്യയുടെ ടോപ് സ്‌കോററായ ഓപ്പണര്‍ സ്മൃതി മന്ദാന. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലു റണ്‍സിനാണ് തോറ്റത്. 42-ാം ഓവറിലെ രണ്ടാം പന്തില്‍ മന്ദാന പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 234ല്‍ എത്തിയിരുന്നു. ജയത്തിലേക്ക് അപ്പോള്‍ വേണ്ടിയിരുന്നത് അവസാന 52 പന്തില്‍ 55 റണ്‍സായിരുന്നു. എന്നാല്‍ 94 പന്തില്‍ 88 റണ്‍സടിച്ച് ടോപ് സ്‌കോററായ മന്ദാനക്ക് പിന്നാലെ റിച്ച ഘോഷും 50 റണ്‍സടിച്ച ദീപ്തി ശര്‍മയും കൂടി പുറത്തായതോടെ ഇന്ത്യ നാലു റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മന്ദാന പറഞ്ഞത്.

അവസാന നിമിഷത്തെ അലക്ഷ്യമായ ബാറ്റിങ്ങിലൂടെ വിജയം കൈവിട്ട ഇന്ത്യ വനിതാ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് നേരിട്ടത്. നാല് റണ്‍സിന്റെ നേരിയ ജയത്തോടെ ഇംഗ്ലണ്ട് സെമിഫൈനല്‍ ഉറപ്പാക്കി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 288 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സേ ഇന്ത്യയ്ക്കു നേടാനായുള്ളൂ. സെമിഫൈനലില്‍ എത്താന്‍ ഇനിയുള്ള 2 മത്സരങ്ങളും ഇന്ത്യയ്ക്കു നിര്‍ണായകമാണ്.

മത്സര ശേഷം ഇംഗ്ലണ്ടിനെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥന പറഞ്ഞു. താന്‍ പുറത്തായത് ബാറ്റിങ്ങില്‍ കൂട്ടത്തകര്‍ച്ചയ്ക്കു കാരണമായെന്നും തന്റെ ഷോട്ട് സെലക്ഷന്‍ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നെന്നും മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്മൃതി തുറന്നു സമ്മതിച്ചു. പ്രതിക റാവലും (8) ഹര്‍ലീന്‍ ഡിയോളും (24) പുറത്തായെങ്കിലും സ്മൃതി മന്ഥനയും (88) ഹര്‍മന്‍പ്രീത് കൗറും (70) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 125 റണ്‍സുമായി ഇന്ത്യന്‍ സ്‌കോറുയര്‍ത്തി. ഹര്‍മന്‍ പുറത്തായശേഷം സ്മൃതിയും ദീപ്തി ശര്‍മയും (50) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 67 റണ്‍സും നേടിയതോടെ ഇന്ത്യ സുരക്ഷിത നിലയിലായിരുന്നു.

എന്നാല്‍ 42ാം ഓവറില്‍ സ്മൃതിയെ പുറത്താക്കി ഇംഗ്ലണ്ട് മത്സരം തിരിച്ചുപിടിച്ചു. പിന്നാലെ റിച്ച ഘോഷിന്റെയും (8) ദീപ്തിയുടെയും (50) പുറത്താകല്‍ റണ്‍ ചേസിന്റെ താളം തെറ്റിച്ചു . ''ആ സമയത്ത് എല്ലാവരുടെയും ഷോട്ട് സെലക്ഷനുകള്‍ മെച്ചപ്പെടുത്താമായിരുന്നെന്ന് എനിക്ക് തോന്നുന്നു. കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. പ്രത്യേകിച്ച്, ഞാനാണ് ആദ്യം അശ്രദ്ധമായി കളിച്ചത്. അതുകൊണ്ട് ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.'' സ്മൃതി പറഞ്ഞു. മത്സരം കൈവിട്ടു പോകുമെന്ന് ഉറപ്പായതോടെ ഡഗൗട്ടില്‍ നിരാശയോടെ ഇരിക്കുന്ന സ്മൃതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തലകുനിച്ച് നിറകണ്ണുകളോടെ സ്മൃതി ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

''ഒരോവറില്‍ ആറു റണ്‍സ് വീതമേ ആവശ്യമുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ മത്സരത്തെ കുറച്ചുകൂടി പ്രാധാന്യത്തോടെ എടുക്കേണ്ടതായിരുന്നു. തകര്‍ച്ച എന്നില്‍ നിന്നാണ് ആരംഭിച്ചത് എന്നതിനാല്‍ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നു. ഏരിയല്‍ സ്‌ട്രോക്കുകള്‍ ഒഴിവാക്കണമെന്ന പദ്ധതിയില്‍നിന്ന് ഞാന്‍ സ്വയം വ്യതിചലിച്ചു. വൈകാരികമായി ചിന്തിച്ചതാണ് കാരണം.

കവറുകള്‍ക്ക് മുകളിലൂടെ കൂടുതല്‍ റണ്‍സ് നേടുകയായിരുന്നു ലക്ഷ്യം. പക്ഷേ ആ ഷോട്ട് പിഴച്ചു. ആ സമയത്ത് ആ ഷോട്ട് ആവശ്യമില്ലായിരുന്നു. എനിക്ക് കൂടുതല്‍ ക്ഷമ ആവശ്യമായിരുന്നു. കാരണം ഇന്നിങ്‌സില്‍ ഉടനീളം, ക്ഷമയോടെയിരിക്കാനും ഏരിയല്‍ ഷോട്ടുകള്‍ കളിക്കരുതെന്നും ഞാന്‍ എന്നോട് തന്നെ പറയാന്‍ ശ്രമിച്ചിരുന്നു.

ഒരുപക്ഷേ വികാരങ്ങള്‍ ആ മത്സരത്തില്‍ നിറഞ്ഞു നിന്നിരിക്കാം, അതു ക്രിക്കറ്റില്‍ ഒരിക്കലും ഗുണം ചെയ്യില്ല. പക്ഷേ, തിരിഞ്ഞുനടക്കുമ്പോള്‍ വിജയം നേടാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ ഇത് ക്രിക്കറ്റാണ്, നമ്മുക്ക് ഒരിക്കലും മുന്‍കൂട്ടി കാണാന്‍ കഴിയില്ല'' സ്മൃതി പറഞ്ഞു. എന്നാല്‍ ഫിനിഷിങ് എല്ലായ്‌പ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സ്മൃതി കൂട്ടിച്ചേര്‍ത്തു. ''ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് നോക്കിയാല്‍, അവര്‍ക്കു അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. ഓവറില്‍ ഏഴ് റണ്‍സ് നേടുന്നത് എളുപ്പമുള്ള കാര്യമല്ല. ആദ്യത്തെ രണ്ടോ മൂന്നോ മത്സരങ്ങളില്‍ ഞങ്ങള്‍ തീര്‍ച്ചയായും നന്നായി ഫിനിഷ് ചെയ്തുവെന്ന് എനിക്ക് തോന്നുന്നു.'' സ്മൃതി വ്യക്തമാക്കി.

വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചു തുടങ്ങിയ ഇന്ത്യ പിന്നീട് ദക്ഷിണാഫ്രിക്കയോടും ഓസ്‌ട്രേലിയയോടും ഇന്നലെ ഇംഗ്ലണ്ടിനോടും തോറ്റു. ഇതോടെ ഇന്ത്യയുടെ സെമിയ സാധ്യതകളും ആശങ്കയിലായി. 23ന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഇനിയും സെമി സാധ്യതയുണ്ട്. അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയെ തോല്‍പിച്ച ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും സെമി ഉറപ്പിച്ചിട്ടുണ്ട്.