പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിന മത്സരത്തിനു ഗ്രൗണ്ടിലിറങ്ങും മുന്‍പ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും മുന്നില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ച് മുന്‍ നായകന്‍ വിരാട് കോലി. ബൗണ്ടറി ലൈനിനു പുറത്തുനിന്നും സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിനിടെയാണ് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മുന്നിലേക്കു പോകുന്നതിനായി വിരാട് കോലി കാത്തുനില്‍ക്കുന്നത്. ഗില്ലിനും ശ്രേയസിനും പിന്നിലായാണു കോലി നടന്നുപോകുന്നതും.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. കോലി എപ്പോഴും മറ്റുള്ളവരെ മുന്നിലേക്കു വരാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ആളാണെന്ന് ഒരു ആരാധകന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. യുവതാരങ്ങള്‍ക്കു വേണ്ടി എപ്പോഴും നിന്നിട്ടുള്ള ആളാണ് കോലിയെന്നും ആരാധകര്‍ പുകഴ്ത്തുന്നു. ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം കോലി ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാനിറങ്ങിയ മത്സരമായിരുന്നു പെര്‍ത്തിലേത്.


എന്നാല്‍ പെര്‍ത്തില്‍ കോലി ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. എട്ടു പന്തുകള്‍ നേരിട്ട കോലി റണ്ണൊന്നുമെടുക്കാതെയാണു മടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തു നേരിട്ട കോലിയെ തകര്‍പ്പന്‍ ഡൈവിലൂടെ കൂപ്പര്‍ കോണോലി ക്യാച്ചെടുത്താണു പുറത്താക്കിയത്.

ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. മഴകാരണം 26 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 29 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഓസീസ് എത്തിയത്. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ നടക്കും.