ധാക്ക: ഏകദിന ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ എതിരാളികള്‍ക്കെതിരെ 50 ഓവറും സ്പിന്നര്‍മാര്‍ മാത്രം പന്തെറിയുക. ഒരുകാലത്ത് കോട്‌നി വാല്‍ഷും കര്‍ട്‌ലി ആബ്രോസും ഇയാന്‍ ബിഷപ്പും അടക്കമുള്ള പേസ് ഇതിഹാസങ്ങള്‍ അരങ്ങുവാണ വെസ്റ്റ് ഇന്‍ഡ്‌സ ഇന്ന് ബംഗ്ലാദേശിന് എതിരായ ഏകദിന മത്സരത്തില്‍ സ്വന്തമാക്കിയത് അപൂര്‍വമായ നേട്ടമാണ്. രണ്ടാം ഏകദിനത്തിലാണ് വെസ്റ്റിന്‍ഡീസ് ഇന്നിങ്‌സിലെ 50 ഓവറും സ്പിന്നര്‍മാരെ കൊണ്ട് പന്ത് എറിയിപ്പിച്ച് ചരിത്രം കുറിച്ചത്. മത്സരം ടൈയില്‍ കലാശിച്ചതോടെ സൂപ്പര്‍ ഓവറില്‍ വിന്‍ഡീസ് ജയം സ്വന്തമാക്കുകയും ചെയ്തു.

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്നിങ്‌സില്‍ മുഴുവന്‍ ഓവറും സ്പിന്നര്‍മാര്‍ മാത്രം പന്തെറിയുന്നത് ആദ്യമാണ്. വിന്‍ഡീസിന്റെ സ്പിന്‍ കെണി ഫലിക്കുകയും ചെയ്തു. നിശ്ചിത 50 ഓവറില്‍ ആതിഥേയര്‍ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓള്‍ റൗണ്ടര്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് മാത്രമായിരുന്നു വിന്‍ഡീസിന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ഏക പേസര്‍. താരം പന്തെറിഞ്ഞതുമില്ല.

പാര്‍ട് ടൈം ബൗളറായ അലിക്ക് അതനാസെ മത്സരത്തില്‍ 10 ഓവറാണ് എറിഞ്ഞത്. മൂന്നു മെയ്ഡനടക്കം 14 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഗുഡാകേഷ് മോട്ടി 10 ഓവറില്‍ 65 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബൗളിങ് ഓപ്പണ്‍ ചെയ്ത അകീല്‍ ഹുസൈന്‍ 10 ഓവറില്‍ 41 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. റോസ്റ്റണ്‍ ചേസ്, ഖാരി പിയറി എന്നിവരാണ് മറ്റു ബൗളര്‍മാര്‍.

ബംഗ്ലദേശ് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് നിശ്ചിത അമ്പത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 53 റണ്‍സ് എടുത്ത നായകന്‍ ഷായ് ഹോപ്പാണ് ടോപ് സ്‌കോറര്‍. മത്സരം ടൈയില്‍ കലാശിച്ചതോടെ സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ വിന്‍ഡീസ് 11 റണ്‍സ് വിജയലക്ഷ്യം കുറിച്ചെങ്കിലും ബംഗ്ലാദേശ് ഒന്‍പത് റണ്‍്‌സ മാത്രമാണ് നേടിയത്. ഒരു റണ്‍സിന് വിന്‍ഡീസ് ജയം നേടി.

നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 89 പന്തില്‍ 45 റണ്‍സെടുത്ത സൗമ്യ സര്‍ക്കാറാണ് ടോപ് സ്‌കോറര്‍. 58 പന്തില്‍ 32 റണ്‍സുമായി നായകന്‍ മെഹ്ദി ഹസന്‍ മിറാഷും 14 പന്തില്‍ മൂന്നു ഫോറും സിക്‌സുമടക്കം 39 റണ്‍സുമായി റിഷാദ് ഹുസൈനും പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ റിഷാദിന്റെ വമ്പനടികളാണ് ടീം സ്‌കോര്‍ 200 കടത്തിയത്.

ഇതിനു മുമ്പ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഓവറുകള്‍ സ്പിന്നര്‍മാര്‍ പന്തെറിഞ്ഞ റെക്കോഡ് ശ്രീലങ്കയുടെ പേരിലായിരുന്നു. 1996ല്‍ വിന്‍ഡീസിനെതിരെയും 1998ല്‍ ന്യൂസിലന്‍ഡിനെതിരെയും 2004ല്‍ ആസ്‌ട്രേലിയക്കെതിരെയും ഇന്നിങ്‌സില്‍ 44 ഓവറുകളാണ് ലങ്കന്‍ സ്പിന്നര്‍മാര്‍ പന്തെറിഞ്ഞത്.

1996ല്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ മുത്തയ്യ മുരളീധരന്‍, അരവിന്ദ ഡിസില്‍വ, കുമാര്‍ ധര്‍മസേന, ഉപുല്‍ ചന്ദന, സനത് ജയസൂര്യ, ഹഷന്‍ തിലകരത്‌ന എന്നിവര്‍ ചേര്‍ന്നാണ് 44 ഓവര്‍ സ്പിന്‍ എറിഞ്ഞത്. മത്സരം 35 റണ്‍സിന് ലങ്ക ജയിക്കുകയും ചെയ്തു.