മുംബൈ: 2027-ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ വെറ്ററന്മാരായ വിരാട് കോലിയും രോഹിത് ശര്‍മയും കളിക്കേണ്ടത് അനിവാര്യമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പിന് മുമ്പ് ടീമില്‍ നിന്നും പുറത്താക്കുന്നതിനായി രോഹിത്തിന്റെയും കോലിയുടേയും പരാജയം കാത്തിരിക്കുന്ന ചില സെലക്ടര്‍മാരുണ്ട്. എന്നാല്‍ വേഗതയുള്ള ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഇരുവരുടേയും പരിചയ സമ്പത്ത് ഇന്ത്യയ്ക്ക് നിര്‍ബന്ധമായും വേണ്ടതാണെന്നും കൈഫ് പറഞ്ഞു.

കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ബാറ്റിംഗ് അതികായകര്‍ക്ക്, തുടക്കത്തില്‍ സംഭവിച്ച പോലെ തന്നെ, ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ റണ്‍സുകള്‍ മാത്രമേ തുണയാകൂ എന്നാണ് കൈഫ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച രോഹിത്തും കോലിയും നിലവില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. ഓസ്ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയിലൂടെയാണ് ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ഈ മൂന്ന് മത്സര പരമ്പരയ്ക്ക് മുമ്പ് തന്നെ ഇരുവരുടേയും വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു.

നായകസ്ഥാനമൊഴിഞ്ഞ ശേഷം ബാറ്റര്‍ എന്ന നിലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച രോഹിത്, 101 ശരാശരിയില്‍ 202 റണ്‍സെടുത്ത് പരമ്പരയിലെ ടോപ് സ്‌കോററായി തിളങ്ങുകയായിരുന്നു. പരമ്പരയ്ക്ക് ശേഷം താരങ്ങള്‍ വിരമിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഇരുവരും ബാറ്റ് കൊണ്ട് ഗംഭീര പ്രകടനം കാഴ്ചവെച്ച് വിമര്‍ശകരുടെ വായടപ്പിച്ചത്.

പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇരുവരും പരാജയപ്പെട്ടത് ഇതിന് ശക്തി പകര്‍ന്നു. അഡ്ലെയ്ഡില്‍ നടന്ന രണ്ടാം മത്സരത്തില്‍ രോഹിത് തിളങ്ങിയപ്പോള്‍ കോലി പരാജയപ്പെട്ടു. എന്നാല്‍ മൂന്നാം ഏകദിനം നടന്ന സിഡ്നിയില്‍ ഇരുവരും തകര്‍ത്താടി. സെഞ്ചുറിയുമായി നയിച്ച രോഹിത്തിന് (121*) അര്‍ധ സെഞ്ചുറി നേടിയാണ് കോലി (74*) പിന്തുണ നല്‍കിയത്. 168 നീണ്ട ഇരുവരുടേയും അപരാജിത രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം ഒരുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൈഫിന്റെ പ്രതികരണം വന്നത്.

'തങ്ങളുടെ പരാജയം കാണാന്‍ ആളുകള്‍ കാത്തിരിക്കുകയാണെന്ന് അവര്‍ക്കറിയാം. സെലക്ടര്‍മാരും ചില മാധ്യമപ്രവര്‍ത്തകരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ രോഹിത്തും കോലിയും ദൃഢനിശ്ചയമുള്ളവരാണ്. അവരുടെ മുഖത്തേക്ക് നോക്കൂ... എത്ര ശാന്തതയോടെയും ഏകാഗ്രതയോടെയുമാണ് അവര്‍ കാണപ്പെട്ടത്. തങ്ങളെ ഈ ടീമില്‍ നിന്നും പുറത്താക്കുന്നതിന് ആര്‍ക്കും അവസരം നല്‍കില്ലെന്ന ദൃഢനിശ്ചയമാണ് അവര്‍ കാണിച്ചത്' - തന്റെ യൂട്യൂബ് ചാനലില്‍ കൈഫ് പറഞ്ഞു.

'ദക്ഷിണാഫ്രിക്കയില്‍ രോഹിത്തും വിരാടും ടീമില്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവര്‍ കൊണ്ടുവരുന്ന അനുഭവ സമ്പത്ത് അത്രയും നിര്‍ണായകമാണ്. ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സി ട്രാക്കില്‍ നിങ്ങള്‍ക്ക് രോഹിത് ശര്‍മയെ ആവശ്യമാണ്. വിരാടും അങ്ങനെ തന്നെ. ഫാസ്റ്റ്, ബൗണ്‍സി സ്ട്രിപ്പുകളില്‍ അദ്ദേഹം നന്നായി കളിക്കുന്നു. പ്രായം വെറും ഒരു സംഖ്യയാണെന്ന് രോഹിത് ശര്‍മ തെളിയിച്ചിട്ടുണ്ട്. അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അറിയാവുന്നതിനാല്‍ ആളുകള്‍ രോഹിത്തിനെയും വിരാടിനെയും പിന്തുണയ്ക്കുന്നു' - കൈഫ് കൂട്ടിച്ചേര്‍ത്തു.

മത്സരം കഴിഞ്ഞ ശേഷമുള്ള സംഭവങ്ങളും കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു. സമ്മാനങ്ങള്‍ വാങ്ങിയ ശേഷം രോഹിത് ശര്‍മ്മ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനരികിലൂടെ നടന്നുപോയെന്നും കൊഹ്ലി ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്നും കൈഫ് പറയുന്നു. ഈ സാഹചര്യം വിലയിരുത്തിയ കൈഫ്, രോഹിതും വിരാടും ഒരു സത്യം തിരിച്ചറിഞ്ഞതായും വ്യക്തമാക്കി. 'മത്സരത്തിന് ശേഷം വിരാട് കൊഹ്ലി ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു. മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് ട്രോഫികള്‍ വാങ്ങിയ ശേഷം രോഹിത് ശര്‍മ്മ ഗൗതം ഗംഭീറിനരികിലൂടെ ഒരു പുഞ്ചിരി കൈമാറാന്‍ സാദ്ധ്യയുണ്ടായിരുന്നിട്ടും രോഹിത് നടന്നുപോയി. ഇപ്പോള്‍ ഒരു കാര്യം വ്യക്തമാണ്, തങ്ങളുടെ ബഹുമാനം സ്വന്തം കൈകളിലാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. 'ഞാന്‍ റണ്‍സ് നേടിയാല്‍, എനിക്ക് കളിക്കാം', കൈഫ് പറഞ്ഞു.'

പുതിയൊരു താരമായി ടീമില്‍ തിരിച്ചെത്തുമ്പോള്‍ ആരും പിന്തുണയ്ക്കാനില്ലെന്നും ടീമില്‍ തുടരണമെങ്കില്‍ പ്രകടനം കാഴ്ചവയ്ക്കണമെന്നും അവര്‍ക്കറിയാം. കരിയറിന്റെ അവസാനത്തോടടുക്കുമ്പോള്‍ അതേ സമീപനമാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. 'ഇവിടെ സുഹൃത്തുക്കളാരുമില്ല, രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നതെന്ന ചിന്താഗതിയിലാണവര്‍. ഫോം മോശമാകുമ്പോള്‍ അവരെ പുറത്താക്കാന്‍ ആളുകള്‍ കാത്തിരിക്കുന്നതിനാല്‍ ഇതൊരു ടീം ഗെയിമല്ല,' കൈഫ് കൂട്ടിച്ചേര്‍ത്തു.