മുംബൈ: വനിതാ ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യക്ക് 339 റണ്‍സിന്റെ വിജയദൂരം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സിന് ഓള്‍ ഔട്ടായി. 93 പന്തില്‍ 119 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഫോബെ ലിച്ചിഫീല്‍ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. എല്‍സി പെറി 77 റണ്‍സടിച്ചപ്പോള്‍ മധ്യനിരയില്‍ തകര്‍ത്തടിച്ച ആഷ്ലി ഗാര്‍ഡ്‌നര്‍ 45 പന്തില്‍ 63 റണ്‍സടിച്ച് ഓസീസിന് കൂറ്റന്‍ വിജയലക്ഷ്യം ഉറപ്പാക്കി. ഇന്ത്യക്കായി ശ്രീചരിണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് ഓസിസ് ഇന്ന് ഇന്ത്യക്കെതിരെ കുറിച്ചത്.

തകര്‍പ്പന്‍ ഫോമിലുള്ള ക്യാപ്റ്റന്‍ അലീസ ഹീലിയെ നേരത്തെ മടക്കിയെങ്കിലും ലിച്ച്ഫീല്‍ഡ് ഓസിസിനെ ചുമലിലേറ്റുകയായിരുന്നു. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അലീസ ഹീലി 5(15) ക്രാന്തി ഗൗഡിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി. ക്യാപ്റ്റന്‍ അലീസ ഹീലിയുടെ നിര്‍ണായക ക്യാച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കൈവിട്ടെങ്കിലും നിലയുറപ്പിക്കും മുമ്പെ ഹീലിയെ(5) ക്രാന്തി ഗൗഡ് ബൗള്‍ഡാക്കി മടക്കി. എന്നാല്‍ ഇന്ത്യയുടെ ആഘോഷം അവിടെ തീര്‍ന്നു. തകര്‍ത്തടിച്ച ലിച്ചിഫീല്‍ഡും എല്ലിസ് പെറിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 155 റണ്‍സടിച്ച് ഓസീസിന് കൂറ്റന്‍ സ്‌കോറിലേക്കുള്ള അടിത്തറയിട്ടു.

ഇന്ത്യന്‍ ബൗളര്‍മാരുടെ മോശം ബൗളിംഗും ഫീല്‍ഡിംഗും ഓസീസിന് കാര്യങ്ങള്‍ എളുപ്പമാക്കി. അലീസ ഹീലിയുടെ വിക്കറ്റെടുത്തെങ്കിലും ക്രാന്തി ഗൗഡും മധ്യ ഓവറുകളില്‍ ദീപ്തി ശര്‍മയുമാണ് ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്. അമന്‍ജ്യോത് കൗറും ശ്രീ ചരിണിയും ഓസീസിന്റെ റണ്‍നിരക്ക് പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ലിച്ചിഫീല്‍ഡിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ ബലത്തില്‍ ഓസീസ് സ്‌കോര്‍ കുതിച്ചു.

77 പന്തില്‍ ലോകകപ്പിലെ ആദ്യ സെഞ്ചുറി തികച്ച ലിച്ചിഫീല്‍ഡ് പിന്നീട് കണ്ണുംപൂട്ടി അടി തുടങ്ങിയതോടെ റണ്‍നിരക്ക് പിടിച്ചുനിര്‍ത്താന്‍ ഇന്ത്യ പാടപുപെട്ടു. ദിപ്തി ശര്‍മയെ ഒരോവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സകള്‍ക്ക് പറത്തിയ ലിച്ചിഫീല്‍ഡീനെ 27-ാം ഓവറില്‍ അമന്‍ജ്യോത് കൗര്‍ ബൗള്‍ഡാക്കിയതോടെയാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്. 66 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ എല്ലിസ് പെറി ബെത്ത് മൂണിക്കൊപ്പം പോരാട്ടം തുടര്‍ന്നതോടെ ഓസീസ് കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചു.

34-ാം ഓവറില്‍ ബെത്ത് മൂണിയെ(22 പന്തില്‍ 24) മടക്കിയ ശ്രീചരിണിയാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. പിന്നാലെ അനാബെല്‍ സതര്‍ലാന്‍ഡിനെയും(3) ശ്രീചരിണി മടക്കി ഇരട്ടപ്രഹരമേല്‍പ്പിച്ചു. എല്ലിസ് പെറിയെ(77) രാധാ യാദവ് പുറത്താക്കുകയും തഹ്ലിയ മഗ്രാത്ത്(12) റണ്ണൗട്ടാവുകയും ചെയ്തതോടെ 220-2ല്‍ നിന്ന് 243-5ലേക്കും 265-6ലേക്കും ഓസീസ് വീണെങ്കിലും അവസാന ഓവറുകളില്‍ ആഷ്ലി ഗാര്‍ഡന്‍്ര തകര്‍ത്തടിച്ച് ഓസീസ് സ്‌കോര്‍ ഉയര്‍ത്തി. 45 പന്തില്‍ 63 റണ്‍സടിച്ച ഗാര്‍ഡ്‌നറുടെ വെടിക്കെട്ടാണ് ഓസീസിന് 300 കടത്തിയത്.

ഇന്ത്യന്‍ താരങ്ങളുടെ മോശം ഫീല്‍ഡിംഗും ബൗളിംഗും ഓസീസ് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. 40 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഗാര്‍ഡ്‌നര്‍ 49ാം ഓവറില്‍ രാധാ യാദവിനെ തുടര്‍ച്ചയായി സിക്‌സിന് പറത്തി ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

നേരത്തെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പ്രതീക്ഷിച്ചത് പോലെ പരിക്കേറ്റ പ്രതിക റാവലിന് പകരം ഷെഫാലി വര്‍മ ടീമിലെത്തി. റിച്ചാ ഘോഷ്, ക്രാന്തി ഗൗദ് എന്നിവരും മടങ്ങിയെത്തി. ഉമ ചേത്രി, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരാണ് വഴി മാറിയത്. ബംഗ്ലാദേശിനെതിരെ അവസാന മത്സരം കളിച്ച രാധാ യാദവ് സ്ഥാനം നിലനിര്‍ത്തി. ഓസ്ട്രേലിയ ഒരു മാറ്റം വരുത്തി. സോഫി മൊളിനെക്സ് ടീമിലെത്തി. ജോര്‍ജിയ വറേഹം പുറത്തായി.