ലണ്ടന്‍: ഒരു ഓവറിലെ ആറ് പന്തുകളും എണ്ണം പറഞ്ഞ സിക്‌സറുകളുമായി യുവരാജ് സിങ് ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയ ആ ദിനം ആരാധകര്‍ക്ക് മറക്കാനാവാത്ത ഓര്‍മയാണ്. ഇംഗ്ലണ്ട് യുവതാരമായിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആറു പന്തുകളാണ് സിക്സറിന് പറത്തി യുവ്രാജ് സിങ്ങ് ആരാധകരുടെ മനം കവര്‍ന്നത്. 2007-ലെ പ്രഥമ ടി20 ലോകകപ്പിലെതാണ് മറക്കാനാകാത്ത ആ ഓര്‍മ. ആ മത്സരത്തില്‍ യുവിയുടെ വെടിക്കെട്ടാണ് ഇന്ത്യയെ അവിസ്മരണീയ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ ഒരു ക്രിസ്മസ് തലേന്ന് നടന്ന ആ ബാറ്റിങ് വിസ്മയത്തിന് ശേഷം തന്റെ വീട്ടില്‍ അതുമായി ബന്ധപ്പെട്ട് നടന്ന മറ്റൊരു സംഭവമാണ് സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പിതാവും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡ് വെളിപ്പെടുത്തിയത്.

ആ ഓവറില്‍ 36 റണ്‍സ് വഴങ്ങേണ്ടിവന്ന ബ്രോഡ് ആകെ തകര്‍ന്നുപോയിരുന്നു.ബ്രോഡിന്റെ അച്ഛനും മുന്‍ ഐസിസി മാച്ച് റഫറിയുമായിരുന്ന ക്രിസ് ബ്രോഡ് മകന് ക്രിസ്മസ് സമ്മാനമായി യുവ്രാജ് ഒപ്പിട്ട അദ്ദേഹത്തിന്റെ ഒരു ജേഴ്സി സമ്മാനമായി നല്‍കി. എന്നാല്‍, കണ്ടയുടന്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അത് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിസ് ബ്രോഡ്.

ദി ടെലഗ്രാഫിന് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ബ്രോഡ് സീനിയറുടെ ഈ വെളിപ്പെടുത്തല്‍. യുവി ബ്രോഡിനെ ആറ് സിക്സറുകള്‍ക്ക് തൂക്കിയ മത്സരത്തിന്റെ പിറ്റേന്നാണ് ക്രിസ് ബ്രോഡ് യുവിയില്‍ നിന്ന് അദ്ദേഹത്തിന്റെ ഒരു ജേഴ്സി ഒപ്പിട്ട് വാങ്ങുന്നത്. തന്റെ മകന് നല്‍കാനാണ് അതെന്നും പറഞ്ഞു. ഒരു ക്രിസ്മിനാണ് പിന്നീട് ആ ജേഴ്സി ക്രിസ് മകന് സമ്മാനമായി നല്‍കിയത്. സമ്മാനപ്പൊതി തുറന്ന് അതിനുള്ളിലുണ്ടായിരുന്ന യുവ്രാജിന്റെ ജേഴ്സി കണ്ടതോടെ സ്റ്റുവര്‍ട്ട് കോപാകുലനായെന്ന് ക്രിസ് പറഞ്ഞു. അവന്‍ ഉടനെ അത് ചവറ്റുകുട്ടയിലെറിഞ്ഞുവെന്നും ക്രിസ് വെളിപ്പെടുത്തി.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പോഡ്കാസ്റ്റില്‍ 2007-ലെ മത്സരത്തിനു ശേഷം ഐസിസി മാച്ച് റഫറിയായിരുന്ന ക്രിസ് ബ്രോഡ് തന്റെ ജേഴ്സി നിര്‍ബന്ധിച്ച് ഒപ്പിട്ട് വാങ്ങിക്കൊണ്ടുപോയതായി യുവിയും പറഞ്ഞിരുന്നു. അന്ന് സ്റ്റുവര്‍ട്ട് ബ്രോഡിനായി ജേഴ്സിയില്‍ ഒരു ഹൃദ്യമായ സന്ദേശം എഴുതിയതായും യുവി പറഞ്ഞിട്ടുണ്ട്.

2007 സെപ്റ്റംബര്‍ 19-നായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ ഇന്നിങ്‌സ്. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ സിക്‌സ് മത്സരമായിരുന്നു അത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ഗംഭീറും (58), സെവാഗും (68) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. റോബിന്‍ ഉത്തപ്പ പുറത്തായ ശേഷം 17-ാം ഓവറിലാണ് യുവി ക്രീസിലെത്തുന്നത്. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്നിന് 171. 18-ാം ഓവര്‍ ബൗള്‍ ചെയ്ത ഫ്‌ളിന്റോഫിനെതിരേ യുവി തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ നേടി.

ഇതോടെ ഫ്‌ളിന്റോഫ് പ്രകോപനപരമായി എന്തോ പറഞ്ഞു. യുവിയും വിട്ടുകൊടുക്കാതിരുന്നതോടെ അതൊരു വാക്കേറ്റമായി. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് ഈ അടി അവസാനിപ്പിച്ചത്. എന്നാല്‍, അന്ന് യുവിക്ക് ഫ്ളിന്റോഫിന് മറുപടി കൊടുത്ത് മതിയായില്ലായിരുന്നു. പിന്നാലെ 19-ാം ഓവര്‍ എറിയാനെത്തിയത് ഇംഗ്ലണ്ടിന്റെ അന്നത്തെ കൗമാരക്കാരന്‍ പയ്യന്‍ സ്റ്റുവര്‍ട്ട് ബ്രോഡായിരുന്നു. ഫ്‌ളിന്റോഫിനോടുള്ള കലിപ്പ് തന്റെ വില്ലോവെച്ച് യുവി ബ്രോഡിന് കൊടുത്തപ്പോള്‍ ആ ഓവറിലെ ആറു പന്തുകളും നിലംതൊടാതെ ഗാലറിയിലെത്തി.