മുംബൈ: ഒക്ടോബര്‍ 30 വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടും ജെമീമ റോഡ്രിഗസ് ആഹ്ലാദം കാട്ടിയില്ല. ആഘോഷവും നടത്തിയില്ല. അവള്‍ക്ക് മുന്നില്‍ മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. സെഞ്ച്വറിയായിരുന്നില്ല അത്. മറിച്ച് ടീമിനെ വിജയ വഴിയിലെത്തിക്കുക. അതായിരുന്നു ലക്ഷ്യം. അതുവരെ അഹ്ലാദമൊന്നും കാട്ടാതെ പോരാട്ടം തുടര്‍ന്നു. അത് വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍ചെയ്‌സുമായി. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ റെക്കോഡ് റണ്‍ പിന്തുടര്‍ന്ന് വിജയം സ്വന്തമാക്കി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജെമീമ റോഡ്രിഗസ് 127 റണ്‍സ് നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നവി മുംബൈ ആ താരത്തെ കൈകൂപ്പി തൊഴുതു.

മത്സരത്തിനു ശേഷമുള്ള അഭിമുഖത്തിനിടെ ജെമീമ ഈ ടൂര്‍ണമെന്റിലെ തന്റെ വൈകാരിക പോരാട്ടങ്ങളെക്കുറിച്ച് തുറന്നു പറയുകയായിരുന്നു. ആദ്യമല്‍സരങ്ങളിലടക്കം തന്റെ മോശം പ്രകടനം നല്‍കിയ പ്രയാസകരമായ സമയത്തെ നേരിടാന്‍ സഹായിച്ചതിന് ദൈവത്തിലുള്ള തന്റെ വിശ്വാസത്തെ അഭിനന്ദിക്കുകയും ചെയ്തു. 'ഈ ടൂറില്‍ ഞാന്‍ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികമായി സുഖമില്ല, മല്‍സരശേഷം ഉത്കണ്ഠയിലൂടെ കടന്നുപോകുന്നു. എന്റെ ഫോം ഞാന്‍ തന്നെ കണ്ടെത്തണമായിരുന്നു എനിക്കറിയാമായിരുന്നു, ദൈവം എല്ലാം നോക്കി. തുടക്കത്തില്‍, ഞാന്‍ കളിക്കുകയായിരുന്നു, ഞാന്‍ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. പിന്നീട് ഞാന്‍ തളരാന്‍ തുടങ്ങി. അവസാനം, ഞാന്‍ ബൈബിളില്‍ നിന്നുള്ള ഒരു തിരുവചനങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത് - അവിടെ നില്‍ക്കുക, ദൈവം എനിക്കുവേണ്ടി പോരാടും. ഞാന്‍ അവിടെ നിന്നു, അവന്‍ എനിക്കുവേണ്ടി പോരാടി.' യേശുവില്ലെങ്കില്‍ ജയം അസാധ്യമായിരുന്നുവെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ മതേതര മുഖത്തിന് തെളിവ് കൂടിയായി നവി മുംബൈയിലെ ഗ്രൗണ്ടിലെ താരത്തിന്റെ ഈ പ്രഖ്യാപനം.

ജമീമ റോഡ്രിഗസിന്റെ അംഗത്വം റദ്ദാക്കി മുംബൈയിലെ പഴക്കമേഴിയ ക്ലബ്ബുകളിലൊന്നായ ഖാര്‍ ജിംഖാന മുമ്പ് വാര്‍ത്തകളില്‍ എത്തിയിരുന്നു. ജമീമയുടെ പിതാവ് ക്ലബ്ബുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ജമീമയുടെ പിതാവ് ഇവാന്റെ നേതൃത്വത്തില്‍ ക്ലബ്ബിന്റെ പരിസരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതായും മതപരിവര്‍ത്തനത്തിന് ഉള്‍പ്പെടെ വഴിയൊരുക്കുന്നതായുമാണ് ആരോപണം ഉയര്‍ന്നത്. ഇതിനെതിരെ അംഗങ്ങളില്‍ ഒരു വിഭാഗം ശക്തമായ നിലപാടെടുത്തതോടെയാണ് ഇന്ത്യന്‍ താരത്തിന്റെ അംഗത്വം റദ്ദാക്കാന്‍ ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചത്. ''ജമീമ റോഡ്രിഗസിന്റെ പിതാവ് ഇവാന്‍ ബ്രദര്‍ മാനുവല്‍ മിനിസ്ട്രീസ് എന്നു പേരുള്ള ഒരു സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ പ്രസിഡന്‍ഷ്യല്‍ ഹാള്‍ 35 പരിപാടികള്‍ക്കായാണ് ബുക്ക് ചെയ്തിരുന്നത്. അവിടെ എന്താണ് നടക്കുന്നതെന്നും ഞങ്ങള്‍ക്കറിയാം' ഖാര്‍ ജിംഖാന മാനേജിങ് കമ്മിറ്റി അംഗം ശിവ് മല്‍ഹോത്ര അന്ന് പ്രതികരിച്ചത് ഇങ്ങനെയാണ്. ഈ വിവാദങ്ങളെ എല്ലാം പ്രകടനത്തിലൂടെ തകര്‍ത്തെറിയുകയാണ് ജമീമ. ഇനി രാജ്യത്തിന്റെ അഭിമാന പുത്രിയാണ് അവര്‍.

തന്റെ വിശ്വാസത്തെ ഊന്നി പറഞ്ഞാണ് വിജയവും ജമീമ ആഘോഷിച്ചത്. ഹര്‍മന്‍പ്രീത് കൗര്‍ ക്രീസില്‍ എത്തിയപ്പോള്‍, ഇരുവരും ചേര്‍ന്ന് ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ഇന്ത്യയെ റെക്കോഡ് വിജയത്തിലേക്ക് നയിച്ചു. പിന്നീട്, ക്ഷീണം തോന്നിയപ്പോള്‍, ജെമീമ തന്റെ സഹതാരങ്ങളില്‍ ശക്തി കണ്ടെത്തി. പ്രത്യേകിച്ച് ദീപ്തി ശര്‍മ, ഓരോ ബോളിനും മുമ്പ് അവളോട് സംസാരിച്ചു, അവളുടെ ശ്രദ്ധയും ശാന്തതയും നിലനിര്‍ത്തി എല്ലാം ഒരു നല്ല പാര്‍ട്ണര്‍ഷിപ്പിനെകുറിച്ചായിരുന്നു. അവസാനം, ഞാന്‍ എന്നെത്തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ദീപ്തി ഓരോ പന്തിലും എന്നോട് സംസാരിച്ചു, എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാത്തപ്പോള്‍, എന്റെ സഹതാരങ്ങള്‍ക്ക് എന്നെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. ഒന്നിനും ക്രെഡിറ്റ് എടുക്കാന്‍ കഴിയില്ല, ഞാന്‍ സ്വന്തമായി ഒന്നും ചെയ്തില്ല. ആള്‍ക്കൂട്ടത്തിലെ ഓരോ അംഗവും പ്രോത്സാഹിപ്പിക്കുകയും, വിശ്വസിക്കുകയും, ഓരോ റണ്ണിനും അവര്‍ ആഹ്ലാദിക്കുകയും ചെയ്തു, അത് എന്നെ ഉത്തേജിപ്പിക്കുകയായിരുന്നു-റോഡ്രിഗസ് പറഞ്ഞു.

134 പന്തില്‍ 14 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ജെമീമ റോഡ്രിഗസ് 127 റണ്‍സ് അടിച്ചുകൂട്ടിയത്. ഈ ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് കൂടിയാണിത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 167 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടും ജെമീമ പടുത്തുയര്‍ത്തി. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നിലൂടെയാണ് ജെമീമ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിലെ താരമായും അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. നിറഞ്ഞ ഗാലറിക്ക് മുന്നില്‍ നേടിയ ഈ അവിസ്മരണീയ വിജയത്തിന് ശേഷം ജെമീമക്ക് കണ്ണുനീര്‍ അടക്കാനായില്ല. ടീം അംഗങ്ങള്‍ അവരെ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളെ ഉദ്ദേശിച്ച് 'നന്ദി' എന്ന് കൈകൂപ്പി അവര്‍ പറയുന്നത് കാണാമായിരുന്നു. പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കുടുംബാംഗങ്ങളെ കാണാന്‍ എത്തിയപ്പോഴും ജെമീമ വിതുമ്പി,. 25 വയസ്സുകാരിയായ ജെമീമ ആദ്യം കെട്ടിപ്പിടിച്ചത് തന്റെ പിതാവിനെയാണ്.

ഇംഗ്ലണ്ടിനെതിരായ ലീഗ് മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജെമീമയെ പിന്നീട് ന്യൂസിലന്‍ഡിനെതിരായ അടുത്ത കളിയില്‍ മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നു, അവര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലില്‍ ഫോം തുടര്‍ന്നു.