ന്യൂഡല്‍ഹി: വനിതാ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യന്‍ താരങ്ങള്‍ക്കു പുറമേ, പരിശീലക സംഘം, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കും ഈ തുക വീതിച്ചു നല്‍കും. ലോകകപ്പ് ജേതാക്കള്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കിയ തുകയേക്കാള്‍ വലിയ തുകയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

4.48 മില്യന്‍ യുഎസ് ഡോളറാണ് (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 39.78 കോടി) ലോകകപ്പ് വിജയിക്കുന്ന ടീമിന് സമ്മാനമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കുന്നത്. പുരുഷ, വനിതാ ക്രിക്കറ്റ് ലോകകപ്പുകളില്‍ ഇതുവരെ നല്‍കിയിട്ടുള്ളതില്‍ ഏറ്റവും വലിയ തുകയാണിത്. പാര്‍ട്ടിസിപ്പേഷന്‍ പ്രൈസും, ലീഗ് ഘട്ടത്തിലെ വിജയത്തിന്റെ പാരിതോഷികങ്ങളും ചേര്‍ത്ത് 3.1 കോടി രൂപ നേരത്തേ തന്നെ ഇന്ത്യന്‍ ടീം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് ജയിച്ചതോടെ ഈ തുക കൂടി ചേര്‍ത്ത് 42 കോടിയാണ് ആകെ ലഭിക്കുക. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപയാണ് സമ്മാനത്തുകയായി കിട്ടിയത്. സെമി ഫൈനലില്‍ തോറ്റ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതം കിട്ടും.

ഇതു കൂടാതെയാണ് ബിസിസിഐയും വന്‍ തുക പ്രഖ്യാപിച്ചത്. വനിതാ ലോകകപ്പ് വിജയത്തോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ മാറ്റങ്ങള്‍ക്കാണു തുടക്കമാകുന്നതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു. ''ഇന്ത്യയെ ലോകകപ്പ് വിജയിപ്പിച്ച് 1983ല്‍ കപില്‍ ദേവ് പുതിയ യുഗത്തിനു തുടക്കമിട്ടു. അതേ രീതിയിലുള്ള ഉയിര്‍പ്പാണ് ഇപ്പോള്‍ വനിതാ ക്രിക്കറ്റിലും സംഭവിച്ചിരിക്കുന്നത്. അവര്‍ ഇന്ത്യക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കി. ഈ വിജയം അടുത്ത തലമുറയിലെ വനിതാ താരങ്ങള്‍ക്കു പ്രചോദനമാകും.'' സൈകിയ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി നല്‍കിയത്. ലോകകപ്പ് കിരീടം നേടുന്നതിന് മുമ്പ് പാരിതോഷികം പ്രഖ്യാപിക്കുന്നത് അനുചിതമാകും എന്നതിനാലാണ് സമ്മാനത്തുകയുടെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാതിരുന്നത്. വിജയത്തിന് ശേഷം ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്.

2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് വിജയത്തിന് അടുത്തെത്തി 9 റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എട്ട് വര്‍ഷത്തിനുശേഷം ലോകകപ്പിലെ ആദ്യ കിരീടത്തില്‍ മുത്തമിട്ടാല്‍ അതിന്റെ പത്തിരട്ടിയിലേറെയാണ് താരങ്ങള്‍ക്ക് സ്വന്തമാവുക.

വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആദ്യ കീരീടം തേടിയാണ് ഇരു ടീമുകളും ഞായറാഴ്ച ഗ്രൗണ്ടിലിറങ്ങുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (98 പന്തില്‍ 101) സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.