മുംബൈ: ഇന്ത്യന്‍ വനിത താരങ്ങള്‍ ആദ്യ ലോകകപ്പ് കിരീടം ഏറ്റുവാങ്ങുമ്പോള്‍ മനം നിറയ്ക്കുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷിയായത്. ഗ്രൂപ്പ് റൗണ്ടില്‍ അവസാന മത്സരത്തില്‍ പരിക്കേറ്റ് വീല്‍ചെയറിലായ പ്രതിക റാവലിന്റെ സാന്നിധ്യമായിരുന്നു അതിലൊന്ന്. കലാശ പോരിന് ശേഷം ഇന്ത്യന്‍ വനിതകള്‍ മൈതാനത്ത് ആഘോഷം നടത്തുമ്പോള്‍ കൂട്ടത്തില്‍ പ്രതികയുമുണ്ടായിരുന്നു.

'ഫീല്‍ഡില്‍ എനിക്ക് പോരാടാന്‍ കഴിഞ്ഞില്ല. പക്ഷേ, എന്റെ ഹൃദയം ഒരിക്കലും ടീം വിട്ടിരുന്നില്ല. ഓരോ ആരവവും കണ്ണീരും എന്റേത് കൂടിയായിരുന്നു' -കിരീട വിജയാഘോഷത്തിന്റെ നടുവില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രതിക 'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.


ഫൈനലില്‍ പരിക്കുമൂലം കളിക്കാനായില്ലെങ്കിലും കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് ഇന്ത്യയുടെ ഓപ്പണറായ പ്രതികാ റാവല്‍. ലോകകപ്പില്‍ സ്മൃതി മന്ദാനക്കൊപ്പം പ്രതിക നല്‍കുന്ന തുടങ്ങക്കങ്ങളാണ് ഇന്ത്യയുടെ സ്‌കോറിന് അടിത്തറയായത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 75 റണ്‍സടിച്ച് തിളങ്ങിയ പ്രതിക സെമിയിലെത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 122 റണ്‍സടിച്ച് നിര്‍ണായക പ്രകടനം പുറത്തെടുത്തു.

ബഗ്ലാദേശിനെതിരെ ഫീല്‍ഡിങ്ങിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് പ്രതികക്ക് അടിതെറ്റിയത്. വീഴ്ചയില്‍ വലതുകണങ്കാല്‍ ഒന്ന് പിണഞ്ഞു. വേദനയില്‍ പുളഞ്ഞ പ്രതിക ഗ്രൗണ്ടില്‍ വീണ് കണ്ണീര്‍ പൊഴിച്ചു. ശേഷം വിതുമ്പിയാണ് കളം വിട്ടത്. ആ മത്സരത്തില്‍ സെഞ്ച്വറി കൂടി താരം നേടിയിരുന്നു. ഇപ്പോഴിതാ ഒരു ആനന്ദകണ്ണീരില്‍ പ്രതിക ആ പരിക്കിന്റെ വേദനയെല്ലാം മാഞ്ഞുപോയിരിക്കുന്നു.

കാല്‍ക്കുഴക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ബംഗ്ലാദശിനെതിരായ അവസാന ഗ്രൂപ്പ് മത്സരം നഷ്ടമായ പ്രതികയ്ക്ക് സെമിയിലും ഫൈനലിലും കളിക്കാനായിരുന്നില്ല. പ്രതികയ്ക്ക് പകരം ഷഫാലി വര്‍മയെ ഇന്ത്യ ഓപ്പണറായി സെമിയിലും ഫൈനലിലും കളിപ്പിച്ചു. പ്രതികയ്ക്ക് പകരം ഇറങ്ങിയ ഷഫാലിയായിരുന്നു ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായതും നിര്‍ണായക രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതും. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ കന്നി ലോകകപ്പ് കിരീടനേട്ടം ആഘോഷമാക്കുമ്പോള്‍ ഇന്ത്യന്‍ ടീം അംഗങ്ങളാരും ടീമില്‍ നിന്ന് പുറത്തായിട്ടും പ്രതികയെ മറന്നില്ല.

ഐസിസി ചെയര്‍മാന്‍ ജയ് ഷായില്‍ നിന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയ ശേഷം ടീമിന്റെ വിജയം ആഘോഷിക്കാനായി ടീം അംഗങ്ങളെല്ലാം വേദിയിലേക്ക് കയറിയപ്പോള്‍ അവര്‍ക്കൊപ്പം വീല്‍ചെയറിലിരുന്ന് ആഘോഷിക്കാന്‍ പ്രതികയുമെത്തി. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് പ്രതികയെ വേദിയിലേക്ക് വീല്‍ ചെയറിയില്‍ തള്ളിക്കൊണ്ടുവന്നത്. ടീം അംഗങ്ങള്‍ക്കൊപ്പം വിജയാഘോഷത്തില്‍ പങ്കെടുത്തശേഷം നല്‍കിയ അഭിമുഖത്തില്‍ പ്രതിക കണ്ണീരണിഞ്ഞു. മത്സരശേഷം എക്‌സ് പോസ്റ്റിലൂടെ ഇന്ത്യയുടെ കിരീടനേട്ടത്തിലെ സന്തോഷം 24കാരിയായ പ്രതിക പങ്കുവെക്കുകയും ചെയ്തു.

ഗ്രൗണ്ടിലിറങ്ങി ടീമിനായി പൊരുതാന്‍ എനിക്കായില്ല. പക്ഷെ ഈ ടീമിന് ലഭിക്കുന്ന ഓരോ കൈയടിയും ഞാന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു. ഈ കണ്ണീര്‍ എന്റെ കൂടിയാണ് എന്നായിരുന്നു പ്രതിക എക്‌സില്‍ കുറിച്ചത്. ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 37, പാകിസ്ഥാനെതിരെ 31, ദക്ഷിണാഫ്രിക്കക്കെതിരെ 37, ഓസേട്രേലിയക്കെതിരെ 75, ഇംഗ്ലണ്ടിനെതിരെ 6, ന്യൂസിലന്‍ഡിനെതിരെ 122 എന്നിങ്ങനെയായിരുന്നു പ്രതികയുടെ പ്രകടനം.