- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
വൈഭവ് സൂര്യവംശിയും യാന്‍ഷ് ആര്യയും ദേശീയ ടീമിലേക്ക്; ജിതേഷ് ശര്‍മ ക്യാപ്റ്റന്‍; ഐപിഎല്ലിലെ വെടിക്കെട്ട് താരങ്ങള്‍ക്കും അവസരം; റൈസിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
റൈസിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള പടിവാതിലില്‍ യങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. റൈസിങ് ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യ എ ടീമില്‍ വൈഭവ് സൂര്യവംശി ഇടംപിടിച്ചു. 14-കാരനായ താരത്തിന്റെ കരിയറിലെ നിര്‍ണായക നേട്ടമാണിത്. സീനിയര്‍ തലത്തിലുള്ള ടീമില്‍ താരത്തിന്റെ ആദ്യ അവസരമാണിത്. നിലവില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ സീനിയര്‍ ട്വന്റി 20 ടീമിന്റെ ഭാഗമായ ജിതേഷ് ശര്‍മയാണ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ പ്രിയാന്‍ഷ് ആര്യയാണ് ടീമിലെ മറ്റൊരു ഓപ്പണര്‍. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ നയിക്കുന്ന നമാന്‍ ധിര്‍ ആണ് വൈസ് ക്യാപ്റ്റന്‍. നവംബര്‍ 14മുതല്‍ 23 വരെ ഖത്തറിലാണ് ടൂര്‍ണമെന്റ്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ടൂര്‍ണമെന്റിന്റെ നടത്തിപ്പ്.
ഇക്കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ക്രിക്കറ്റ് ലോകത്തിന്റെ നോട്ടപ്പുള്ളിയാണ് വൈഭവ്. ഇന്ത്യ അണ്ടര്‍ 19 ടീമിനായി വോര്‍സെസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ 52 പന്തില്‍ നിന്ന് സെഞ്ചുറിയടിച്ച് റെക്കോഡിട്ടു. യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയായിരുന്നു ഇത്. തുടര്‍ന്ന് ബ്രിസ്ബേനില്‍ ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരേ 86 പന്തില്‍ നിന്ന് 113 റണ്‍സ് നേടി.
2025 ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ തകര്‍ത്തുകളിച്ച വൈഭവ്, ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ബാറ്ററായേക്കും. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരു സെഞ്ചറിയും അര്‍ധ സെഞ്ചറിയുമുള്‍പ്പടെ 252 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. വൈഭവ് സൂര്യവംശിയെ കൂടാതെ കഴിഞ്ഞ ഐപിഎലില്‍ തിളങ്ങിയ നേഹല്‍ വധേര, നമന്‍ ധീര്‍, അശുതോഷ് ശര്‍മ, ഗുര്‍ജന്‍പ്രീത് സിങ്, വിജയ് കുമാര്‍ വൈശാഖ് മുംബൈ താരം സൂര്യാന്‍ഷ് ഷെഡ്‌ഗെ, എന്നിവരും റൈസിങ് ഏഷ്യാകപ്പ് ടീമിലുണ്ട്. അഭിഷേക് പോറെല്‍ ആണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. അഞ്ച് സ്റ്റാന്‍ഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്‍ എ, യുഎഇ, ഒമാന്‍ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ. നവംബര്‍ 14-ന് യുഎഇയ്‌ക്കെതിരെയും തുടര്‍ന്ന് നവംബര്‍ 16-ന് പാക്കിസ്ഥാന്‍ എയ്ക്കെതിരെയും നവംബര്‍ 18-ന് ഒമാനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍.
റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീം
പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവന്‍ഷി, നെഹല്‍ വധേര, നമന്‍ ധിര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യന്‍ഷ് ഷെഡ്ഗെ, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിംഗ്, ഹര്‍ഷ് ദുബെ, അശുതോഷ് സിംഗ് ശര്‍മ, യാഷ് താക്കൂര്‍, ഗുര്‍ജപ്നീത് സിംഗ്, വിജയകുമാര്‍ വൈശാഖ്, അഭിഷേക് പോറെല്‍ , സുയാഷ് ശര്‍മ്മ, യുദ്ധ്വീര്‍ സിംഗ് ചരക്.
സ്റ്റാന്‍ഡ് ബൈ കളിക്കാര്‍: ഗുര്‍നൂര്‍ സിംഗ് ബ്രാര്‍, കുമാര്‍ കുശാഗ്ര, തനുഷ് കൊടിയന്‍, സമീര്‍ റിസ്വി, ഷെയ്ക് റഷീദ്.




