ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളും മുഖ്യ പരിശീലകന്‍ അമോല്‍ മജുംദാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നവംബര്‍ 5ന് നടന്ന ഫൈനലിലെ വിജയത്തിന് വനിതാ ലോകകപ്പ് ചാമ്പ്യന്മാരായ ടീമിനെ പ്രധാനമന്ത്രി നേരിട്ട് അഭിനന്ദനമറിയിച്ചു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ക്കു ശേഷം ഇന്ത്യന്‍ വനിതാ ടീം നടത്തിയ ശ്രദ്ധേയമായ തിരിച്ചുവരവിനെ പ്രധാനമന്ത്രി പ്രശംസിച്ചു.

2017ല്‍ ട്രോഫിയില്ലാതെ പ്രധാനമന്ത്രിയെ കണ്ടതിനെക്കുറിച്ചും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഓര്‍മ്മിച്ചു. ഇനിയും അദ്ദേഹത്തെ കൂടുതല്‍ തവണ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു. പ്രധാനമന്ത്രി തങ്ങള്‍ക്ക് പ്രചോദനം പകര്‍ന്നുവെന്നും അദ്ദേഹം തങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പ്രചോദനമാണെന്നും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന പറഞ്ഞു. എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് കാരണം പ്രധാനമന്ത്രി മോദിയാണെന്നും സ്മൃതി മന്ദാന കൂട്ടിച്ചേര്‍ത്തു.

2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് വിജയത്തിനരികെ തോറ്റ് തിരിച്ചെത്തിയപ്പോഴും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയകാര്യം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഓര്‍ത്തെടുത്തു. അന്ന് കിരീടമില്ലാതെ ആയിരുന്നു ഞങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടത്. എന്നാലിന്ന് കിരീടവുമായാണ് പ്രധാനമന്ത്രിയെ കണ്ടത്. ഇത്തരം കൂടിക്കാഴ്ചകള്‍ ഇടക്കിടെ സംഭവിക്കട്ടെ എന്നാണ് ടീം ആഗ്രഹിക്കുന്നതെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു.

കിരീടം നേടിയ ഇന്ത്യന്‍ ടീം അംഗങ്ങളെ അഭിനന്ദിച്ചതിനൊപ്പം പ്രധാനമന്ത്രി ടീം അംഗങ്ങളെ മുഴുവന്‍ പ്രചോദിപ്പിച്ചുവെന്ന് വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന പറഞ്ഞു. ഫൈനലില്‍ ജയിച്ചശേഷം എങ്ങനെയാണ് ആ പന്ത് സ്വന്തമാക്കിയതെന്ന് പ്രധാനമന്ത്രി ഹര്‍മന്‍പ്രീതിനോട് ചോദിച്ചു. ആ ക്യാച്ച് തനിക്കു നേരെ വന്നത് ഭാഗ്യമായെന്നായിരുന്നു ഹര്‍മന്റെ മറുപടി. ക്യാച്ചെടുക്കുമ്പോള്‍ നിങ്ങള്‍ പന്താണ് കണ്ടതെങ്കില്‍ അതിനുശേഷം കണ്ടത് കിരീടമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. തന്റെ സഹോദരന്‍ പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണെന്ന് ഇന്ത്യന്‍ പേസര്‍ ക്രാന്തി ഗൗഡ് പറഞ്ഞപ്പോള്‍ സഹോദരനെ നേരില്‍ക്കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തോട് വരാന്‍ പറയൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകകപ്പ് നേടിയ ടീമിലെ ടീമംഗങ്ങള്‍ ഒപ്പിട്ട ജേഴ്‌സി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

പ്രധാനമന്ത്രിയെ കാണാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ പറഞ്ഞു. 2017-ലെ കൂടിക്കാഴ്ചയെക്കുറിച്ചും, കഠിനാധ്വാനം തുടര്‍ന്നാല്‍ സ്വപ്നം സാക്ഷാത്കരിക്കാമെന്ന് അന്ന് പ്രധാനമന്ത്രി അവരോട് പറഞ്ഞതിനെക്കുറിച്ചും ദീപ്തി ഓര്‍മ്മിച്ചു. ദീപ്തി ശര്‍മ്മ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 'ജയ് ശ്രീ റാം' എന്ന് എഴുതിയതിനെക്കുറിച്ചും കയ്യിലുള്ള ഹനുമാന്റെ ടാറ്റൂവിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അത് തനിക്ക് ശക്തി നല്‍കുന്നുവെന്ന് ദീപ്തി പ്രധാനമന്ത്രിയോട് പറഞ്ഞു.

2021-ല്‍ ഇംഗ്ലണ്ടിനെതിരെ ഹര്‍ലീന്‍ കൗര്‍ എടുത്ത പ്രശസ്തമായ ക്യാച്ചിനെക്കുറിച്ചും പ്രധാനമന്ത്രി ഓര്‍മ്മിച്ചു. അതിനെക്കുറിച്ച് അദ്ദേഹം അന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫൈനല്‍ മത്സരത്തിന് ശേഷം ഹര്‍മന്‍പ്രീത് പന്ത് പോക്കറ്റിലാക്കിയതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. പന്ത് തന്റെ അടുത്തേക്ക് വന്നത് ഭാഗ്യമാണെന്നും അത് താന്‍ സൂക്ഷിച്ചുവെച്ചെന്നും അവര്‍ പറഞ്ഞു.

നിരവധി പിഴവുകള്‍ക്ക് ശേഷം അമന്‍ജോത് കൗര്‍ എടുത്ത പ്രശസ്തമായ ക്യാച്ചിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ക്യാച്ച് എടുക്കുമ്പോള്‍ നിങ്ങള്‍ പന്ത് കാണുന്നുണ്ടാകും, എന്നാല്‍ ക്യാച്ചിന് ശേഷം നിങ്ങള്‍ കാണുന്നത് ട്രോഫിയായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ സഹോദരന്‍ പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണെന്ന് ക്രാന്തി ഗൗഡ് പറഞ്ഞപ്പോള്‍ ഉടന്‍തന്നെ പ്രധാനമന്ത്രി ക്ഷണം അറിയിക്കുകയും ചെയ്തു.

ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പുരുഷ ടീം ടി20 ലോകകപ്പ് നേടിയപ്പോള്‍ മുംബൈയില്‍ ഓപ്പണ്‍ ബസില്‍ വിക്ടറി മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിയുടെ വിക്ടറി മാര്‍ച്ചിനിടെ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് നേടിയ വനിതാ ടീമുമായി വിക്ടറി മാര്‍ച്ച് നടത്തുന്ന കാര്യത്തില്‍ ബിസിസിഐ നിലപാടെടുത്തിട്ടില്ല.