ന്യൂഡല്‍ഹി: ലോകകപ്പിനിടെ പരിക്കേറ്റ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗം പ്രതിക റാവലിന് ഭക്ഷണം എടുത്തു നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങള്‍ വൈറല്‍. ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ബുധനാഴ്ച പ്രധാനമന്ത്രിയുടെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ സ്വീകരണമൊരുക്കിയിരുന്നു. ഇതിന്റെ ഭാഗമായ വിരുന്നിനിടെയാണ് പരിക്കേറ്റ് വീല്‍ചെയറിലിരുന്ന പ്രതികയ്ക്ക് അവരുടെ പേര് വിളിച്ച് മോദി ലഘുഭക്ഷണം എടുത്ത് നല്‍കിയത്.

വിരുന്നിനിടെ ഭക്ഷണം എടുക്കാന്‍ പ്രതിക ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി ഉടന്‍ തന്നെ താരത്തിനടുത്തെത്തി ഭക്ഷണം എടുത്തു നല്‍കുകയായിരുന്നു. താങ്കള്‍ക്ക് എന്താണ് ഇഷ്ടം എന്ന് ചോദിച്ച ശേഷമാണ് മോദി, പ്രതികയ്ക്ക് ഭക്ഷണം എടുത്തുകൊടുത്തത്. അവര്‍ക്ക് വിഭവം ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് പ്രധാനമന്ത്രി വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

ലോകകപ്പ് പോരാട്ടത്തിനിടെ പരുക്കേറ്റ് ടീമിനു പുറത്തായ പ്രതികയെയും ബിസിസിഐ പ്രധാനമന്ത്രിയുടെ വിരുന്നിലേക്കുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കാലില്‍ ബാന്‍ഡേജ് ചുറ്റി വീല്‍ ചെയറില്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ പ്രതികയ്ക്ക് പ്രത്യേക പരിഗണനയാണു ലഭിച്ചത്.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അമന്‍ജ്യോത് കൗര്‍ നല്‍കിയ മെഡല്‍ ധരിച്ചാണ് പ്രതിക ഇന്ത്യന്‍ സംഘത്തിനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തത്.ലോകകപ്പ് ടീമില്‍നിന്നു പുറത്തായതിനാല്‍ പ്രതികയ്ക്ക് വിജയികള്‍ക്കുള്ള മെഡല്‍ ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ താരങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനിടെ പ്രതികയ്ക്ക് പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എടുത്തു നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഫീല്‍ഡിങ്ങിനിടെയാണ് പ്രതികയ്ക്ക് പരിക്കേറ്റത്. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ വലതു കണങ്കാലിന് പരിക്കേറ്റു. വേദനകൊണ്ട് പുളഞ്ഞ അവര്‍ ഗ്രൗണ്ടില്‍ കിടന്ന് കരഞ്ഞു. ഇന്ത്യന്‍ ആരാധകര്‍ക്ക് അത് നിരാശയുടെ ദിവസമായിരുന്നു. സ്മൃതി മന്ദാനയും പ്രതികയുമായിരുന്നു ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍മാര്‍. ഏഴ് മത്സരങ്ങളില്‍ നിന്ന് 51.33 ശരാശരിയില്‍ പ്രതിക 308 റണ്‍സ് നേടി മികച്ച ഫോമിലായിരുന്നു. ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിനു മുന്‍പാണ് കാലില്‍ പരുക്കേറ്റ പ്രതികയ്ക്കു പകരം ഷെഫാലി വര്‍മയെ ബിസിസിഐ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നത്.