നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ജയിച്ചതിന് പിന്നാലെ ഗ്രൗണ്ടില്‍ വികാര നിര്‍ഭരമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഇതില്‍ ഇന്ത്യന്‍ താരം പ്രതിക റാവലിനെ വീല്‍ചെയറില്‍ ആഘോഷ പരിപാടികളില്‍ പങ്കെടുപ്പിച്ചതും ഉണ്ടായിരുന്നു. പ്രാഥമിക റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തില്‍ കാല്‍ക്കുഴക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് പ്രതികയ്ക്ക് സെമിയിലും ഫൈനലിലും കളിക്കാനായിരുന്നില്ല. പ്രതികയ്ക്ക് പകരം ഷഫാലി വര്‍മയെ ഇന്ത്യ ഓപ്പണറാക്കി. ഷഫാലിയായിരുന്നു ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായതും നിര്‍ണായക രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതും.

ഇന്ത്യ കന്നി ലോകകപ്പ് കിരീടനേട്ടം ആഘോഷമാക്കിയപ്പോള്‍ ആരും പ്രതികയെ മറന്നില്ല. ടീമിനൊപ്പം ചിത്രമെടുക്കാനായി പ്രതിക ഗ്രൗണ്ടിലെത്തി. വീല്‍ ചെയറില്‍ എത്തിയ താരത്തെ മുന്നില്‍ നിര്‍ത്തിയാണ് ഇന്ത്യ താരങ്ങളുടെ ഫോട്ടോ ഷൂട്ട് നടന്നത്. എന്നാല്‍ പ്രതികയ്ക്ക് വിജയ മെഡല്‍ നല്‍കിയിരുന്നില്ല. പിന്നീട് സ്മൃതി മന്ദാന തന്റെ മെഡല്‍ സ്മൃതിയെ അണിയിക്കുന്നത് കാണാമായിരുന്നു. പ്രതിക ആദ്യ വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് സ്മൃതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി കഴുത്തില്‍ അണിയുന്നുണ്ട്. മോദിയെ കാണാന്‍ ലോകകപ്പ് ജേതാക്കള്‍ എത്തിയപ്പോഴാകട്ടെ അമന്‍ജോതിന്റ മെഡലായിരുന്നു പ്രതിക അണിഞ്ഞത്. എന്നാല്‍ മെഡല്‍ ലഭിച്ചില്ലെന്ന വിഷമം ഇനി പ്രതികയ്ക്ക് മറക്കാം.

പരിക്കേറ്റ് പുറത്തായെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ പ്രതിക റാവലിന് വനിതാ ലോകകപ്പ് ജേതാക്കള്‍ക്കുള്ള മെഡല്‍ ലഭിക്കും. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രതികയ്ക്കും മെഡല്‍ ലഭ്യമാകുന്നത്. ഇക്കാര്യം താരം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഫീല്‍ഡിങ്ങിനിടെയാണ് പ്രതികയ്ക്ക് പരിക്കേറ്റത്.

അതോടെ ലോകകപ്പ് സെമിക്ക് മുന്‍പ് തന്നെ പ്രതിക ടീമില്‍ നിന്ന് പുറത്തായിരുന്നു. പകരം ഷഫാലി വര്‍മ ടീമിലിടം നേടുകയും ചെയ്തു. 15 അംഗ സ്‌ക്വാഡിലുള്ളവര്‍ക്കുമാത്രമേ മെഡല്‍ ലഭിക്കുകയുള്ളൂ എന്നാണ് ഐസിസി ചട്ടം. ഇതാണ് പ്രതികയ്ക്ക് തിരിച്ചടിയായത്. ഷഫാലിയുള്‍പ്പെടെയുള്ളവര്‍ക്ക് ജേതാക്കളുടെ മെഡല്‍ ലഭിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ചെങ്കിലും ടീമില്‍ നിന്ന് പുറത്തായതിനാല്‍ പ്രതികയ്ക്ക് മെഡല്‍ കിട്ടിയിരുന്നില്ല. അതോടെയാണ് ജയ് ഷാ ഇടപെട്ടത്.

ജയ് ഷാ തന്റെ മാനേജര്‍ക്ക് സന്ദേശം അയച്ചതായും മെഡല്‍ ലഭ്യമാകുന്നതിനായുള്ള ക്രമീകരണങ്ങള്‍ നടത്തിയന്നെും പ്രതിക സിഎന്‍എന്നിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍പ് തന്നെ ജയ് ഷാ ഉറപ്പുനല്‍കിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈകാതെ താരത്തിന് മെഡല്‍ ലഭിക്കും. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യന്‍ വനിതകള്‍ ആദ്യ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ വീല്‍ചെയറിലിരുന്നാണ് പ്രതിക ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.

ഏഴ് മത്സരങ്ങളില്‍ നിന്ന് 51.33 ശരാശരിയിലും 77.77 സ്ട്രൈക്ക് റേറ്റിലും പ്രതിക 308 റണ്‍സ് നേടി. ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ രണ്ടാമതെത്താനും പ്രതികയ്ക്കായി. ന്യൂസിലന്‍ഡിനെതിരെ 122 റണ്‍സ് നേടി തിളങ്ങി. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം ഇന്ത്യയെ കരകയറ്റിയ ഇന്നിങ്‌സ് കൂടിയായിരുന്നു അത്.