- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി രോഹന്‍ കുന്നുമ്മല്‍; നിരാശപ്പെടുത്തി സച്ചിന്‍ ബേബി; സൗരാഷ്ട്രയ്ക്ക് എതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം; ഒന്നാം ദിനം രണ്ട് വിക്കറ്റിന് 82 റണ്‍സ് എന്ന നിലയില്‍
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം പൊരുതുന്നു. ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയിലാണ്. 58 പന്തില്‍ 59 റണ്‍സുമായി രോഹന്‍ കുന്നുമ്മലും രണ്ട് റണ്‍സോടെ അഹമ്മദ് ഇമ്രാനും ക്രീസില്‍. 18 റണ്‍സെടുത്ത എ കെ ആകര്‍ഷിന്റെയും ഒരു റണ്ണെടുത്ത സച്ചിന്‍ ബേബിയുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. നേരത്തെ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് 160 റണ്‍സില്‍ അവസാനിച്ചിരുന്നു.
രോഹന്‍ കുന്നുമ്മലിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ആകര്‍ഷ് പുറത്തായത്. മുന്‍ നായകന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റ് പിന്നാലെ കേരളത്തിന് നഷ്ടമായി. എട്ട് വിക്കറ്റ് കൈയിലിരിക്കെ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ കേരളത്തിന് ഇനി 78 റണ്‍സ് കൂടി വേണം. ആദ്യ മൂന്ന് കളികളില്‍ രണ്ട് സമനിലയും ഒരു ഇന്നിംഗ്‌സ് തോല്‍വിയും വഴങ്ങിയ കേരളത്തിന് സൗരാഷ്ട്രക്കെതിരെ മികച്ച വിജയം അനിവാര്യമാണ്.
ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്രയെ തുടക്കം മുതല്‍ ബാക്ക് ഫൂട്ടിലാക്കിയായിരുന്നു കേരളം തുടങ്ങിയത്.ആറ് വിക്കറ്റെടുത്ത എം ഡി നീധീഷിന്റെയും മൂന്ന് വിക്കറ്റെടുത്ത ബാബാ അപരാജിതിന്റെയും ബൗളിംഗ മികവിലാണ് സൗരാഷ്ട്രയെ കേരളം 160 റണ്‍സിന് പുറത്താക്കിയത്. 84 റണ്‍സെടുത്ത ജേ ഗോഹിലാണ് സൗരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. തുടക്കത്തിലെ 7/3 എന്ന സ്‌കോറില്‍ തകര്‍ന്ന സൗിരാഷ്ട്രയെ ഗോഹിലും 23 റണ്‍സെടുത്ത ഗജ്ജര്‍ സമ്മറും ചേര്‍ന്നായിരുന്നു 100 കടത്തിയത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സൗരാഷ്ട്രക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. റണ്ണെടുക്കും മുമ്പെ ഹര്‍വിക് ദേശായിയെ നിധീഷ് രോഹന്‍ കുന്നുമ്മല്ലിന്റെ കൈകളിലേക്ക് പറഞ്ഞയച്ചു. ചിരാഗ് ജാനിയും ജേ ഗോഹിലും ചേര്‍ന്ന് പിന്നീട് അഞ്ചോവര്‍ പിടിച്ചു നിന്നെങ്കിലും ആറാം ഓവറില്‍ ചിരാഗ് ജാനിയെ ആകര്‍ഷിന്റെ കൈകളിലത്തിച്ച് നിധീഷ് രണ്ടാം പ്രഹരമേല്‍പ്പിച്ചു. പിന്നാലെ എ വി വാസവദയെ(0) ഗോള്‍ഡന്‍ ഡക്കാക്കിയ നിധീഷ് ഹാട്രിക്കിന് അടുത്തെത്തി.
7-3 എന്ന സ്‌കോറില്‍ പതറിയ സൗരാഷ്ട്രയെ ജേ ഗോഹില്‍ ഒറ്റക്ക് കരകയറ്റി. മറുവശത്ത് 47 പന്ത് നേരിട്ട് 13 റണ്‍സെടുത്ത പ്രേരക് മങ്കാദ് പിടിച്ചു നിന്നതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ സൗരാഷ്ട്ര 50 കടന്നു. എന്നാല്‍ സ്‌കോര്‍ 76ല്‍ നില്‍ക്കെ പ്രേരക് മങ്കാദിനെ(13) മടക്കിയ നിധീഷ് തന്നെ കൂട്ടുകെട്ട് പൊളിച്ചു. 69 റണ്‍സാണ് പ്രേരങ്ക് മങ്കാദും ഗോഹിലും ചേര്‍ന്ന് നാവാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്. പിന്നാലെ ക്രീസിലെത്തിയ അന്‍ഷ് ഗോസായിയെ(1) ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ച നിധീഷ് അഞ്ച് വിക്കറ്റ് തികച്ചതോടെ സൗരാഷ്ട്ര കൂട്ടത്തകര്‍ച്ചയിലായി. ഗജ്ജാര്‍ സമ്മറിനെ(23)കൂട്ടുപിടിച്ച് ജേ ഗോഹില്‍ സൗരാഷ്ട്രയെ 100 കടത്തിയെങ്കിലും ജേ ഗോഹിലിനെ(84) പുറത്താക്കി ഏദന്‍ ആപ്പിള്‍ ടോം കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ ഗജ്ജര്‍ സമ്മറിനെ(23) ബാബാ അപരാജിത് മടക്കി. ധര്‍മേന്ദ്രസിംഗ് ജഡേജയെ കൂടി വീഴ്ത്തിയ ബാബാ അപരാജിത് സൗരാഷ്ട്രയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. 16 റണ്‍സെടത്ത ഉനദ്ഘട്ടിനെ വീഴ്ത്തി നിധീഷ് ആറ് വിക്കറ്റ് തികച്ചപ്പോള്‍ ഹിറ്റെന്‍ കന്‍ബിയെ പുറത്താക്കി ബാബാ അപരാജിത് സൗരാഷ്ട്ര ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. കേരളത്തിനായി എം ഡി നിധീഷ് 13 ഓവറില്‍ 20 റണ്‍സിന് ആറ് വിക്കറ്റെടുത്തപ്പോള്‍ ബാബാ അപരാജിത് മൂന്നും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റുമെടുത്തു.




