തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രക്കെതിരെ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ 233 റണ്‍സിന് പുറത്ത്. കൂറ്റന്‍ ലീഡ് പ്രതീക്ഷിച്ച കേരളത്തിന് 73 റണ്‍സിന്റെ ലീഡെ നേടാനായുള്ളു. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 160 റണ്‍സിന് മറുപടിയായി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളം 233 റണ്‍സിന് ഓള്‍ ഔട്ടായി. 80 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിന് പുറമെ 69 റണ്‍സെടുത്ത ബാബാ അപരാജിതും 38 റണ്‍സെടുത്ത അങ്കിത് ശര്‍മയും മാത്രമാണ് കേരളത്തിനായി ഒന്നാം ഇന്നിംഗ്‌സില്‍ പൊരുതിയത്. നാലു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജയദേവ് ഉനദ്ഘട്ടും രണ്ട് വിക്കറ്റെടുത്ത ഹിറ്റെന്‍ കന്‍ബിയുമാണ് സൗരാഷ്ട്രക്കായി ബൗളിംഗില്‍ തിളങ്ങിയത്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിനെ രോഹന്‍ കുന്നുമ്മലും അഹമ്മദ് ഇമ്രാനും ചേര്‍ന്ന് നൂറുകടത്തി. എന്നാല്‍ കേരളം 21 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ ഇമ്രാന്‍ പുറത്തായി. 10 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നാലാം വിക്കറ്റില്‍ ബാബ അപരാജിതുമായി ചേര്‍ന്നാണ് രോഹന്‍ കുന്നുമ്മല്‍ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. പിന്നാലെ 80 റണ്‍സെടുത്ത് രോഹനും ഡക്കായി ക്യാപ്റ്റന്‍ അസറുദ്ദീനും കൂടാരം കയറി. അതോടെ കേരളം 136-5 എന്ന നിലയിലായി.

പിന്നീട് ബാബ അപരാജിതും അങ്കിത് ശര്‍മയും ചേര്‍ന്നാണ് കേരളത്തെ കരകയറ്റിയത്. ഇരുവരും സൗരാഷ്ട്ര ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ടു. ആറാം വിക്കറ്റില്‍ ചെറുത്തുനിന്നതോടെ കേരളം ഒന്നാമിന്നിങ്‌സ് ലീഡും സ്വന്തമാക്കി. ബാബ അപരാജിതും അങ്കിത് ശര്‍മയും ചേര്‍ന്ന് സ്‌കോര്‍ ഇരുന്നൂറ് കടത്തുകയും ചെയ്തു. എന്നാല്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ കേരളം പ്രതിരോധത്തിലായി. ബാബ അപരാജിത് 69 റണ്‍സും അങ്കിത് ശര്‍മ 38 റണ്‍സുമെടുത്ത് പുറത്തായി. വരുണ്‍ നായനാര്‍, ബേസില്‍ എന്നിവര്‍ ഡക്കരായി മടങ്ങിയപ്പോള്‍ ഏദന്‍ ആപ്പിള്‍ ടോം നാലുറണ്‍സെടുത്ത് പുറത്തായി. ഒടുക്കം 233 റണ്‍സിന് കേരളത്തിന്റെ ഇന്നിങ്‌സ് അവസാനിച്ചു. സൗരാഷ്ട്രയ്ക്കായി ജയദേവ് ഉനദ്കട്ട് നാലുവിക്കറ്റെടുത്തു.

രോഹന്‍ കുന്നുമ്മലും എ.കെ. ആകര്‍ഷും ചേര്‍ന്നാണ് കേരളത്തിന്റെ ഇന്നിങ്‌സ് ആരംഭിച്ചത്. ഇരുവരും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 61 റണ്‍സ് പിറന്നു. രോഹന്‍ കുന്നുമ്മല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ അതിവേഗത്തിലാണ് കേരളത്തിന്റെ ഇന്നിങ്‌സ് മുന്നോട്ടു നീങ്ങിയത്. ആദ്യദിനം ആകര്‍ഷ് (18) സച്ചിന്‍ ബേബി(1) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. ഹിതെന്‍ കാംബിയാണ് ഇരു വിക്കറ്റുകളും നേടിയത്. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ സൗരാഷ്ട്രയെ 160 റണ്‍സിന് കേരളം ഓള്‍ഔട്ടാക്കിയിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ നിധീഷാണ് സൗരാഷ്ട്രയെ തകര്‍ത്തത്. ബാബ അപരാജിത് മൂന്നും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.