മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ശര്‍മ വീണ്ടും പരിശീലനം തുടങ്ങി. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും അര്‍ദ്ധസെഞ്ച്വറിയും നേടി മൂന്ന് മത്സരങ്ങളില്‍ നിന്ന് 202 റണ്‍സ് നേടിയ രോഹിതാണ് പ്ലെയര്‍ ഓഫ് ദി സീരീസായത്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി കഠിനമായി തയ്യാറെടുക്കുകയാണ് താരം.

മുംബൈ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സ് മൈതാനത്ത് പരിശീലിക്കാനെത്തിയ രോഹിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രോഹിത്തിന്റെ ഫിറ്റ്‌നസാണ് അതിലെ പ്രത്യേകത. അദ്ദേഹം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ വളരെ മെലിഞ്ഞതായിട്ടാണ് കാണുന്നത്. അഞ്ച് കിലോ ഭാരം രോഹിത് കുറച്ചുവെന്നാണ് ആരാധകരില്‍ ചിലരുടെയൊക്കെ പ്രതികരണം. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് തന്നെ 11 കിലോയാണ് താരം കുറച്ചിരുന്നത്. ഭക്ഷണനിയന്ത്രണവും ജിമ്മില്‍ വ്യായാമവും നടത്തിയാണ് രോഹിത് ഫിറ്റ്‌നസ് നിലനിര്‍ത്തിയത്.

2027 ലെ ലോകകപ്പില്‍ കളിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കാണ് ആദ്യം കളിക്കുക. തുടര്‍ന്ന് നവംബര്‍ 30ന് വിരാട് കൊഹ്ലിയും രോഹിത്തും പങ്കെടുക്കുന്ന ഏകദിന പരമ്പര ആരംഭിക്കും. 2024-ല്‍ ട്വന്റി-20 ലോകകപ്പ് നേടിയ ശേഷം വിരമിച്ച രോഹിത് ശര്‍മ നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്. ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്‍പ് രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു നീക്കിയ ബിസിസിഐ, ശുഭ്മന്‍ ഗില്ലിനെ പുതിയ നായകനായി നിയമിച്ചിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായെങ്കിലും തകര്‍പ്പന്‍ ഫോമിലാണ് രോഹിത് ഏകദിന ഫോര്‍മാറ്റില്‍ കളിക്കുന്നത്.