തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ സൗരാഷ്ട്ര മികച്ച ലീഡിലേക്ക്. 73 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ സൗരാഷ്ട്ര മൂന്നാം ദിനം രണ്ടാ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. ഒരു ദിനവും അഞ്ച് വിക്കറ്റും ബാക്കിയിരിക്കെ സൗരാഷ്ട്രക്കിപ്പോള്‍ 278 റണ്‍സിന്റെ ലീഡുണ്ട്. 52 റണ്‍സോടെ പ്രേരക് മങ്കാദും ഒരു റണ്ണുമായി അന്‍ഷ് ഗോസായിയും ക്രീസില്‍. 152 റണ്‍സെടുത്ത ചിരാഗ് ജാനിയാണ് സൗരാഷ്ട്രക്കായി രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി തിളങ്ങിയത്. വാസവദ 74 റണ്‍സെടുത്തപ്പോള്‍ ഗജ്ജര്‍ സമ്മര്‍ 31 റണ്‍സെടുത്തു. കേരളത്തിനായി എം ഡി നിധീഷും എന്‍ പി ബേസിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മൂന്നാം ദിനം വെളിച്ചത്തുറവ് മൂലം നേരത്തെ കളി നിര്‍ത്തുകയായിരുന്നു. നാളെ അവസാന ദിനം സൗരാഷ്ട്ര നാടകീയമായി തകര്‍ന്നടിഞ്ഞാല്‍ മാത്രമെ മത്സരത്തില്‍ കേരളത്തിന് വിജയപ്രതീക്ഷയുള്ളു. അഞ്ചാം വിക്കറ്റില്‍ പ്രേക് മങ്കാദിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ചിരാഗ് ജാനിയെ എന്‍ പി ബേസില്‍ പുറത്താക്കിയതാണ് കേരളത്തിന് മൂന്നാം ദിനം ആശ്വാസമായത്. 204 പന്തില്‍ 14 ഫോറും നാലു സിക്‌സും പറത്തിയാണ് ജാനി 152 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ അര്‍പിത് വാസവദക്കൊപ്പം 174 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ചിരാഗ് ജാനി സൗരാഷ്ട്രയെ സുരക്ഷിതരാക്കിയത്.

മംഗലപുരം, കെസിഎ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 160 റണ്‍സിന് മറുപടിയായി കേരളം 233 റണ്‍സെടുത്ത് പുറത്തായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലാണ് സൗരാഷ്ട്ര ഇന്ന് ബാറ്റിംഗിനെത്തിയത്. ജയ് ഗോഹിലിന്റെ (24) വിക്കറ്റാണ് ഇന്ന് സൗരാഷ്ട്രയ്ക്ക് ആദ്യം നഷ്ടമായത്. നിധീഷ് എം ഡിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ഗജ്ജാര്‍ സാമ്മറും (31) മടങ്ങി. ബേസില്‍ എന്‍ പിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് അര്‍പിത് വാസവദ (74) ജനി സഖ്യം 174 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ കളി കേരളത്തിന്റെ കൈയില്‍ നിന്ന് തട്ടിയെടുത്തു. വാസവദയെ പുറത്താക്കി ബാബ അപരാജിത് കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും പ്രേരക മങ്കാദിനൊപ്പവും ജാനി സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി.