തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം-സൗരാഷ്ട്ര മത്സരം സമനിലയില്‍. ആദ്യ ഇന്നിങ്സില്‍ തകര്‍ന്ന സൗരാഷ്ട്രയെ രണ്ടാം ഇന്നിങ്സില്‍ പിടിച്ചുകെട്ടാനാവാതെ വന്നതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ എട്ടുവിക്കറ്റിന് 402 റണ്‍സെന്ന നിലയില്‍ സൗരാഷ്ട്ര ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ 330 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എടുത്തുനില്‍ക്കേ സമനിലയ്ക്ക് കൈക്കൊടുത്തു. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ മികവില്‍ കേരളത്തിനു മൂന്നു പോയിന്റ് ലഭിച്ചു. സൗരാഷ്ട്ര ഒരു പോയിന്റും നേടി. ഈ സീസണില്‍ ആദ്യമായാണ് കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചത്.

രണ്ടാം ഇന്നിങ്സില്‍ പുറത്താവാതെ 66 റണ്‍സ് നേടിയ വരുണ്‍ നായനാരും 42* റണ്‍സ് നേടിയ അഹമ്മദ് ഇമ്രാനും ആണ് കേരള നിരയിലെ ടോപ് സ്‌കോറര്‍മാര്‍. രോഹന്‍ കുന്നുമ്മല്‍ (5), സച്ചിന്‍ ബേബി (16), അഭിഷേക് പി. നായര്‍ (19) എന്നിവരാണ് പുറത്തായ കേരള ബാറ്റര്‍മാര്‍. ഓപ്പണര്‍ എ.കെ. ആകര്‍ഷ് (5) റിട്ടയേഡ് ഹര്‍ട്ടായും മടങ്ങി. രണ്ട് ഇന്നിങ്സുകളിലായി പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയ കേരള താരം എം.ഡി. നിധീഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

നേരത്തേ ആദ്യ ഇന്നിങ്സില്‍ സൗരാഷ്ട്രയെ 160-ന് പൂട്ടിക്കെട്ടാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. ആറുവിക്കറ്റുമായി നിധീഷ് കളം നിറഞ്ഞതാണ് കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ബാബ അപരാജിത് മൂന്ന് വിക്കറ്റുകളും നേടി. ഒരറ്റത്ത് തുടരത്തുടരേ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും 84 റണ്‍സെടുത്ത ജയ് ഗോഹ്ലി സൗരാഷ്ട്ര ബാറ്റര്‍മാരില്‍ വേറിട്ടുനിന്നു.

തുടര്‍ന്നിറങ്ങിയ കേരളം 233 റണ്‍സിന് പുറത്തായി. രോഹന്‍ കുന്നുമ്മലും (80 റണ്‍സ്) ബാബ അപരാജിത്തും (69) ആണ് ടോപ് സ്‌കോറര്‍മാര്‍. അപരാജിത് മൂന്ന് വിക്കറ്റും അര്‍ധ സെഞ്ചുറിയും നേടി ആദ്യ ഇന്നിങ്സില്‍ മികച്ച പ്രകടനം നടത്തി. എന്നാല്‍, ആദ്യ ഇന്നിങ്സില്‍നിന്ന് വ്യത്യസ്തമായ സൗരാഷ്ട്രയെയാണ് രണ്ടാം ഇന്നിങ്സില്‍ കാണാനായത്. ചിരാഗ് ജനിയുടെ (152) സെഞ്ചുറിയും അര്‍പ്പിത് വാസവദയുടെയും (74) പ്രേരക് മങ്കാദിന്റെയും (62) അര്‍ധ സെഞ്ചുറികളും സൗരാഷ്ട്രയെ കരുത്തുറ്റ നിലയിലെത്തിച്ചു. 402-ന് എട്ട് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത സൗരാഷ്ട്ര, അവസാന ദിവസം കേരളത്തെ ബാറ്റിങ്ങിനയച്ചു. എന്നാല്‍, 63 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തുനില്‍ക്കേ, മത്സരം സമനിലയില്‍ പിരിഞ്ഞു.

അവസാന ദിനം, 5ന് 351 റണ്‍സെന്ന നിലയിലാണ് സൗരാഷ്ട്ര ബാറ്റിങ് പുനരാരംഭിച്ചത്. ഡിക്ലറേഷന്‍ മുന്നില്‍ക്കണ്ട് അതിവേഗം സ്‌കോര്‍ ചെയ്ത സൗരാഷ്ട്ര ബാറ്റര്‍മാര്‍ എട്ട് ഓവറില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ എട്ട് വിക്കറ്റിന് 402 റണ്‍സെന്ന നിലയില്‍ സൗരാഷ്ട്ര ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ചിരാഗ് ജാനിയുടെ(152) ഉജ്വല സെഞ്ചറിയും അര്‍പ്പിത് വസവത(74), പ്രേരക് മങ്കാദ്(22) എന്നിവരുടെ അര്‍ധ സെഞ്ചറിയുമാണ് ആദ്യ ഇന്നിങ്‌സില്‍ 160 റണ്‍സിന് തകര്‍ന്ന സൗരാഷ്ട്രയുടെ രണ്ടാം ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസില്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

330 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ രോഹന്‍ കുന്നുമ്മലിന്റെ (5) വിക്കറ്റ് നഷ്ടമായി. ധര്‍മേന്ദ്ര സിങ് ജഡേജയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് രോഹന്‍ പുറത്തായത്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും 16 റണ്‍സെടുത്ത് പുറത്തായി. ഇതിനിടയില്‍ ഓപ്പണര്‍ എ.കെ.ആകര്‍ഷ് (5) പരുക്കേറ്റ് റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി.

തുടര്‍ന്നെത്തിയ വരുണ്‍ നായനാരും അഭിഷേക് പി.നായരും മികച്ച പ്രതിരോധവുമായി ഉറച്ചു നിന്നു. ഇടയ്ക്ക് മഴയെ തുടര്‍ന്ന് കളി തടസ്സപ്പെട്ടു. കളി പുനരാരംഭിച്ചപ്പോഴും മികച്ച ബാറ്റിങ് തുടര്‍ന്ന ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19 റണ്‍സെടുത്ത അഭിഷേകിനെ ജഡേജയാണ് പുറത്താക്കിയത്. അഭിഷേകിന് പകരമെത്തിയ അഹ്‌മദ് ഇമ്രാന്‍ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഒടുവില്‍ കേരളം മൂന്ന് വിക്കറ്റിന് 154 റണ്‍സെടുത്ത് നില്‍ക്കെ കളി സമനിലയില്‍ പിരിയുകയായിരുന്നു. വരുണ്‍ നായനാര്‍ (66*), അഹ്‌മദ് ഇമ്രാന്‍ (42*) എന്നിവര്‍ പുറത്താകാതെ നിന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി ധര്‍മേന്ദ്ര സിങ് ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി.