- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ധ്രുവ് ജുറെലും ഋഷഭ് പന്തും കളിക്കും; സ്ഥാനം നഷ്ടമാകുക സായ് സുദര്‍ശന്; ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ച് നിര്‍ണായക സൂചന നല്‍കി പരിശീലകന്
കൊല്‍ക്കത്ത: വെള്ളിയാഴ്ച തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച നിര്‍ണായക സൂചന നല്‍കി സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്ന് പറഞ്ഞ ഡോഷെറ്റെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ധ്രുവ് ജുറെലും പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്ന് വ്യക്തമാക്കി. ഇതോടെ മൂന്നാം നമ്പറില്‍ ഇറങ്ങുന്ന സായ് സുദര്‍ശന് ടീമില്‍ സ്ഥാനം നഷ്ടപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ധ്രുവ് ജുറലിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തിരുത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ 11 പേരെ മാത്രമെ കളിപ്പിക്കാനാവു എന്നതിനാല്‍ ചിലര്‍ പുറത്തിരിക്കേണ്ടിവരുമെന്നുമാണ് ഡോഷെറ്റെ പറഞ്ഞത്. പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ഡോഷെറ്റെ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി ധ്രുവ് ജുറെല്‍ പുറത്തെടുക്കുന്ന പ്രകടനങ്ങളും പ്രത്യേകിച്ച് ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ കാഴ്ചവെച്ച പ്രകടനവും കണക്കിലെടുത്താല്‍ ജുറെല്‍ എന്തായാലും പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നും ഡോഷെറ്റെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്‍ ഓള്‍ റൗണ്ടര്‍മാര്‍ കളിച്ചാല്‍ കുല്‍ദീപ് യാദവ് പുറത്തിരിക്കേണ്ടിവരുമോ എന്ന ചോദ്യത്തിന് ഏതൊക്കെ സ്പിന്നര്‍മാരാകും പ്ലേയിംഗ് ഇലവനിലെത്തുക എന്ന കാര്യത്തില്‍ ഉറപ്പു പറയാന്‍ ഡോഷെറ്റെ തയാറായില്ല.
ധ്രുവ് ജുറെലിന്റെയും ഋഷഭ് പന്തിന്റെയും പ്ലേയിംഗ് ഇലവനിലെ സ്ഥാനങ്ങളെക്കുറിച്ച് സംശയമൊന്നുമില്ലെന്നും ഡോഷെറ്റെ പറഞ്ഞു. ധ്രുവ് ജുറെല്‍ പ്ലേയിംഗ് ഇലവനിലെത്തിയാല്‍ മൂന്നാം നമ്പറില്‍ കളിക്കാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. അങ്ങനെ വന്നാല്‍ സായ് സുദര്‍ശനാകും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക എന്നാണ് കരുതുന്നത്. വെള്ളിയാഴ്ച കൊല്‍ക്കത്തയിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കൊല്‍ക്കത്തയില്‍ തുടങ്ങുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റ് 22 മുതല്‍ ഗുവാഹത്തിയില്‍ നടക്കും.




