മുംബൈ: ഐ.പി.എല്‍ 2026 സീസണു മുന്നോടിയായി ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് സൂചന. ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സാണ് (എല്‍.എസ്.ജി) താരത്തിനായി താല്‍പര്യം അറിയിച്ചത്. പകരം ശാര്‍ദൂല്‍ ഠാക്കൂറിനെ മുംബൈക്ക് കൈമാറാമെന്നാണ് ധാരണ. രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ കൂടുമാറ്റം ചര്‍ച്ചയാകുന്നതിനിടെയാണ് മറ്റൊരു താരകൈമാറ്റത്തിന്റെ വാര്‍ത്തകള്‍ വരുന്നത്.

അര്‍ജുന്റേത് സ്വാപ് ഡീല്‍ അല്ല, പകരം ഒരു വില നിശ്ചയിക്കുകയും ആ തുക കൈമാറി താരങ്ങളെ സ്വന്തമാക്കാനുമാണ് ധാരണ. 2023ല്‍ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ച അര്‍ജുന്‍, മുംബൈ ഇന്ത്യന്‍സിനായി ഇതുവരെ അഞ്ചു മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. മൂന്നു വിക്കറ്റുകളാണ് സമ്പാദ്യം. 2025 ഐ.പി.എല്‍ മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായ 30 ലക്ഷം രൂപ നല്‍കിയാണ് മുംബൈ അര്‍ജുനെ വീണ്ടും ടീമിലെത്തിച്ചത്.

അതേസമയം, ശാര്‍ദൂല്‍ ഠാക്കൂറിനെ മെഗാ ലേലത്തില്‍ ആരും വിളിച്ചെടുത്തിരുന്നില്ല. പേസര്‍ മുഹ്‌സിന്‍ ഖാന് പരിക്കേറ്റ് പുറത്തായതോടെയാണ് പകരക്കാരനായി ശാര്‍ദൂല്‍ ലഖ്‌നോവിലെത്തുന്നത്. ലേലത്തില്‍ ആരും വിളിച്ചെടുക്കാത്തതിന്റെ നിരാശ താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഓള്‍ റൗണ്ടറായ ഠാക്കൂര്‍ കഴിഞ്ഞ സീസണില്‍ പത്തു മത്സരങ്ങളാണ് കളിച്ചത്. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ബൗളിങ്ങില്‍ തിളങ്ങി, 13 വിക്കറ്റെടുത്തു.

അതേസമയം, ജഡേജക്കൊപ്പം സാം കറനെ കൂടി നല്‍കണമെന്ന ആവശ്യമാണ് രാജസ്ഥാന്‍-ചെന്നൈ താരകൈമാറ്റത്തില്‍ പ്രതിസന്ധിയായത്. വിദേശ താരങ്ങളുടെ ക്വാട്ടയില്‍ പരമാവധി എട്ട് താരങ്ങളെ മാത്രമേ ഒരു ഫ്രാഞ്ചൈസിക്ക് ഉള്‍പ്പെടുത്താനാകൂ. ജോഫ്ര ആര്‍ച്ചര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, ക്വേന മഫാകെ, നാന്ദ്രേ ബര്‍ഗര്‍, ലുവാന്‍ദ്രെ പ്രിട്ടോറിയസ് എന്നിവരുള്ള റോയല്‍സിന്റെ വിദേശ ക്വാട്ടയില്‍ നിലവില്‍ ഒഴിവില്ല.

സ്ഥലമില്ല എന്നതു കൂടാതെ, കറനെ ടീമിലെത്തിക്കാനുള്ള കാശും രാജസ്ഥാന്റെ കൈവശമില്ല. 2.4 കോടി രൂപക്കാണ് കഴിഞ്ഞ മെഗാലേലത്തില്‍ ചെന്നൈ കറനെ സ്വന്തമാക്കിയത്. റോയല്‍സിന്റെ പേഴ്‌സില്‍ അവശേഷിക്കുന്നത് 30 ലക്ഷം രൂപ മാത്രമാണ്. എന്നിരുന്നാലും ജഡേജയേയും കറനെയും ടീമിലെത്തിക്കാനുള്ള മാര്‍ഗം റോയല്‍സിനു മുന്നിലുണ്ട്. എന്നാല്‍ അതിനായി വിദേശതാരങ്ങളില്‍ ആരെയെങ്കിലും റിലീസ് ചെയ്ത് സ്ഥലവും കാശും കണ്ടെത്തേണ്ടിവരും.

രാജസ്ഥാന്‍ റോയല്‍സ് ജഡേജയുടെ ആദ്യ ഐ.പി.എല്‍ ടീമായിരുന്നു. 2008ല്‍ കിരീടം നേടിയ റോയല്‍സില്‍ അംഗമായിരുന്നു അന്ന് 19 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ജഡേജ. ആദ്യ രണ്ട് സീസണിലും രാജസ്ഥാനു വേണ്ടി കളത്തിലിറങ്ങിയ താരം മുംബൈയുമായി നേരിട്ട് കരാറിലേര്‍പ്പെടാന്‍ ശ്രമിച്ചതോടെ ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടു. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സില്‍ കളിച്ചു. 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ താരം പിന്നീട് ടീമിന്റെ അവിഭാജ്യ ഘടകമായി. ചെന്നൈ മൂന്നുതവണ കിരീടം നേടുമ്പോള്‍ ജഡേജയും ടീമിലുണ്ടായിരുന്നു.