- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ധ സെഞ്ചുറിയുമായി പ്രതിരോധിച്ച് ബവുമ; ദക്ഷിണാഫ്രിക്കയെ 153 റണ്‍സിന് പുറത്താക്കി ഇന്ത്യ; കൊല്‍ക്കത്ത ടെസ്റ്റില്‍ 124 റണ്‍സ് വിജയലക്ഷ്യം; ആതിഥേയര്‍ക്ക് തുടക്കത്തിലെ തിരിച്ചടി; ഓപ്പണര്‍മാരെ നഷ്ടമായി
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 124 റണ്‍സ് വിജയലക്ഷ്യം. 93-7 എന്ന സ്‌കോറില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ 153 റണ്‍സിന് ഓള്‍ ഔട്ടായി. 55 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ടെംബാ ബാവുമ മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. എട്ടാം വിക്കറ്റില്‍ ബാവുമക്കൊപ്പം പിടിച്ചു നിന്ന കോര്‍ബിന്‍ ബോഷ് 25 റണ്‍സെടുത്ത് ഇന്ത്യക്ക് ഭീഷണിയായെങ്കിലും ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട് തകര്‍ത്തതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയായി.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരുടെ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. അക്കൗണ്ട് തുറക്കും മുമ്പെ ജയ്‌സ്വാളിനെ മാര്‍ക്കോ യാന്‍സനാണ് പുറത്താക്കിയത്. കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് രണ്ടാമത് നഷ്ടമായത്. മാര്‍ക്കോ യാന്‍സന് തന്നെയാണ് രണ്ടാമത്തെ വിക്കറ്റും നേടിയത്. വാഷിംഗ്ടണ്‍ സുന്ദറും ദ്രുവ് ജുറെലുമാണ് ഇന്ത്യക്കായി ഇപ്പോള്‍ ക്രീസിലുള്ളത്.
രണ്ടാം ദിനം സ്പിന്നര്‍മാര്‍ വാണ പിച്ചില്‍ മൂന്നാം ദിനം ഇന്ത്യന്‍ പേസര്‍മാരാണ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത്. 91-7 എന്ന സ്‌കോറില്‍ ഒത്തുചേര്‍ന്ന ബാവുമയും ബോഷും ചേര്‍ന്ന് മൂന്നാം ദിനം ദക്ഷിണാഫ്രിക്കയെ 135 റണ്‍സിലെത്തിച്ചു. സ്പിന്നര്‍മാരുമായി മൂന്നാം ദിനം ബൗളിംഗ് തുടര്‍ന്ന ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാനായില്ല. ഭാഗ്യവും ദക്ഷിണാഫ്രിക്കയെ തുണച്ചു. ഇരുവരും ഇന്ത്യക്ക് ഭീഷണിയാവുന്നതിനിടെ ജസ്പ്രീത് ബുമ്രയെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ തീരുമാനം ഫലം കണ്ടു.
37 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ബോഷിന്റെ കുറ്റി തെറിപ്പിച്ച് ഒടുവില്‍ ജസ്പ്രീത് ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ബോഷിനെ ക്ലീന്‍ ബൗണ്‍ഡാക്കിയ ബുമ്ര 44 റണ്‍സിന്റെ കൂട്ടുകട്ട് തകര്‍ത്തു. പിന്നാലെ മുഹമ്മദ് സിറാജ് സൈമണ്‍ ഹാര്‍മറുടെ ഓഫ് സ്റ്റംപ് പിഴുതു. അവസാന ബാറ്ററായി ക്രീസിലെത്തിയ കേശവ് മഹാരാജിന് സിറാജിന്റെ മൂന്ന് പന്തുകള്‍ അതിജീവിക്കാനായില്ല. നേരിട്ട മൂന്നാം പന്തില്‍ സിറാജിന്റെ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മഹാരാജ് പുറത്തായി. 136 പന്തില്‍ 55 റണ്‍സുമായി ബാവുമ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതവും ബുമ്രയും അക്‌സര്‍ പട്ടേലും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 124 റണ്‍സ് അടിച്ചെടുക്കുക ഇന്ത്യക്കും എളുപ്പമാകില്ലെന്നാണ് കരുതുന്നത്. പരിക്കേറ്റ് മടങ്ങിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങില്ലെന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യ 189 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.




