- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ കളിക്കില്ല; ഋഷഭ് പന്ത് നയിക്കും; സായ് സുദര്‍ശന്‍ കളിച്ചേക്കും; ഏകദിനത്തിലും ഗില്ലിന് വിശ്രമം; റിസ്കെടുക്കേണ്ടെന്ന് ടീം അധികൃതര്‍
ഗുവാഹത്തി: ഗുവാഹത്തിയില്‍ നവംബര്‍ 22 മുതല്‍ 26 വരെ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ കളിക്കില്ല. ഗില്ലിന് പകരം വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്താവും ഗുവാഹത്തിയില്‍ മറ്റന്നാള്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. ഇന്നലെ ഗുവാഹത്തിയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമുണ്ടായിരുന്നു. ഗില്‍ ടീമിനൊപ്പം ഉണ്ടെങ്കിലും ഗുവാഹത്തിയില്‍ കളിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ മത്സരത്തിനിടെ ഗില്ലിന് കഴുത്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇന്ത്യ 124 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ ഗില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. തുടര്‍ന്ന് ആതിഥേയര്‍ 30 റണ്‍സിന് മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച് നടന്ന ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തിലാണ് ഗില്ലിന് കഴുത്തിന് പരുക്കേറ്റത്. കഴുത്തുളുക്കിയതിനെ തുടര്‍ന്ന് ക്രീസ് വിട്ട താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗില്ലിന്റെ ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തുന്നുവെന്നും കളിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നും ബോര്‍ഡ് അറിയിച്ചു.
ഗില്ലിന് ഇനിയും ഒരാഴ്ച കൂടി വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പിടിഐ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഗില്ലിന് പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ കുറഞ്ഞത് 10 ദിവസമെങ്കിലും ആവശ്യമായി വരും. തുടര്‍ന്ന് മത്സരത്തിന് തയ്യാറാകാന്‍ റീഹാബിലിറ്റേഷന്‍ പൂര്‍ത്തിയാക്കണം. നവംബര്‍ 30ന് റാഞ്ചിയില്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയിലും അദ്ദേഹത്തിന് വിശ്രമം നല്‍കുക എന്നതാണ് സെലക്ടര്‍മാര്‍ക്ക് നിലവില്‍ എടുക്കാവുന്ന യുക്തിസഹമായ തീരുമാനം. പരമ്പരയില്‍ വലിയ അപകടസാധ്യതകള്‍ ഒന്നുമില്ലാത്തതിനാല്‍ ഗില്ലിന് ഒരു ഇടവേളയെടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 മത്സരങ്ങള്‍ക്കായി തിരിച്ചെത്താം.
രാജ്യാന്തര മല്‍സരങ്ങള്‍ നിരവധിയുള്ളതിനാല്‍ റിസ്‌കെടുക്കേണ്ടെന്നും പൂര്‍ണ ആരോഗ്യവാനായി താരം മടങ്ങിയെത്തുന്നത് വരെ കാത്തിരിക്കാമെന്നുമാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്. നവംബര്‍ 30ന് റാഞ്ചിയിലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാവുക. രണ്ടും മൂന്നും ഏകദിനങ്ങള്‍ റായ്പുറിലും വിശാഖപട്ടണത്തുമായി ഡിസംബര്‍ മൂന്നിനും ആറിനും നടക്കും. ഡിസംബര്‍ ഒന്‍പത് മുതല്‍ 19 വരെയാണ് ട്വന്റി20 മല്‍സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.
നായകനാവുന്നതോടെ ഇന്ത്യയുടെ മുപ്പത്തിയെട്ടാമത്തെ ടെസ്റ്റ് ക്യാപ്റ്റന്‍ എന്നനേട്ടവും പന്തിന് സ്വന്തമാവും. ഗില്ലിന് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗില്ലിന്റെ നാലാം നമ്പറില്‍ ധ്രുവ് ജുറലായിരിക്കും കളിക്കുക. കൊല്‍ക്കത്തയില്‍ തോറ്റതിനാല്‍ ഗുവാഹത്തിയില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ഗുവാഹത്തിയില്‍ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും.
കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരാണ് ഇന്ത്യയെ നാണംകെടുത്തിയത്. ഈ സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ പേസും ബൗണ്‍സുമുള്ള വിക്കറ്റ് തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കന്‍ ടീമും ഇന്നലെ ഗുവാഹത്തിയില്‍ എത്തി. പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന പേസര്‍ കാഗിസോ റബാഡയ്ക്ക് പകരം ലുംഗി എന്‍ഗിഡിയെ ദക്ഷിണാഫ്രിക്ക ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മറ്റൊരു അപൂര്‍വതക്കും സാക്ഷ്യം വഹിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള ലഞ്ചിന് മുമ്പുള്ള ടീ ബ്രേക്കിനാണ് ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് സാക്ഷ്യം വഹിക്കുക. . ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൂര്യാസ്തമയം നേരത്തെയായതിനാല്‍ പ്ലേയിംഗ് കണ്ടീഷനില്‍ മാറ്റം വരുത്തിയതിനാലാണിത്. ഇത് അനുസരിച്ച് ഇന്ത്യയില്‍ സാധാരണ ടെസ്റ്റ് മത്സരങ്ങള്‍ തുടങ്ങുന്ന സമയത്തിനും അര മണിക്കൂര്‍ മുമ്പായിരിക്കും ഗുവാഹത്തി ടെസ്റ്റ് തുടങ്ങുക.




