- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ 85 ഏകദിന മത്സരങ്ങളില്‍ വെള്ളം ചുമന്നിട്ടുണ്ട്; 2003 ലോകകപ്പില്‍ മുഴുവന്‍ എനിക്ക് അതായിരുന്നു പണി; വെള്ളം കൊടുത്ത് കൊടുത്ത് ഞാനൊരു വലിയ വീടുവച്ചു'; 'കോമഡി ഫാക്ടറി' പരിപാടിയില്‍ ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചിട്ടും പ്ലേയിങ് ഇലവനില്‍ കളിക്കാന്‍ അവസരം ലഭിക്കാതെ കരിയറില്‍ നേരിട്ട തിരിച്ചടി തമാശ രൂപത്തില്‍ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. ഇന്ത്യക്കായി മത്സരങ്ങളില്‍ ഇടം ലഭിക്കാതെ, വെള്ളം ചുമന്ന് താന്‍ ഒരു വലിയ വീടുവച്ചെന്നാണ് പാര്‍ഥിവ് പട്ടേല്‍ പറഞ്ഞത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പാര്‍ഥിവ് പട്ടേല്‍ 2003 ലോകകപ്പിലെ അനുഭവങ്ങള്‍ തമാശരൂപേണ വെളിപ്പെടുത്തിയത്. 2003 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും ഫൈനലുള്‍പ്പടെ ഒരു മത്സരത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡായിരുന്നു ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഫൈനല്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ 125 റണ്‍സിനു തോല്‍പിച്ചിരുന്നു.
''ഞാന്‍ 85 ഏകദിന മത്സരങ്ങളില്‍ വെള്ളം ചുമന്നിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് വിക്കറ്റ് കീപ്പറാകുമ്പോള്‍ ഞാന്‍ വെള്ളം കൊടുക്കും. 2003 ലോകകപ്പില്‍ മുഴുവന്‍ എനിക്ക് അതായിരുന്നു പണി. വെള്ളം കൊടുത്ത് കൊടുത്ത് ഞാനൊരു വലിയ വീടുവച്ചു.'' 'കോമഡി ഫാക്ടറി' പരിപാടിയില്‍ പാര്‍ഥിവ് പട്ടേല്‍ പ്രതികരിച്ചു. 17ാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് പാര്‍ഥിവ് പട്ടേല്‍. ടെസ്റ്റ് ചരിത്രത്തില്‍ അരങ്ങേറുന്ന പ്രായംകുറഞ്ഞ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും പാര്‍ഥിവ് സ്വന്തമാക്കിയിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്രു ഫ്‌ലിന്റോഫ് തന്നെ 'സ്ലെഡ്ജ്' ചെയ്തിട്ടുണ്ടെന്നും അന്ന് ഇംഗ്ലിഷ് അറിയാത്തതിനാല്‍ അതു മനസ്സിലായില്ലെന്നും പാര്‍ഥിവ് വ്യക്തമാക്കി. ''എനിക്ക് അപ്പോള്‍ 17 വയസ്സായിരുന്നു. ഞാന്‍ പഠിക്കുന്നത് ഒരു ഗുജറാത്തി മീഡിയം സ്‌കൂളിലും. ആന്‍ഡ്രു ഫ്‌ലിന്റോഫ് എന്താണു പറഞ്ഞതെന്ന് എനിക്ക് എങ്ങനെ മനസ്സിലാകാനാണ്.'' പാര്‍ഥിവ് വ്യക്തമാക്കി. 2018ല്‍ ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് പാര്‍ഥിവ് പട്ടേല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഒടുവില്‍ കളിച്ചത്. ഇന്ത്യക്ക് വേണ്ടി 25 ടെസ്റ്റുകളിലും, 38 ഏകദിനങ്ങളിലും, രണ്ട് ട്വന്റി 20-കളിലും കളിച്ചു. ടെസ്റ്റില്‍ 31.13 ശരാശരിയില്‍ 934 റണ്‍സാണ് പാര്‍ഥിവ് നേടിയത്. ഏകദിനങ്ങളില്‍ 23.74 ശരാശരിയില്‍ 736 റണ്‍സും നേടി. 2020 ഡിസംബറില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും താരം വിരമിച്ചിരുന്നു.
പാര്‍ഥിവ് 139 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിക്കുകയും 22.60 ശരാശരിയില്‍ 2,848 റണ്‍സ് നേടുകയും ചെയ്തു. 2020 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) ടീമില്‍ പാര്‍ഥിവ് ഭാഗമായിരുന്നുവെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല




