- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലെ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം വൈറ്റ് വാഷ് മുന്നില്‍; ഗംഭീറിനെ പുറത്താക്കൂ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്; രാജ്യസ്നേഹമുണ്ടെങ്കില്‍ ദയവായി രാജിവെയ്ക്കൂവെന്ന് ഗംഭീറിനോട് ആരാധകര്‍; പ്രതിഷേധം കടുക്കുന്നു
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെ ഗുവാഹാത്തിയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തിലായതോടെ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ ആരാധക രോക്ഷം കടുക്കുന്നു. മൂന്നാം ദിനത്തിലെ കളി കഴിയുമ്പോള്‍ 288 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സില്‍ എട്ടോവര്‍ പന്തെറിഞ്ഞെടങ്കിലും ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റ് പോലും വീഴ്ത്താനുമായിട്ടില്ല. 10 വിക്കറ്റും 314 റണ്‍സും ലീഡുള്ള ദക്ഷിണാഫ്രിക്ക ഈ ടെസ്റ്റില്‍ തോല്‍ക്കാനുള്ള സാധ്യത വിരളണമാണെന്നിരിക്കെ നാട്ടില്‍ ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം വൈറ്റ് വാഷാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ 0-3ന് തോറ്റ ഇന്ത്യ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇത്തവണ ദക്ഷിണാഫ്രിക്കയോട് 0-2ന് തോല്‍വി വഴങ്ങും.
ആദ്യ ടെസ്റ്റില്‍ നാലാം ഇന്നിംഗ്‌സില്‍ 124 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 93 റണ്‍സിന് ഓള്‍ ഔട്ടായി ഞെട്ടിക്കുന്ന തോല്‍വി വഴങ്ങുകയായിരുന്നു. രണ്ടാം ടെസ്റ്റിലെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. ഗംഭീറിനെ പുറത്താക്കണമെന്ന ആവശ്യവുമായി ആരാധകര്‍ സോഷ്യസ്ര്‍ മീഡിയയിലും രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തുന്നത്.
ഗംഭീറിനെ പുറത്താക്കൂ എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. ടെസ്റ്റില്‍ സ്വന്തം നാട്ടില്‍ ആരാലും തോല്‍പ്പിക്കാനാകാത്ത ടീം എന്ന് മേനി പറഞ്ഞിരുന്ന ഇന്ത്യയെ കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡ് 3-0ന് നാണംകെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പരമ്പര തോല്‍വി ഇന്ത്യയെ തുറിച്ചു നോക്കുന്നത്. സ്പിന്‍ പിച്ചൊരുക്കി എതിരാളികളെ വീഴ്ത്തിയിരുന്ന ഇന്ത്യ, ഇപ്പോള്‍ സ്വയം തോണ്ടിയ കുഴിയില്‍ വീഴുകയാണ്.
ഗംഭീറിനു കീഴില്‍ നാട്ടില്‍ കളിച്ച എട്ട് ടെസ്റ്റില്‍ നാലെണ്ണത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിച്ചത്. അതും ബംഗ്ലാദേശിനും (2), വെസ്റ്റിന്‍ഡീസിനും (2) എതിരെയും. കിവീസിനോടും മൂന്നു ടെസ്റ്റിലും ഇപ്പോള്‍ പ്രോട്ടീസിനോട് കൊല്‍ക്കത്ത ടെസ്റ്റിലും തോറ്റു. ഗുവാഹാട്ടിയില്‍ അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അവിടെയും തോല്‍വിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരുന്നതിന്റെ വക്കിലും.
രാജ്യത്തോട് സ്നേഹമുണ്ടെങ്കില്‍ ടീമിന്റെ പരിശീലക സ്ഥാനം രാജിവെയ്ക്കണമെന്നാണ് ഗംഭീറിനോട് ആരാധകര്‍ ആവശ്യപ്പെടുന്നത്. ടെസ്റ്റ് ടീം സ്പെഷ്യലിസ്റ്റുകള്‍ എന്ന സങ്കല്‍പ്പം പോലും ഗംഭീറിന്റെ ടീമിനില്ല. തങ്ങളുടെ പങ്ക് എന്താണെന്ന് പോലും അറിയാത്ത ഓള്‍റൗണ്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ടീമെന്ന് ആരോധകര്‍ ആരോപിക്കുന്നു. രാഹുല്‍ ദ്രാവിഡും ചേതേശ്വര്‍ പുജാരയും ദീര്‍ഘകാലം കളിച്ച മൂന്നാം നമ്പറില്‍ ഇന്ന് ആരാധകര്‍ കാണുന്നത് പരീക്ഷണങ്ങളാണ്. അവയെല്ലാം തന്നെ പരാജയമാവുകയും ചെയ്തു.
ഗുവാഹാട്ടി ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കിയിരുന്നില്ല. എന്നാല്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഫോളോ ഓണിനയക്കാതെ ബാറ്റിങ് തുടരാന്‍ തീരുമാനിക്കുകയായിരുന്നു സന്ദര്‍ശകര്‍. സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ പോലുള്ള ഐപിഎല്‍ താരങ്ങളെ ടെസ്റ്റ് ക്രിക്കറ്റ് കളിപ്പിക്കുന്ന ഗംഭീര്‍, രഞ്ജി ട്രോഫിയില്‍ വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരെ അവഗണിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ചില പരീക്ഷണങ്ങളില്‍ ഏകദിന - ടി20 ഫോര്‍മാറ്റുകളില്‍ ഗുണം ചെയ്യാമെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യം സ്പെഷ്യലിസ്റ്റുകളെ തന്നെയാണെന്ന് ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയത് ടീമില്‍ ഗംഭീറിന് പൂര്‍ണ നിയന്ത്രണം ലഭിക്കാന്‍ വേണ്ടിയാണെന്ന വിമര്‍ശനവും ആരാധകര്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് തോറ്റ് പരമ്പര അടിയറവെച്ചാലും ഗംഭീറിനെ ഉടന്‍ മാറ്റാനിടയില്ലെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത് കഴിഞ്ഞശേഷമെ ഗംഭീറിന്റെ കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കൂ എന്നാണ് കരുതുന്നത്.




