കൊല്‍ക്കത്ത: വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി ബാറ്റിങ് വിസ്മയം തീര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര സെന്‍സേഷനായ വൈഭവ് സൂര്യവംശി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ മഹാരാഷ്ട്രയ്‌ക്കെതിരെയാണ് ബിഹാറിന്റെ കൗമാര താരം വൈഭവ് ആരാധകരെ വിസ്മയിപ്പിക്കുന്ന ഇന്നിംഗ്‌സ് കാഴ്ചവച്ചത്. ഓപ്പണറായി ഇറങ്ങിയ വൈഭവ് 61 പന്തില്‍ 108 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഏഴു വീതം സിക്‌സുകളും ഫോറുകളുമായി തകര്‍ത്തുകളിച്ച വൈഭവ് 177.05 സ്‌ട്രൈക്ക് റേറ്റിലാണു ബാറ്റു ചെയ്തത്. വൈഭവിന്റെ ബാറ്റിങ് കരുത്തില്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ബിഹാര്‍ 176 റണ്‍സെടുത്തു.

ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ബിഹാറിനായി കളത്തിലിറങ്ങിയ ഇടംകൈയന്‍ ബാറ്റര്‍, 61 പന്തില്‍ പുറത്താകാതെ 108 റണ്‍സാണ് അടിച്ചെടുത്തത്. തന്റെ 16-ാമത്തെ മാത്രം പ്രഫഷനല്‍ ടി20 മത്സരത്തില്‍ ഏഴ് ഫോറും എട്ട് സിക്‌സറുകളും അടങ്ങുന്ന ഇന്നിങ്‌സാണ് വൈഭവ് കാഴ്ചവെച്ചത്. അവസാന പന്തുവരെ ക്രീസില്‍ ഉറച്ചുനിന്ന വൈഭവ് 14 പന്തുകള്‍ മാത്രമാണ് ഇന്നിങ്‌സില്‍ വിട്ടുകളഞ്ഞത്. 58 പന്തുകളില്‍ താരം 100 പിന്നിട്ടു. ആകാശ് രാജുമൊത്ത് 70 റണ്‍സിന്റെയും ആയുഷ് ലൊഹാരുകയുമൊത്ത് 75 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ വൈഭവ് ബിഹാര്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്. ട്വന്റി20 ഫോര്‍മാറ്റില്‍ 16 മത്സരങ്ങള്‍ കളിച്ച വൈഭവ് മൂന്ന് സെഞ്ചറികളാണു കരിയറില്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ ബിഹാര്‍ തോറ്റെങ്കിലും സയ്യിദ് മുഷ്താഖലി ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ താരമെന്ന നേട്ടം വൈഭവ് സ്വന്തം പേരിലാക്കി. പ്രഫഷനല്‍ കരിയറില്‍ മൂന്നാമത്തെ ടി20 സെഞ്ച്വറിയാണിത്. വൈഭവ് ഇതുവരെ നേടിയതില്‍ വേഗം കുറഞ്ഞ സെഞ്ച്വറിയാണിത്. 58 പന്തിലാണ് മൂന്നക്കം തികച്ചത്.

മഹാരാഷ്ട്രയ്ക്കായി ജലജ് സക്‌സേനയും അര്‍ഷിന്‍ കുല്‍ക്കര്‍ണിയുമുള്‍പ്പടെയുള്ള താരങ്ങള്‍ പന്തെറിഞ്ഞെങ്കിലും 14 വയസ്സുകാരന്‍ താരത്തെ പുറത്താക്കാന്‍ സാധിച്ചില്ല. ആകാശ് രാജ് (30 പന്തില്‍ 26), ആയുഷ് ലൊഹാരുക (17 പന്തില്‍ 25) എന്നിവരും ബിഹാറിനായി തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ മഹാരാഷ്ട്രയും തിരിച്ചടിച്ചതോടെ ബിഹാര്‍ തോല്‍വി വഴങ്ങി. മൂന്ന് വിക്കറ്റ് വിജയമാണ് മത്സരത്തില്‍ മഹാരാഷ്ട്ര സ്വന്തമാക്കിയത്. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്ട്ര 19.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഓപ്പണര്‍ പൃഥ്വി ഷാ അര്‍ധ സെഞ്ചറി (30 പന്തില്‍ 66) നേടി.

പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ്ങോടെയാണ് മഹാരാഷ്ട്ര തുടങ്ങിയത്. 30 പന്തില്‍ 60 റണ്‍സടിച്ച താരം ബിഹാറിന്റെ ജയപ്രതീക്ഷകള്‍ തല്ലിക്കെടുത്തി. സ്‌കോര്‍ 88ല്‍ നില്‍ക്കെ ഷാ മടങ്ങിയെങ്കിലും നീരജ് ജോഷി (30), രഞ്ജീത് നികം (27), നിഖില്‍ നായിക് (22) തുടങ്ങിയവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ അഞ്ച് പന്തുകള്‍ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മഹാരാഷ്ട്ര ജയം പിടിച്ചു.