റായ്പുര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ട്വന്റി 20 ലോകകപ്പ് ജേഴ്സി പുറത്തിറക്കി. മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് ജേഴ്സി പുറത്തിറക്കിയത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെ ആദ്യ ഇന്നിങ്സിന് ശേഷം നടന്ന ചടങ്ങില്‍വെച്ചാണ് ജേഴ്സി പുറത്തിറക്കിയത്. ചടങ്ങില്‍ രോഹിത്തിനൊപ്പം തിലക് വര്‍മയും പങ്കെടുത്തു.

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ഈ ജേഴ്സി ധരിച്ചായിരിക്കും ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുക. ഓറഞ്ച്, നീല, വെള്ള നിറങ്ങള്‍ ഇടകലര്‍ന്നതാണ് പുതിയ ജേഴ്സി. ചടങ്ങില്‍വെച്ച് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ, അഡിഡാസ് പ്രതിനിധികള്‍ എന്നിവര്‍ ടി20 ജേഴ്സി ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈമാറി.

കഴിഞ്ഞദിവസമാണ് ടി20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി രോഹിത് ശര്‍മയെ തിരഞ്ഞെടുത്തത്. മുംബൈയില്‍ നടന്ന ഒരു പരിപാടിയിലാണ് ഐസിസി ചെയര്‍മാന്‍ ജയ് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റിന്റെ ഷെഡ്യൂളും ചടങ്ങില്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് ടൂര്‍ണമെന്റ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

2007-ല്‍ എം.എസ് ധോനിയുടെ കീഴില്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് കിരീടമുയര്‍ത്തിയപ്പോള്‍ ടീമില്‍ അംഗമായിരുന്നു രോഹിത്. 2024-ല്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും രോഹിത്തായിരുന്നു. ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണിലെ കെന്‍സിംങ്ടണ്‍ ഓവലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. രണ്ട് ടി20 ലോകകപ്പ് നേടിയ ഏക ഇന്ത്യന്‍ താരമാണ് രോഹിത്. 2024-ലെ കിരീട വിജയത്തിനു പിന്നാലെ രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു.