- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസിസ് മണ്ണില്‍ റൂട്ട് സെഞ്ചുറി അടിച്ചില്ലെങ്കില്‍ മെല്‍ബണ്‍ ഗ്രൗണ്ടിലൂടെ നഗ്‌നനായി ഓടുമെന്ന് പരിഹാസം; 54-ാം വയസില്‍ ജയിലില്‍ കിടക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ പിന്‍വലിക്കുന്നുവെന്നും മാത്യു ഹെയ്ഡന്‍; പിന്നാലെ ബ്രിസ്ബേനില്‍ ആ നാണക്കേട് മായ്ച്ച് ജോ റൂട്ട്; രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍
ബ്രിസ്ബേന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ മധ്യനിര ബാറ്റര്‍ ജോ റൂട്ടിന്റെ സെഞ്ചുറിയുടെ മികവില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ചുറി തികച്ച ജോ റൂട്ടും(135) ജൊഫ്രെ ആര്‍ച്ചറുമാണ്(32) ക്രീസില്‍. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 44 പന്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് ആറുവിക്കറ്റെടുത്തു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ പതറി. അഞ്ചുറണ്‍സിനിടെ ടീമിന് രണ്ടുവിക്കറ്റുകള്‍ നഷ്ടമായി. ബെന്‍ ഡക്കറ്റും ഒല്ലി പോപ്പും ഡക്കായി മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സാക് ക്രോളിയും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലീഷ് നിരയെ കരകയറ്റി. ഓസീസ് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീമിനെ നൂറുകടത്തി. സ്‌കോര്‍ 122 ല്‍ നില്‍ക്കേ അര്‍ധസെഞ്ചുറി തികച്ച സാക് ക്രോളി പുറത്തായി. 76 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
നാലാം വിക്കറ്റില്‍ ഹാരി ബ്രൂക്കും ജോ റൂട്ടും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. 31 റണ്‍സെടുത്ത ബ്രൂക്കിനെ സ്റ്റാര്‍ക്ക് കൂടാരം കയറ്റിയതോടെ ഇംഗ്ലണ്ട് 176-4 എന്ന നിലയിലയിലായി. പിന്നീട് നിരനിരയായി ഇംഗ്ലീഷ് ബാറ്റര്‍മാര്‍ കൂടാരം കയറുന്നതാണ് ബ്രിസ്ബേനില്‍ കണ്ടത്. അതേസമയം ജോ റൂട്ട് ഓസീസിന് പിടികടുക്കാതെ ടീമിനെ മുന്നോട്ടുനയിച്ചു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്(19), ജാമി സ്മിത്ത്(0), വില്‍ ജാക്ക്സ്(19), ഗസ് ആറ്റ്കിന്‍സണ്‍(4), ബ്രൈഡന്‍ കാഴ്സെ(0) എന്നിവര്‍ നിരാശപ്പെടുത്തി. വിക്കറ്റുകള്‍ പോകുമ്പോഴും ക്രീസില്‍ നിലയുറപ്പിച്ച ജോ റൂട്ട് സെഞ്ചുറിയോടെ തിളങ്ങി. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലീഷ് പട. എന്നാല്‍ അവസാനവിക്കറ്റില്‍ ജൊഫ്രെ ആര്‍ച്ചറും റൂട്ടും ചേര്‍ന്ന് നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അതോടെ ടീം 300 കടന്നു. ഓസീസിനായി സ്റ്റാര്‍ക്ക് ആറുവിക്കറ്റെടുത്തു.
ഹെയ്ഡന്‍ നഗ്നനായി ഓടേണ്ടി വരില്ല.....
ഓസ്‌ട്രേലിയയില്‍ സെഞ്ചുറിയില്ലെന്ന നാണക്കേട് മായ്ച്ച ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട് മുന്‍ ഓസിസ് ഓപ്പണര്‍ മാത്യു ഹെയ്ഡന്റെ പരിഹാസത്തിനാണ് മറുപടി നല്‍കിയത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായ റൂട്ട് രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ തന്നെ റൂട്ട് ഓസീസ് മണ്ണിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കി. 182 പന്തിലാണ് റൂട്ട് മൂന്നക്കം തൊട്ടത്. ഓസീസ് മണ്ണിലെ 30ാം ഇന്നിംഗ്‌സിലാണ് റൂട്ടിന്റെ ആദ്യ സെഞ്ചുറി പിറന്നത്. കരിയറിലെ നാല്‍പതാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയ റൂട്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 51 ടെസ്റ്റ് സെഞ്ചുറികളെന്ന നേട്ടത്തിന് ഒരുപടി കൂടി അടുത്തു.
റൂട്ട് ഇത്തവണ ഓസ്‌ട്രേലിയയില്‍ സെഞ്ചുറി അടിച്ചില്ലെങ്കില്‍ താന്‍ മെല്‍ബണ്‍ ഗ്രൗണ്ടിലൂടെ നഗ്‌നനായി ഓടുമെന്ന് മുന്‍ ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 54-ാം വയസില്‍ ജയിലില്‍ കിടക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ താന്‍ ആ പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് റൂട്ട് ഓസ്‌ട്രേലിയയിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയത്.
159 ടെസ്റ്റില്‍ 39 സെഞ്ചുറികള്‍ നേടിയിരുന്ന റൂട്ടിന് ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ ഒറ്റ സെഞ്ചുറി പോലും നേടാനായിരുന്നില്ല. ഓസ്‌ട്രേലിയയില്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ നേടിയിരുന്ന റൂട്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 89 റണ്‍സായിരുന്നു. അതാണ് ഇന്ന് ബ്രിസ്‌ബേനില്‍ തിരുത്തിയെഴുതിയത്.
2021ല്‍ 18 ടെസ്റ്റ് സെഞ്ചുറികള്‍ മാത്രം പേരിലുണ്ടായിരുന്ന റൂട്ട് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 21 സെഞ്ചുറികളാണ് അടിച്ചുകൂട്ടിയത്. ടെസ്റ്റില്‍ 13664 റണ്‍സെടുത്തിട്ടുള്ള റൂട്ട് ടെസ്റ്റ് റണ്‍വേട്ടയില്‍ 15921 റണ്‍സുമായി ഒന്നാമനായ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നുത്.




