ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു വർഷമായിരുന്നു 2025. കായിക ലോകത്ത് വിസ്മയം തീർത്ത നിരവധി 'ചരിത്ര നിമിഷങ്ങൾ'ക്കാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. വർഷങ്ങളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചില ടീമുകൾ കപ്പടിച്ചു. ഐ.സി.സി കിരീടങ്ങൾക്കായുള്ള ദീർഘകാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ, ഇന്ത്യൻ വനിതാ ടീം തങ്ങളുടെ പ്രഥമ ലോകകപ്പ് കിരീടം നേടി ചരിത്രം കുറിച്ചിരുന്നു. 38-ാം വയസ്സിൽ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി രോഹിത് ശർമ്മ പ്രായം വെറും സംഖ്യയാണെന്ന് തെളിയിച്ചു. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇറ്റലി തങ്ങളുടെ പ്രഥമ ട്വന്റി-20 ലോകകപ്പിന് യോഗ്യത നേടിയതും ഈ വർഷമായിരുന്നു. 2025-ൽ ക്രിക്കറ്റ് ലോകം കണ്ട അഞ്ച് പ്രധാന ചരിത്ര നിമിഷങ്ങൾ താഴെ.

1. ദക്ഷിണാഫ്രിക്കയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം

ഐ.സി.സി കിരീടങ്ങൾക്കായുള്ള ദക്ഷിണാഫ്രിക്കയുടെ 27 വർഷം നീണ്ട കാത്തിരിപ്പിനാണ് ഈ വർഷം വിരാമമായത്. ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്ത് പ്രോട്ടീസ് ചരിത്രത്തിൽ ഇടംനേടി. 1998-ന് ശേഷം ദക്ഷിണാഫ്രിക്ക നേടുന്ന ആദ്യത്തെ പുരുഷ സീനിയർ ഐ.സി.സി ട്രോഫിയായിരുന്നു ഇത്. എയ്ഡൻ മർക്രം ഫൈനലിൽ നേടിയ തകർപ്പൻ 136 റൺസാണ് ദക്ഷിണാഫ്രിക്കൻ വിജയത്തിന് അടിത്തറ പാകിയത്. 1999-ലെ ലോകകപ്പ് സെമിഫൈനൽ ഉൾപ്പെടെയുള്ള മുൻ ഐ.സി.സി ടൂർണമെന്റുകളിലെ ഹൃദയഭേദകമായ പരാജയങ്ങളെ മായ്ച്ചുകളഞ്ഞുകൊണ്ട് ഈ കിരീടനേട്ടം പ്രോട്ടീസ് ആരാധകർക്ക് ആശ്വാസമായി.

2. ഇന്ത്യൻ വനിതകൾക്ക് പ്രഥമ ലോകകപ്പ് കിരീടം

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനും 2025 ചരിത്രപരമായ വർഷമായി. മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ വനിതാ ടീം തങ്ങളുടെ പ്രഥമ ലോകകപ്പ് കിരീടം സ്വന്തമാക്കി. ഈ ടൂർണമെന്റ് നേടുന്ന ഓസ്‌ട്രേലിയ (7), ഇംഗ്ലണ്ട് (4), ന്യൂസിലാൻഡ് (1) എന്നീ രാജ്യങ്ങൾക്ക് ശേഷം ലോകകപ്പ് നേടുന്ന നാലാമത്തെ ടീമായി ഇന്ത്യ മാറി. 2005-ലെയും 2017-ലെയും ഫൈനൽ പരാജയങ്ങളുടെ വേദന മായ്ച്ചുകളഞ്ഞുകൊണ്ട് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം ചരിത്രവിജയം കുറിച്ചു.

3. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആദ്യ ഐപിഎൽ കിരീടം

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്ന് 2025-ൽ സംഭവിച്ചു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ (ആർ.സി.ബി) തങ്ങളുടെ പ്രഥമ ഐ.പി.എൽ കിരീടം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ആർ.സി.ബി ചരിത്രം തിരുത്തിയത്. 2009, 2011, 2016 വർഷങ്ങളിലെ ഫൈനൽ തോൽവിക്ക് ശേഷം ആർ.സി.ബി ആരാധകരുടെ സ്വപ്‌നത്തിന് ഈ വിജയത്തോടെ പൂർണ്ണതയായി.

4. 38-ാം വയസ്സിൽ ഏകദിന ക്രിക്കറ്റിൽ റാങ്കിങ്ങിൽ തലപ്പത്തെത്തി രോഹിത് ശർമ്മ

പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് ഇന്ത്യൻ വെറ്ററൻ താരം രോഹിത് ശർമ്മ 2025-ൽ മറ്റൊരു 'അത്ഭുത നേട്ടം' സ്വന്തമാക്കി. 38 വയസ്സും 182 ദിവസവും പ്രായമുള്ളപ്പോൾ രോഹിത് തന്റെ കരിയറിൽ ആദ്യമായി ലോക റാങ്കിംഗിൽ ഒന്നാം നമ്പർ ഏകദിന ബാറ്റ്‌സ്മാനായി മാറി. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ സിഡ്‌നിയിൽ നേടിയ സെഞ്ച്വറിയുടെ ബലത്തിൽ ശുഭ്മാൻ ഗില്ലിനെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഏറ്റവും കൂടുതൽ പ്രായത്തിൽ ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്റ് താരവും രോഹിത് ശർമ്മയാണ്.

5. ഇറ്റലിക്ക് 2026 ട്വന്റി-20 ലോകകപ്പിൽ പ്രവേശനം

വലിയ ക്രിക്കറ്റ് രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 2026-ലെ പുരുഷ ട്വന്റി-20 ലോകകപ്പിൽ ഇറ്റലി ചരിത്രത്തിൽ ആദ്യമായി യോഗ്യത നേടി. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടൂർണമെന്റ് നടക്കുന്നത്. നെതർലാൻഡിസിനോട് തോറ്റെങ്കിലും മികച്ച നെറ്റ് റൺറേറ്റ് നിലനിർത്തിയതിലൂടെ ഇറ്റലി ലോകകപ്പ് വേദിയിലേക്ക് ടിക്കറ്റുറപ്പിച്ചു. ഒരു ക്രിക്കറ്റ് ലോകകപ്പിൽ ഇറ്റലിയുടെ ആദ്യത്തെ പങ്കാളിത്തമാണിത്.