ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായികതാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരം അഭിഷേക് ശര്‍മയാണ്. 2025-ലെ ഗൂഗിളിന്റെ സെര്‍ച്ച് ട്രെന്‍ഡുകള്‍ അനുസരിച്ച്, പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായികതാരം. തന്റെ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് അഭിഷേക് ഇന്ത്യന്‍ ആരാധകരുടെ മനസ്സുമാത്രമല്ല കീഴടക്കിയതെന്ന് വ്യക്തം. ചിരവൈരികളായ പാക്കിസ്ഥാന്‍ ആരാധകരിലും സ്വാധീനം ചെലുത്താന്‍ അഭിഷേകിനായി.

ഇന്ത്യയില്‍ അഭിഷേക് ശര്‍മയെ സെര്‍ച്ച് ചെയ്തതിനേക്കാള്‍ കൂടുതല്‍ പാക്കിസ്ഥാനില്‍നിന്നാണ്. പാക് ക്രിക്കറ്റ് താരങ്ങളായ ഹസ്സന്‍ നവാസ്, ഇര്‍ഫാന്‍ ഖാന്‍ നിയാസി, സാഹിബ്‌സാദ ഫര്‍ഹാന്‍, മുഹമ്മദ് അബ്ബാസ് എന്നിവരെല്ലാം ഇക്കാര്യത്തില്‍ അഭിഷേകിന് പിന്നിലാണ്. 2025 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരേ പുറത്തെടുത്ത പ്രകടനമാണ് പാക് മണ്ണില്‍ അഭിഷേകിന്റെ ജനപ്രീതി ഉയര്‍ത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാക് ടീമിനെതിരേ 13 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ അഭിഷേക്, സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 39 പന്തില്‍ 74 റണ്‍സ് നേടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായികതാരങ്ങളില്‍ മൂന്നാമതായിരുന്നു അഭിഷേക്. ഈ പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടവരെല്ലാം ക്രിക്കറ്റ് താരങ്ങളായിരുന്നു.

അതേ സമയം നാളെ കട്ടക്കില്‍ ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പൂട്ടാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം. നാളെയാണ് ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് മത്സരം, ട്വന്റി 20 ലോകകപ്പിന് മുമ്പ് ടീമില്‍ അവസാന മിനുക്ക് പണികള്‍ നടത്താനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പര. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര പരമ്പര കഴിഞ്ഞാല്‍ ലോകകപ്പിന് തൊട്ടു മുമ്പ് ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സര ട്വന്റി 20 പരമ്പരയില്‍ കൂടി ഇന്ത്യ കളിക്കും.

പരമ്പരയ്ക്ക് മുമ്പുള്ള വാര്‍ത്താസമ്മേളനത്തിലാണ് മാര്‍ക്രം അഭിഷേകിനെ കുറിച്ച് സംസാരിച്ചത്. ആദ്യ ആറ് ഓവറിനുള്ളില്‍ ഒരു മത്സരം പിടിച്ചെടുക്കാന്‍ പ്രാപ്തിയുള്ള താരമാണ് അഭിഷേക് എന്ന് മാര്‍ക്രം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സണ്‍റൈസേഴ്‌സില്‍ അഭിയോടൊപ്പം ഞാന്‍ മുമ്പ് കളിച്ചിട്ടുണ്ട്. അദ്ദേഹം മികച്ച കളിക്കാരനാണ്. അഭിഷേകിന്റെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തെ നേരത്തെ പുറത്താക്കുക എന്നത് ഒരു വെല്ലുവിളിയാണ്. ആദ്യ പന്ത് മുതല്‍ അക്രമിച്ച് കളിക്കുന്ന താരമാണ് അഭിഷേക്. അങ്ങനെ ആഗ്രഹിക്കുന്ന താരങ്ങളുണ്ട്. സ്വാഭാവികമായും കടന്നുവരുന്ന യുവതാരങ്ങള്‍ അങ്ങനെയാണ് കളിക്കുന്നത്. എന്നിരുന്നാലും അഭിഷേകിനെ പൂട്ടാന്‍ കഴിയുമെന്നാണ് വിശ്വാസം.'' മാര്‍ക്രം വ്യക്തമാക്കി.

ഓപ്പണിംഗില്‍ ഇന്ത്യ അഭിഷേക് ശര്‍മ-ശുഭ്മാന്‍ സഖ്യത്തെ തന്നെയാവും ആദ്യ മത്സരത്തിലും ഇറക്കുക. പരിക്കുമാറി തിരിച്ചെത്തുന്ന ഗില്‍ പൂര്‍ണ കായികക്ഷമത നേടിക്കഴിഞ്ഞു. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നാലാമനായി തിലക് വര്‍മയും ക്രീസിലെത്തും.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് നായര്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്/വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.