- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് ഫ്രാഞ്ചൈസികള്‍ക്കുമായി വേണ്ടത് 77 താരങ്ങളെ; 31 വിദേശ താരങ്ങള്‍; പുത്തന്‍ താരങ്ങളെ നോട്ടമിട്ട് ടീമുകള്‍; 1005 താരങ്ങളെ ഒഴിവാക്കി ചുരുക്കപട്ടിക; ഐപിഎല്‍ ലേലത്തിന് ഇത്തവണ 350 പേര്‍
അബുദാബി: ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തില്‍ ഇത്തവണ മാറ്റുരയ്ക്കുക 350 താരങ്ങള്‍. പ്രാഥമിക പട്ടികയില്‍ നിന്ന് 1005 പേരെ ബിസിസിഐ നീക്കിയതായാണ് പുതിയ വിവരം. നേരത്തേ രജിസ്റ്റര്‍ ചെയ്യാതിരുന്ന 35 പുതിയ താരങ്ങളുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തി. ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ 1,390 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ അന്തിമ ലിസ്റ്റില്‍ 350 താരങ്ങളാണുള്ളത്. ഇതില്‍ 240 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. 110 വിദേശ കളിക്കാരും ലേലത്തിനുണ്ടാവും. 224 ഇന്ത്യന്‍ താരങ്ങള്‍ അന്താരാഷ്ട്ര മത്സരം കളിക്കാത്തവരാണ്. വിദേശ താരങ്ങളില്‍ 14 പേര്‍ അണ്‍ക്യാപ്ഡ് പ്ലെയേഴ്സ്. ലേലത്തില്‍ പത്ത് ഫ്രാഞ്ചൈസികള്‍ക്കും കൂടി 77 താരങ്ങളെയാണ് വേണ്ടത്. അതില്‍ 31 എണ്ണം വിദേശ താരങ്ങള്‍. യുവതാരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കമാകും ടീമുകള്‍ നടത്തുകയെന്നാണ് സൂചന.
നേരത്തേ പട്ടികയില്‍ ഇല്ലാതിരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് ലേലത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒരു ഫ്രാഞ്ചൈസിയുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് ഡി കോക്ക് പട്ടികയിലേക്ക് വന്നതെന്നാണ് ക്രിക്ക്ബസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ താരം ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയിരുന്നു. ഒരു കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.
രണ്ട് കോടിയാണ് ഏറ്റവും ഉയര്‍ന്ന് അടിസ്ഥാന വില. ഇതില്‍ 40 പേരാണ് ഉള്‍പ്പെടുന്നത്. ഇന്ത്യന്‍ താരങ്ങളില്‍ വെങ്കിടേഷ് അയ്യര്‍ക്കും രവി ബിഷ്‌ണോയിക്കും രണ്ട് കോടിയാണ് അടിസ്ഥാന വില. ഡിസംബര്‍ 16ന് ഉച്ചയ്ക്ക് 2:30ന് ലേല നടപടികള്‍ ആരംഭിക്കും. ആദ്യ പട്ടികയില്‍ ഉള്‍പ്പെടാത്ത 35 താരങ്ങള്‍ അന്തിമ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. അവരില്‍ ഒരു അപ്രതീക്ഷിത എന്‍ട്രി ക്വിന്റണ്‍ ഡി കോക്കാണ്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കളിച്ചത്. എന്നിരുന്നാലും, മോശം സീസണിന് ശേഷം ഫ്രാഞ്ചൈസി അദ്ദേഹത്തെ വിട്ടയച്ചു, എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 152 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.
കാമറൂണ്‍ ഗ്രീന്‍, മാത്യു ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ ലേല പട്ടികയിലുണ്ട്. ഇംഗ്ലണ്ടിന്റെ ജാമി സ്മിത്ത്, ജോണി ബെയര്‍സ്റ്റോ, ന്യൂസിലന്‍ഡ് താരങ്ങളായ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ഡെവോണ്‍ കോണ്‍വേ, ശ്രീലങ്കന്‍ താരങ്ങളായി വനിന്ദു ഹസരംഗ, മതീഷ പതിരാന എന്നിവരും ലേലത്തിലുണ്ടാവും. പത്ത് ഫ്രാഞ്ചൈസികളില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 64.30 കോടി രൂപയുമായി ലേലത്തിന് പോകും. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പോക്കറ്റില്‍ 43.40 കോടിയാണുള്ളത്.
പുതിയ കളിക്കാരുടെ വലിയ നിര തന്നെ ഇക്കുറി ഐപിഎല്‍ ലേലത്തിനുണ്ട്. അഫ്ഗാനിസ്ഥാന്റെ അറബ് ഗുല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ കീം അഗസ്റ്റെ എന്നിവര്‍ കരിയറില്‍ ആദ്യമായി ലേല പട്ടികയിലിടം നേടി. ശ്രീലങ്കയുടെ ട്രാവീന്‍ മാത്യു, ബിനുര ഫെര്‍ണാണ്ടോ, കുശാല്‍ പെരേര, ദുനിത് വെല്ലലഗെ എന്നിവരും ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒട്ടേറെ ആഭ്യന്തര താരങ്ങളും ഇക്കുറി ഫ്രാഞ്ചൈസികളുടെ ഭാഗമായേക്കും. ഡിസംബര്‍ 16 ന് അബുദാബിയിലാണ് ലേലം നടക്കുന്നത്.
അടുത്തിടെ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. കൊല്‍ക്കത്ത സൂപ്പര്‍ താരം ആന്ദ്ര റസ്സലിനെയും വെങ്കിടേഷ് അയ്യരേയും നിലനിര്‍ത്തിയിരുന്നില്ല. പിന്നാലെ റസ്സല്‍ഡ ഐപിഎല്ലില്‍ നിന്ന് വിരമിച്ചിരുന്നു. ട്രേഡ് ഡീല്‍ വഴി സഞ്ജുവിനെ കൂടാരത്തിലെത്തിച്ച ചെന്നൈയാകട്ടെ രചിന്‍ രവീന്ദ്ര, മതീഷ പതിരണെ എന്നിവരെ കൈവിട്ടു. ഗ്ലെന്‍ മാക്‌സ്വെല്‍, ഫാഫ് ഡുപ്ലെസിസ് തുടങ്ങിയ താരങ്ങളും ഇക്കുറി ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.ട്രേഡ് ഡീല്‍ വഴി സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ടീമിലെത്തിച്ച രാജസ്ഥാന്‍ റോയല്‍സ് മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരെ കൈവിട്ടു. അതേസമയം വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള്‍, ജൊഫ്ര ആര്‍ച്ചര്‍ എന്നിവരെ ടീം നിലനിര്‍ത്തി.




