മുംബൈ: കാമുകി മഹൈക ശർമ്മയുടെ ചിത്രങ്ങൾ അനുചിതമായ രീതിയിൽ പകർത്തിയ പാപ്പരാസികൾക്കെതിരെ തുറന്നടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. മാധ്യമപ്രവർത്തകർ സ്വകാര്യതയുടെ അതിർവരമ്പ് ലംഘിച്ചുവെന്നും "ഒരു സ്ത്രീയും അർഹിക്കാത്ത കോണിൽ" നിന്നാണ് ചിത്രങ്ങൾ പകർത്തിയതെന്നും ഹാർദിക് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിമർശിച്ചു.

മുംബൈയിലെ ബാന്ദ്രയിലുള്ള ഒരു റസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ മഹൈക ശർമ്മ പടികൾ ഇറങ്ങുകയായിരുന്നു. ഈ സമയത്താണ് പാപ്പരാസികൾ മോശമായ ആംഗിളിൽ ദൃശ്യങ്ങൾ പകർത്തിയത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് താരം ശക്തമായ നിലപാട് സ്വീകരിച്ചത്.

ഹാർദിക് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത് ഇങ്ങനെ: "ഞാൻ തിരഞ്ഞെടുത്ത ജീവിതം പൊതുജനശ്രദ്ധ ആവശ്യപ്പെടുന്നുണ്ടെന്ന് എനിക്ക് അറിയാം. എന്നാൽ ഇന്ന് സംഭവിച്ചത് എല്ലാ അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു. ബാന്ദ്രയിലെ റസ്റ്റോറന്റിലെ പടികൾ ഇറങ്ങുക മാത്രമായിരുന്നു മാഹിക ചെയ്തത്. എന്നാൽ ഒരു സ്ത്രീയും അർഹിക്കാത്ത കോണിൽ നിന്ന് പാപ്പരാസികൾ അവളെ പകർത്താൻ തീരുമാനിച്ചു. ഒരു സ്വകാര്യ നിമിഷത്തെ വിലകുറഞ്ഞ സെൻസേഷണലിസമാക്കി മാറ്റി."



മാഹികയെ ഇങ്ങനെ ചിത്രീകരിച്ചതിനെ "അപമര്യാദയായി" അദ്ദേഹം വിശേഷിപ്പിച്ചു. "ഇത് കേവലം തലക്കെട്ടുകളെക്കുറിച്ചോ ആരാണ് ക്ലിക്കുചെയ്തതിനെക്കുറിച്ചോ ഉള്ളതല്ല. അടിസ്ഥാനപരമായ ബഹുമാനത്തെക്കുറിച്ചാണ്. സ്ത്രീകൾക്ക് അന്തസ്സും എല്ലാവർക്കും സ്വകാര്യ അതിർവരമ്പുകളും അർഹതയുണ്ട്," ഹാർദിക് വ്യക്തമാക്കി.

എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്ന മാധ്യമ സഹോദരങ്ങളെ താൻ ബഹുമാനിക്കുന്നുവെന്നും, എന്നാൽ കൂടുതൽ ശ്രദ്ധയോടെ പെരുമാറണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എല്ലാം പകർത്തേണ്ടതില്ല, എല്ലാ കോണുകളും എടുക്കേണ്ടതില്ല. ഈ കളിയിൽ കുറച്ച് മനുഷ്യത്വം നിലനിർത്താം," ഹാർദിക് കുറിച്ചു. മുൻപ് ബോളിവുഡ് നടി ജയാ ബച്ചനും പാപ്പരാസി സംസ്കാരത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് വിമർശനം ഉന്നയിച്ചിരുന്നു.