കട്ടക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിന് അയച്ചു. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ 2026 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് അഞ്ചുമത്സരങ്ങളടങ്ങിയ ഈ പരമ്പര ഏറെ നിര്‍ണായകമാണ്. സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പകരം ജിതേഷ് ശര്‍മയാണ് വിക്കറ്റ് കീപ്പര്‍. കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടില്ല.

കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ 2023ല്‍ പുതുതായി നിര്‍മിച്ച ചുവന്ന കളിമണ്ണുകൊണ്ടുള്ള പിച്ചിലാണ് മത്സരം. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ച പേസര്‍ ജസ്പ്രീത് ബുമ്രയും പരിക്കുമൂലം പുറത്തായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ മൂന്നാം പേസറായി അര്‍ഷ്ദീപ് സിംഗും പ്ലേയിംഗ് ഇലവനില്‍ ഇടം നേടി.

സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തിയും അക്‌സര്‍ പട്ടേലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറും പുറത്തായി. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നീണ്ട നാളത്തെ ഇടവേളക്കേുശേഷം പേസര്‍ ആന്റിച്ച് നോര്‍ക്യ തിരിച്ചെത്തി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്.

കഴുത്തിനേറ്റ പരിക്കില്‍നിന്ന് മുക്തനായി ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തി. നേരത്തേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയും ഏകദിനത്തില്‍ ഇന്ത്യയുമാണ് പരമ്പര നേടിയിരുന്നത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ഇന്ത്യ ടി20 പരമ്പര തോറ്റിട്ടില്ല. ആ റെക്കോഡ് നിലനിര്‍ത്താന്‍കൂടിയാണ് ഇന്ത്യ ഇറങ്ങുക. അഞ്ചുമത്സരങ്ങളാണ് പരമ്പരയിലുള്ളത്. കട്ടക്കില്‍ മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഒരു അന്താരാഷ്ട്ര ടി20 മത്സരം നടക്കുന്നത്. ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു അന്ന് ജയം.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, ഏയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്യ.

ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്.