- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കണം; അബുദബിയിലേക്കു പോകാന്‍ അനുമതി നല്‍കണം; ആഷസ് ടെസ്റ്റിനിടെ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് അവധിക്ക് അപേക്ഷ നല്‍കി ഡാനിയല്‍ വെറ്റോറി
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന് വേണ്ടി പങ്കെടുക്കാന്‍ ആഷസ് ടെസ്റ്റിനിടെ അവധി ചോദിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് പരിശീലകന്‍ ഡാനിയല്‍ വെറ്റോറി. ലേലത്തില്‍ പങ്കെടുക്കുന്നതിനായി അബുദബിയിലേക്കു പോകാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഹെഡ് കോച്ചായ വെറ്റോറി ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് അപേക്ഷ നല്‍കി. ഡിസംബര്‍ 16നാണ് ഐപിഎല്‍ മിനി ലേലം നടക്കുന്നത്.
ഡിസംബര്‍ 17 മുതലാണ് ആഷസ് ടെസ്റ്റിലെ മൂന്നാം മത്സരം നടക്കേണ്ടത്. ആദ്യ രണ്ടു മത്സരങ്ങള്‍ വിജയിച്ച ഓസീസ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 20ന് മുന്നിലാണ്. അതേസമയം ആഷസ് കമന്ററി പാനലിലുള്ള പഞ്ചാബ് കിങ്‌സ് ഹെഡ് കോച്ച് റിക്കി പോണ്ടിങ് ലേലത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ പഞ്ചാബ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ അബുദബിയിലെത്തും.
കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിഷ്, മാത്യു ഷോര്‍ട്ട്, കൂപര്‍ കോണോലി, ബ്യൂ വെബ്സ്റ്റര്‍ തുടങ്ങി 19 ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്‍ ലേലത്തിന്റെ ഭാഗമാകും. രണ്ടു കോടി അടിസ്ഥാന വിലയുള്ള കാമറൂണ്‍ ഗ്രീനിനു വേണ്ടി ലേലത്തില്‍ ശക്തമായ പോരാട്ടമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ലേലത്തിനായി റജിസ്റ്റര്‍ ചെയ്ത 1,390 താരങ്ങളില്‍ 1,005 പേരെ ഒഴിവാക്കിയശേഷമാണ് സംഘാടകര്‍ 350 താരങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. ഇവരില്‍ 240 പേര്‍ ഇന്ത്യക്കാരാണ്. 16ന് അബുദാബിയില്‍ നടക്കുന്ന താരലേലത്തില്‍ പരമാവധി 77 കളിക്കാരെയാണ് 10 ഫ്രാഞ്ചൈസികള്‍ ചേര്‍ന്ന് സ്വന്തമാക്കുക. ഇതില്‍ 31 സ്ലോട്ടുകള്‍ വിദേശ താരങ്ങളുടേതാണ്. 10 രാജ്യങ്ങളില്‍നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കും.
2021ല്‍ അവസാന ഐപിഎല്‍ കളിച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തും വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡികോക്കും ലേലപ്പട്ടികയിലുണ്ട്. ലേലത്തിലെ ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി രൂപ ക്ലബ്ബില്‍ ആകെ 40 താരങ്ങള്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യക്കാരായി വെങ്കടേഷ് അയ്യരും രവി ബിഷ്‌ണോയിയും മാത്രമാണുള്ളത്. ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റന്‍ തുടങ്ങിയവര്‍ക്കും 2 കോടിയാണ് അടിസ്ഥാന വില.




