- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജുവിന് പകരമെത്തിയിട്ട് അര്‍ധ സെഞ്ചുറി പോലുമില്ല; ഓപ്പണിങ്ങില്‍ ക്ലിക്കാകാതെ ശുഭ്മാന്‍ ഗില്‍; വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്റെ കാര്യം തീരുമാനമായെന്ന് അശ്വിന്‍
ചെന്നൈ: ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ കണ്ടെത്താനുള്ള നിര്‍ണായക പരമ്പരകള്‍ അരങ്ങേറുമ്പോഴും സഞ്ജു സാംസണ് ടീമില്‍ അവസരം ലഭിക്കാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. ഓപ്പണിങ്ങില്‍ അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ സഖ്യം ക്ലിക്കായി നില്‍ക്കുമ്പോളാണ് ശുഭ്മന്‍ ഗില്ലിനെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയാണ് ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് സഞ്ജുവിനെ ഓപ്പണിങ്ങില്‍നിന്നുമാറ്റി ഗില്ലിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.
അതിനുശേഷം കളിച്ച 13 ഇന്നിങ്‌സുകളില്‍ കേവലം രണ്ടെണ്ണത്തില്‍ മാത്രമാണ് 40-നുമുകളില്‍ താരം സ്‌കോര്‍ചെയ്തത്. ഇതുവരെ സെഞ്ചുറിയോ അര്‍ധസെഞ്ചുറിയോ വന്നിട്ടുമില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യമത്സരത്തില്‍ നാലു റണ്‍സിന് പുറത്തായതോടെ ഗില്ലിനുനേരേയുള്ള വിമര്‍ശനം കടക്കും.
ഐപിഎല്ലില്‍ ഓപ്പണറായി മികച്ച ഫോമിലായിരുന്നെങ്കിലും അതിവേഗക്രിക്കറ്റിന് ചേര്‍ന്നതല്ല ഗില്ലിന്റെ ശൈലിയെന്ന് നേരത്തേത്തന്നെ വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെയാണ് ഓപ്പണിങ്സ്ഥാനം നല്‍കിയത്. ഏഷ്യാ കപ്പില്‍ യുഎഇയ്ക്കെതിരേ പുറത്താകാതെ 20 റണ്‍സ് നേടിയാണ് തുടക്കം. അതിനുശേഷം 40 റണ്‍സിനു മുകളില്‍ സ്‌കോര്‍ചെയ്തത് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേയും (47), ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യമത്സരത്തിലും (46) മാത്രം. 13 ഇന്നിങ്‌സുകളില്‍ സ്‌കോര്‍ ചെയ്തത് വെറും 263 റണ്‍സ്.
ട്വന്റി 20യില്‍ 34 മത്സരങ്ങളില്‍ കളിച്ച ഗില്‍ 841 റണ്‍സാണ് ആകെ നേടിയത്. 43 ഇന്നിങ്‌സ് കളിച്ച സഞ്ജു 995 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയുമുണ്ട്. ഗില്‍ മങ്ങിയ ഫോമില്‍ കളിക്കുന്നതോടെ സഞ്ജുവിനെ ഓപ്പണറായി കൊണ്ടുവരണമെന്ന ആവശ്യം മുന്‍താരങ്ങളടക്കം ഉയര്‍ത്തുന്നുണ്ട്. ഇതിനൊപ്പം മികച്ച ഫോമിലുള്ള യശസ്വി ജയ്‌സ്വാളിനും അവസരം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. അതുകൊണ്ടുതന്നെ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങള്‍ ഗില്ലിന് നിര്‍ണായകമാണ്.
വിമര്‍ശനവുമായി അശ്വിന്‍
ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും മലയാളി താരം സഞ്ജു സാംസണെ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പുറത്തിരുത്തിയതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടീമിലെടുത്ത നിമിഷം തന്നെ സഞ്ജുവിന്റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനത്തില്‍ ഒരു തീരുമാനമായെന്ന് അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.
സഞ്ജുവിനെ ആദ്യ മത്സരത്തില്‍ കളിപ്പിക്കാത്തതിനെക്കുറിച്ച് പുറത്ത് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എപ്പോഴത്തെയുംപോലെ എന്തുകൊണ്ട് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കി എന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ മുഴുവന്‍. എന്നാല്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ട്വന്റി 20 ടീമിലെടുത്ത നിമിഷം തന്നെ പ്ലേയിംഗ് ഇലവനിലെ സഞ്ജുവിന്റെ സ്ഥാനം പ്രതിസന്ധിയിലായതാണ്. സഞ്ജുവിന് മതിയായ അവസരങ്ങള്‍ കിട്ടിയോ എന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗില്ലിനെ ടീമിലെടുത്തത് കൊണ്ടുമാത്രമല്ല, വൈസ് ക്യാപ്റ്റനാക്കുക കൂടി ചെയ്തതാണ് പ്ലേയിംഗ് ഇലവനിലെ സഞ്ജുവിന്റെ സ്ഥാനത്തിന് ഭീഷണിയായത്.
സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങുന്ന ശുഭ്മാന്‍ ഗില്ലിന് ഇതുവരെ തിളങ്ങാനുമായിട്ടില്ല. പക്ഷെ വൈസ് ക്യാപ്റ്റന്‍ സ്ഥാനമുള്ളതിനാല്‍ പ്ലേയിംഗ് ഇലവനില്‍ ഗില്ലിന്റെ സ്ഥാനത്തിന് തല്‍ക്കാലത്തേക്കെങ്കിലും ഭീഷണിയില്ല. പക്ഷെ അപ്പോഴും ഓപ്പണറെന്ന നിലയില്‍ ഗില്ലിന്റെ പ്രകടനം സൂഷ്മമായി വിലയിരുത്തപ്പെടുന്നുണ്ട്. അതിന് കാരണം, സഞ്ജുവിനെപ്പോലെ മികവ് തെളിയിച്ചൊരു താരം പുറത്തിരിക്കുന്നു എന്നതുകൊണ്ടാണ്.
ഗില്‍ വന്നശേഷം സഞ്ജുവിനെ ഇപ്പോള്‍ ടീമിലേക്ക് പരിഗണിക്കുന്ന റോളിന് ശരിക്കും അവന്‍ അനുയോജ്യമല്ല. കാരണം, ബാറ്റിംഗ് ഓര്‍ഡറിലെ അഞ്ചാം നമ്പര്‍ സ്ഥാനം സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയോട് യോജിക്കുന്നത് അല്ല. ജിതേഷ് ശര്‍മയെപ്പോലൊരു ഫിനിഷര്‍ അല്ല സഞ്ജു. അതുകൊണ്ട് തന്നെ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നുവെങ്കില്‍ അത് ഓപ്പണറായോ അല്ലെങ്കില്‍ മൂന്നാം നമ്പറിലോ ആയിരിക്കണം. സ്പിന്നിനെതിരെ കളിക്കാന്‍ സഞ്ജുവിന് അവസരം നല്‍കുകയാണ് വേണ്ടതെന്നും അശ്വിന്‍ പറഞ്ഞു.




