അഹമ്മദാബാദ്: വിദേശ പര്യടനത്തിന് പോയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ചില താരങ്ങള്‍ സദാചാര വിരുദ്ധമായ ചില കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന വിവാദ പരാമര്‍ശവുമായി സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. താരങ്ങള്‍ക്ക് പല സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാര്‍മികതയ്ക്ക് നിരക്കാത്തത് ചെയ്യാറുണ്ടെന്നും റിവാബ തുറന്നടിച്ചു. തന്റെ ഭര്‍ത്താവ് വളരെ മാന്യമായാണ് പുറത്തും പെരുമാറിയിട്ടുള്ളതെന്നും സ്വന്തം തൊഴിലിനെ കുറിച്ച് നല്ല ബോധ്യവും ഉത്തരവാദിത്ത ബോധവും ഉള്ളവനാണ് ജഡേജയെന്നും ഗുജറാത്തിലെ ദ്വാരകയില്‍ നടന്ന ഒരു രാഷ്ട്രീയ ചടങ്ങില്‍ സംസാരിക്കുന്നതിനിടെ റിവാബ പറഞ്ഞു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയം വലിയ ചര്‍ച്ചയായിട്ടുണ്ട്.

ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ചിലര്‍ക്ക് പല സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാര്‍മികതയ്ക്ക് നിരക്കാത്തത് ചെയ്യാറുണ്ടെന്നും റിവാബ പറയുന്നു.

രവീന്ദ്ര ജഡേജയുടെ മാന്യതയെക്കുറിച്ചും ഉത്തരവാദിത്ത ബോധത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങളെ സംശയമുനയിലാക്കിയ റിവാബയുടെ വാക്കുകള്‍. തന്റെ ഭര്‍ത്താവ് വളരെ മാന്യമായാണ് പുറത്തും പെരുമാറിയിട്ടുള്ളത്. സ്വന്തം തൊഴിലിനെ കുറിച്ച് നല്ല ബോധ്യവും ഉത്തരവാദിത്തബോധവും അദ്ദേഹത്തിനുണ്ട്. ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്. പലതരം സ്ഥലങ്ങളില്‍ എത്തിയിട്ടും ഏതെങ്കിലും ആസക്തികളിലേക്കോ മോശപ്പെട്ട കാര്യങ്ങളിലേക്കോ അദ്ദേഹം തിരിഞ്ഞിട്ടില്ല എന്നും റിവാബ പറഞ്ഞു.

''ലണ്ടനിലും ദുബായിലും ഓസ്‌ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്. പലതരം സ്ഥലങ്ങളില്‍ എത്തിയിട്ടും ഏതെങ്കിലും ആസക്തികളിലേക്കോ മോശപ്പെട്ട കാര്യങ്ങളിലേക്കോ അദ്ദേഹം തിരിഞ്ഞിട്ടില്ല.'' റിവാബ പറഞ്ഞു. മറ്റുതാരങ്ങള്‍ സദാചാര വിരുദ്ധമായ പല പ്രവര്‍ത്തികളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും ജഡേജ അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുന്നത് അദ്ദേഹത്തിനുള്ളിലെ ഉത്തരവാദിത്ത ബോധം കൊണ്ടാണെന്നും റിവാബ വ്യക്തമാക്കി. അതേസമയം, എന്തു പ്രവര്‍ത്തിയെന്നോ ആരൊക്കെയാണെന്നേ തുടങ്ങിയ കാര്യങ്ങള്‍ റിവാബ വെളിപ്പെടുത്തിയില്ല.

രവീന്ദ്ര ജഡേജയുടെയും സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും പുകഴ്ത്തിയാണ് റിവാബ സംസാരം തുടങ്ങിയത്. വിദേശ പരമ്പരകളില്‍ കളിക്കാനായി ലണ്ടന്‍, ദുബായ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെല്ലാം ജഡേജ പതിവായി പോവാറുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ പോകുമ്പോഴെല്ലാം മോശമായ പലകാര്യങ്ങളില്‍ നിന്നും ജഡേജ ബോധപൂര്‍വം അകലം പാലിക്കാറുണ്ട്. എന്നാല്‍ മിറ്റ് ചില താരങ്ങള്‍ അങ്ങനെയല്ല. അവരില്‍ പലരും തെറ്റായ കാര്യങ്ങള്‍ ചെയ്യാറുണ്ട്. തന്റെ അനുമതിയില്ലെങ്കിലും രവീന്ദ്രക്കും വേണമെങ്കില്‍ ഇത്തരത്തില്‍ വഴിതെറ്റാനുള്ള അവസരം ഉണ്ടെങ്കിലും അദ്ദേഹം ഒരിക്കലും അത് ചെയ്യില്ല. കാരണം അദ്ദേഹത്തിന് പ്രഫഷണല്‍ കളിക്കാരനെന്ന നിലയിലുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ വിദേശപരമ്പകളില്‍ അദ്ദഹേം നെഗറ്റീവായ പലകാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാറുണ്ടെന്നും റിവാബ പറഞ്ഞു.

ഏതൊക്കെ ഇന്ത്യന്‍ താരങ്ങളാണ് ഇത്തരത്തില്‍ തെറ്റായ വഴിയിലൂടെ പോയതെന്ന് റിവാബ വ്യക്തമാക്കിയില്ലെങ്കിലും പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശമനമാണ് ഉയര്‍ന്നത്. ജഡേജയൊഴികെ മറ്റ് താരങ്ങളെയെല്ലാം സംശയമുനയില്‍ നിര്‍ത്തുന്നതാണ് റിവാബയുടെ പ്രസ്താവന എന്നാണ് വിലയിരുത്തല്‍. ഏതൊക്കെ താരങ്ങളാണ് ഇത്തരത്തില്‍ തെറ്റായ വഴിയിലൂടെ പോകുന്നതെന്ന് റിവാബ തെളിച്ചു പറയണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു. റിവാബ പറഞ്ഞത് സത്യമാണെങ്കില്‍ രാജ്യത്തിന് കൂടി നാണക്കേടാണ് താരങ്ങളുടെ പ്രവര്‍ത്തിയെന്നു ചിലര്‍ ആരോപിച്ചു. അതേസമയം, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമായി പറയാതെ ഇത്തരത്തില്‍ സംസാരിക്കുന്നത് ശരിയല്ലെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.

ട്വന്റി20യില്‍നിന്നു വിരമിച്ച രവീന്ദ്ര ജഡേജ, ഏകദിനത്തിലും ടെസ്റ്റിലും മാത്രമാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞതോടെ വിശ്രമത്തിലാണ് താരം ഇപ്പോള്‍. ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ജഡേജ കളിച്ചേക്കും. ഐപിഎലില്‍ താരം ഇക്കുറി രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാകും ഇറങ്ങുക. ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ വാങ്ങിയതോടെയാണ് ജഡേജ റോയല്‍സിലെത്തിയത്.