അബുദാബി: ആരാധകര്‍ പ്രതീക്ഷിച്ചപോലെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശതാരമായി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. ഐപിഎല്‍ 19ാം സീസണു മുന്നോടിയായി അബുദാബിയില്‍ നടക്കുന്ന മിനി താരലേലത്തില്‍ 25.20 കോടി രൂപയ്ക്കാണ് ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ചത്. 2024 ലേലത്തില്‍ 24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത തന്നെ സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു ഇതുവരെ മിനി ലേലത്തിലെ വിലകൂടിയ താരം. സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡാണ് സഹതാരമായ ഗ്രീന്‍ തകര്‍ത്തത്.

25.20 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തിയെങ്കിലും കാമറൂണ്‍ ഗ്രീനിന് കൈയില്‍ കിട്ടുക 18 കോടി രൂപ മാത്രം. ടീമിലെ വിദേശതാരത്തിന് ലേലത്തില്‍ നല്‍കാവുന്ന പരമാവധി തുകയ്ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ നിബന്ധനയാണ് റെക്കോര്‍ഡ് തുകയക്ക് കൊല്‍ക്കത്തയിലെത്തിയെങ്കിലും ഗ്രീനിന് 18 കോടി രൂപ മാത്രം കിട്ടാന്‍ കാരണമായത്.

ടീമില്‍ നിലനിര്‍ത്തുന്ന താരത്തിന് മുടക്കിയ ഉയര്‍ന്ന തുകയോ, വിളിച്ചെടുത്തൊരു വിദേശ താരത്തിനായി മുടക്കുന്ന ഉയര്‍ന്ന തുകയോ ഏതാണ് കുറവെങ്കില്‍ അത് മാത്രമാകും എത്ര ഉയര്‍ന്ന തുകയക്ക് ഒരു വിദേശ താരത്തെ വിളിച്ചെടുത്താലും ആ വിദേശ താരത്തിന് കൈയില്‍ കിട്ടുക. നിലവില്‍ ഒരു ടീമിന് നിലനിര്‍ത്തുന്ന താരങ്ങള്‍ക്കായി പരമാവധി മുടക്കാവുന്ന തുക 18 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 25.20 കോടി രൂപക്ക് കൊല്‍ക്കത്ത വിളിച്ചെടുത്താലും ഗ്രീനിന് 18 കോടി രൂപ മാത്രം കൈയില്‍ കിട്ടുക.

മിനി ലേലത്തില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങളുടെ പരമാവധി വേതനം റിട്ടന്‍ഷന്‍ സ്ലാബായ (ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ക്കു നല്‍കുന്ന പരമാവധി തുക) 18 കോടി രൂപയില്‍ കൂടരുത് എന്നാണ് നിബന്ധന. ഇതോടെ ഗ്രീനിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത മുടക്കിയ 25.20 കോടി രൂപയിലെ ബാക്കി വരുന്ന 7.20 കോടി രൂപ കൊല്‍ക്കത്ത ബിസിസിഐക്ക് നല്‍കണം. കളിക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബിസിസിഐ ഫണ്ടിലേക്കാവും ഈ തുക പോകുക. 2024ലെ ഐപിഎല്‍ മിനി താരലേലത്തില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി രൂപക്ക് വിളിച്ചെടുത്തതായിരുന്നു ഐപിഎല്‍ ലേലത്തില്‍ ഒരു വിദേശ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുക. ആ റെക്കോര്‍ഡാണ് ഗ്രീന്‍ ഇന്ന് മറികടന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓസീസ് നായകന്‍ പാറ്റ് കമിന്‍സിനെ 20.50 കോടി രൂപക്ക് വിളിച്ചെടുത്തതാണ് വിദേശതാരത്തിന് ലഭിച്ച മൂന്നാമത്തെ ഉയര്‍ന്ന തുക.

2025 ലേലത്തില്‍ 27 കോടി രൂപയ്ക്ക് ലക്‌നൗ ടീം സ്വന്തമാക്കിയ ഋഷഭ് പന്താണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം. അതേ ലേലത്തില്‍ 26.75 കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയ ശ്രേയസ്സ് അയ്യരാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് ഇനി കാമറൂണ്‍ ഗ്രീന്‍. താരത്തിനു വേണ്ടി വാശിയേറിയ ലേലം വിളിയാണ് നടന്നത്. അടിസ്ഥാന വിലയായ രണ്ടു കോടിക്ക് മുംബൈ ഇന്ത്യന്‍സാണ് ആദ്യം ഗ്രീനിനു വേണ്ടി രംഗത്തെത്തിയത്. പിന്നീട് ഇവര്‍ പിന്മാറി. രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ ഇതിനു ശേഷം ലേലം വിളി ഏറ്റെടുത്തു.

പത്തു കോടിയും കടന്ന് ലേലം വിളി കുതിച്ചു. 64.30 കോടി പഴ്‌സിലുള്ള കൊല്‍ക്കത്തയുടെ വിളിയില്‍ ആരും അദ്ഭുതപ്പെട്ടില്ലെങ്കിലും ആകെ 16.05 കോടിയുമായി ലേലത്തിന് എത്തിയ രാജസ്ഥാന്റെ 'അതിരുകടന്ന' വിളി എല്ലാവരും അമ്പരപ്പിച്ചു. 13.60 കോടി വരെ ഗ്രീനിനു വേണ്ടി രാജസ്ഥാന്‍ വിളിച്ചെങ്കിലും കൊല്‍ക്കത്ത വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്നതോടെ അവര്‍ പിന്മാറി. പിന്നീടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കളത്തിലിറങ്ങിയത്. ഗ്രീനിനു വേണ്ടി സിഎസ്‌കെയുടെ 'എന്‍ട്രി' കരഘോഷത്തോടെയാണ് ലേലമുറിയിലെ എല്ലാവരും സ്വീകരിച്ചത്.

ഇതോടെ ഗ്രീനിന്റെ തുക 15 കോടിയും 20 കടന്ന് കുതിച്ചു. 25 കോടിയും കടന്നതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഗ്രീന്‍ മാറുമോ എന്ന ആകാംക്ഷ എല്ലാവരിലുമുണ്ടായി. ഒടുവില്‍ 25.20 കോടിക്ക് കൊല്‍ക്കത്ത, ഗ്രീനിനെ സ്വന്തമാക്കുകയായിരുന്നു.

പതിരാനയും കോടിപതി

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൈവിട്ട ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനക്കായി റെക്കോര്‍ഡ് ലേലം വിളി. രണ്ട് കോടി രൂപ അടിസ്ഥാന വിലക്ക് തുടങ്ങിയ ലേലം വിളിയില്‍ തുടക്കത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് ഇഞ്ചോടിഞ്ച് മത്സരിച്ചത്. പതിരാനക്കായി ഒടുവില്‍ ലക്‌നൗ 16 കോടി മുടക്കാന്‍ ലക്‌നൗ തയാറായതോടെ ഡല്‍ഹി പിന്‍മാറി. 20 കോടി രൂപമാത്രം കൈവശമുള്ളപ്പോഴായിരുന്നു പതിരാനക്കായി ലക്‌നൗ 16 കോടി മുടക്കാന്‍ തയാറായത്.

എന്നാല്‍ പതിരാനയെ സ്വന്തമാക്കിയതിന്റെ സന്തോഷത്തില്‍ ലക്‌നൗ ഉടമ സഞ്ജീവ് ഗോയങ്ക ഇരിക്കുമ്പോഴാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മാസ് എന്‍ട്രി. എന്നാല്‍ കൊല്‍ക്കത്തക്ക് പതിരാനയെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ സഞ്ജീവ് ഗോയങ്ക സമ്മതിച്ചില്ല. ഒടുവില്‍ കൊല്‍ക്കത്തയുമായി വാശിയേറിയ വിളിക്കൊടുവില്‍ 18 കോടി രൂപക്ക് ലങ്കന്‍ പേസറെ കൊല്‍ക്കത്തക്ക് വിട്ടുകൊടുക്കാന്‍ ലക്‌നൗ തയാറായി.

നേരത്തെ കാമറൂണ്‍ ഗ്രീനിനായി 25.20 കോടി മുടക്കിയ കൊല്‍ക്കത്ത പതിരാനക്ക് 18 കോടി കൂടി മുടക്കിയതോടെ രണ്ട് വീദേശ താരങ്ങള്‍ക്ക് മാത്രമായി 43 കോടി രൂപയാണ് വാരിയെറിഞ്ഞത്. 2025ലെ ഐപിഎല്‍ മെഗാ താരലേലത്തില്‍ 13 കോടി രൂപ മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പതിരാനയെ നിലനിര്‍ത്തിയത്.

ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റി, ഇന്ത്യന്‍ പേസര്‍ ആകാശ്ദീപ് എന്നിവര്‍ക്ക ആദ്യ റൗണ്ട് ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. ലേലത്തില്‍ ആവശ്യക്കാരുണ്ടാകുമെന്ന് കരുതിയ സ്പിന്നര്‍ രാഹുല്‍ ചാഹറിനും ആദ്യ റൗണ്ട് ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. കൊല്‍ക്കത്ത ഒഴിവാക്കിയ ഓള്‍റൗണ്ടര്‍ വെങ്കിടേഷ് അയ്യറിനെ ഏഴ് കോടി മുടക്കി ആര്‍സിബി ടീമിലെത്തിച്ചു.

ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയ് ഏഴ് കോടി ഇരുപത് ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തി. അഖീല്‍ ഹൊസെയ്‌ന് വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ട് കോടി മുടക്കി. ന്യൂസിലന്‍ഡ് പേസര്‍ ജേക്കബ് ഡെഫിയെ രണ്ട് കോടി മുടക്കി ആര്‍സിബി ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ അന്‍ട്രിച് നോര്‍ച്യെ രണ്ട് കോടി രൂപയ്ക്ക് ലക്‌നൗ സൂപ്പര്‍ ജയന്‍സിലെത്തി. ക്വിന്റന്‍ ഡി കോക്കിനെ ഒരു കോടി രൂപയ്ക്ക് മുംബൈ ടീമിലെത്തിച്ചു. ഇംഗ്ലണ്ട് ഓപ്പണര്‍ ബന്‍ ഡക്കറ്റിനെ രണ്ട് കോടി മുടക്കി ഡല്‍ഹി ക്യാപിറ്റല്‍സില്‍ ഇടംപിടിച്ചു. ഫിന്‍ അലന്‍ രണ്ട് കോടി നേടി. കൊല്‍ക്കത്തയാണ് ന്യൂസിലന്‍ഡ് ഓപ്പണറെ ടീമിലെത്തിച്ചത്. ശ്രീലങ്കന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയെ രണ്ട് കോടിക്ക് ലക്‌നൗ സൂപ്പര്‍ ജയന്‍സ് ടീമിലെത്തിച്ചു. ഡേവിഡ് മില്ലര്‍ രണ്ട് കോടിക്ക് സ്വന്തമാക്കി ഡല്‍ഹി അക്കൗണ്ട് തുറന്നത്.