- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്വിനും ചെഹലും ടീം വിട്ടതോടെ ദുര്‍ബലമായ ബൗളിംഗ് നിര; ജഡേജയെ ടീമിലെത്തിച്ചതിന് പിന്നാലെ നിര്‍ണായക നീക്കം; മുംബൈയില്‍ അരങ്ങേറ്റം കസറിയ വിഘ്നേഷ് പുത്തൂരിനെയും സ്വന്തമാക്കി; സഞ്ജു പോയാലും മലയാളി ഇഫക്ട് തുടരാന്‍ രാജസ്ഥാന് റോയല്‍സ്
അബുദബി: മുംബൈ ഇന്ത്യന്‍സില്‍ അരങ്ങേറ്റം കളറാക്കിയ ചൈനാമാന്‍ സ്പിന്നറായ മലയാളി താരം വിഘ്നേഷ് പുത്തൂര്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനായി പന്തെറിയും. ഐപിഎല്‍ താരലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് മലയാളി താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു വിഘ്നേഷ്. അരങ്ങേറ്റ ഐപിഎല്‍ സീസണില്‍ തന്നെ മിന്നും ബൗളിംഗ് പ്രകടനമായിരുന്നു വിഘ്നേഷ് നടത്തിയിരുന്നത്. ലേലത്തില്‍ വിഘ്‌നേഷിന്റെ പേര് വന്നപ്പോള്‍ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് അടക്കം മറ്റ് ടീമുകളൊന്നും രംഗത്തുവരാതിരുന്നതോടെയാണ് അടിസ്ഥാന വിലക്ക് തന്നെ വിഘ്‌നേഷിനെ രാജസ്ഥാന് സ്വന്തമാക്കാനായത്.
ഐപിഎല്ലില്‍ മുംബൈക്കായി അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് താരം കളത്തില്‍ ഇറങ്ങിയത്. മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം ഇമ്പാക്ട് പ്ലെയര്‍ ആയാണ് വിഘ്നേശ് കളത്തിലിറങ്ങിയത്. മത്സരത്തില്‍ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. തന്റെ ആദ്യ ഓവറില്‍ തന്നെ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കിയാണ് കേരള താരം തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നീട് ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെയും വീഴ്ത്തി വിഘ്നേഷ് തിളങ്ങി. എന്നാല്‍ പരുക്ക് മൂലം താരം പിന്നീട് ഐപിഎല്ലില്‍ നിന്നും പുറത്താവുകയായിരുന്നു. ഇത്തവണ ഐപിഎല്‍ മിനി താരലേതത്തിന് മുമ്പ് വിഘ്‌നേഷിനെ മുംബൈ കൈയൊഴിഞ്ഞെങ്കിലും താരത്തിന്റെ തുടര്‍ ചികിത്സകള്‍ക്കായി എല്ലാ സഹായവും ടീം വാഗ്ദാനം ചെയ്തിരുന്നു.
കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്ന വിഘ്‌നേഷിന് പരിക്കുമൂലം ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായി. എന്നാല്‍ മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി സീനിയര്‍ തലത്തില്‍ അരങ്ങേറ്റം കുറിച്ച വിഘ്‌നേഷ് നാലു മത്സരങ്ങളില്‍ ആറ് വിക്കറ്റ് നേടി തിളങ്ങി. ചത്തീസ്ഗഡിനെതിരെ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. കേരളത്തിനായി നേരത്തെ അണ്ടര്‍ 14,19,23 ടീമുകളില്‍ വിഘ്‌നേഷ് കളിച്ചിട്ടുണ്ടെങ്കിലും സീനിയര്‍ തലത്തില്‍ കളിക്കുന്നത് ആദ്യമായിട്ടായിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിഘ്‌നേഷ്ര്‍ പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റെയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റെയും മകനാണ്.
ഇത്തവണ ഏഴ് താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്തത്. വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, കുമാര്‍ കാര്‍ത്തികേയ, കുനാല്‍ റാത്തോഡ്, അശോക് ശര്‍മ, ആകാശ് മധ്വാള്‍ എന്നീ താരങ്ങളെയാണ് രാജസ്ഥാന്‍ റിലീസ് ചെയ്തത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, നിതീഷ് റാണാ എന്നിവരെ ട്രേഡിങ്ങിലൂടെ രാജസ്ഥാന്‍ മറ്റ് ടീമുകള്‍ക്ക് കൈമാറിയിരുന്നു. സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്സിനാണ് റോയല്‍സ് ട്രേഡ് ചെയ്തത്.
സിഎസ്‌കെയില്‍ നിന്നും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറന്‍ എന്നിവരെ രാജസ്ഥാന്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരുന്നു. നിതീഷ് റാണയെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനാണ് കൈമാറിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം രണ്ട് തവണ ഐപിഎല്‍ കിരീടം നേടാന്‍ റാണക്ക് സാധിച്ചിരുന്നു.
അതേസമയം യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, ക്വേന മഫാക, ഷിംറോണ്‍ ഹെറ്റ്മെയര്‍, ശുഭം ദുബെ, യുധ്വിര്‍ സിംഗ്, ജോഫ്ര ആര്‍ച്ചര്‍ എന്നീ താരങ്ങളെ രാജസ്ഥാന്‍ നിലനിര്‍ത്തുകയും ചെയ്തു. 2025 ഐപിഎല്ലില്‍ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ നിന്നും നാല് വിജയവും 10 തോല്‍വിയും അടക്കം എട്ട് പോയിന്റായിരുന്നു രാജസ്ഥാന്‍ നേടിയിരുന്നത്.




