അബുദാബി: ഐപിഎല്‍ താരലേലത്തില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ മുംബൈയ്ക്കായി മിന്നുന്ന പ്രകടനം കാഴ്ചവച്ചതായിരുന്നു സര്‍ഫറാസ് ഖാന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് വഴിതുറന്നത്. താരലേലത്തില്‍ ആദ്യ റൗണ്ടില്‍ ആരും ടീമിലെടുക്കാതിരുന്ന ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാനെ രണ്ടാം റൗണ്ട് ലേലത്തില്‍ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്കാണ് സര്‍ഫറാസിനെ ചെന്നൈ ടീമിലെടുത്തത്. മറ്റ് ടീമുകളാരും സര്‍ഫറാസിനായി രംഗത്തുവന്നിരുന്നില്ല.

ഐപിഎല്‍ ലേലം തുടങ്ങുന്നിന് തൊട്ടുമുമ്പ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി 15 പന്തില്‍ അര്‍ധസെഞ്ചുറി നേടി സര്‍ഫറാസ് തിളങ്ങിയിരുന്നു.22 പന്തില്‍ 73 റണ്‍സടിച്ച് മുംബൈയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു. ആറ് ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു സര്‍ഫറാസിന്റെ ഇന്നിംഗ്‌സ്. ആദ്യ റൗണ്ടില്‍ ആവശ്യക്കാരില്ലാതെ പോയ താരങ്ങളെ വീണ്ടും ലേലത്തിന് വെച്ചപ്പോഴാണ് സര്‍ഫറാസിനെ ചെന്നൈ സ്വന്തമാക്കിയത്.

ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി സര്‍ഫറാസ് ഖാന്‍ രംഗത്ത് വന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഫ്രാഞ്ചൈസിക്ക് നന്ദി പറഞ്ഞത്. ഒരു വീഡിയോയും സര്‍ഫറാസ് പങ്കുവെച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നുംപ്രകടനമാണ് താരത്തിന് ഐപിഎല്ലിലേക്കുള്ള വഴി തുറന്നത്.

എനിക്ക് പുതുജീവന്‍ നല്‍കിയതിന് സിഎസ്‌കെയ്ക്ക് നന്ദി. - സര്‍ഫറാസ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റും താരം പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെപ്പേരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും താരം റിഷെയര്‍ ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഐപിഎല്ലില്‍ തിരിച്ചെത്തുന്നത്. 2023 ഏപ്രിലിലാണ് സര്‍ഫറാസ് അവസാനമായി ഐപിഎല്‍ കളിച്ചത്. സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് അന്ന് താരം പാഡണിഞ്ഞത്.

ഇക്കുറി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. ലേലത്തിന് മണിക്കൂറുകള്‍ മുന്‍പ് വരെ അതിവേഗ അര്‍ധസെഞ്ചുറിയുമായി താരം തിളങ്ങി. രാജസ്ഥാനെതിരേ 15 പന്തില്‍ നിന്ന് അര്‍ധെസഞ്ചുറി നേടിയാണ് താരം റെക്കോഡിട്ടത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു മുംബൈ ബാറ്ററുടെ അതിവേഗ അര്‍ധസെഞ്ചുറിയാണിത്. ഹരിയാണയ്‌ക്കെതിരേ 18 പന്തില്‍ അര്‍ധസെഞ്ചുറി നേടി ദിവസങ്ങള്‍ക്കിപ്പുറമാണ് സര്‍ഫറാസ് റെക്കോഡ് തിരുത്തിയെഴുതിയത്.

കേരള ക്രിക്കറ്റ് ലീഗില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചിട്ടും സല്‍മാനെയും ആരും ടീമിലെടുത്തില്ല. മറ്റൊരു മുന്‍ ഇന്ത്യന്‍ താരം ദീപക് ഹൂഡയെയും ലേലത്തില്‍ ആരും ടീമിലെടുത്തില്ല. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായാണ് ഹൂഡ കളിച്ചത്. 75 ലക്ഷം രൂപയായിരുന്നു ദീപക് ഹൂഡയുടെ അടിസ്ഥാന വില. ശിവം മാവിയെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെടുത്തപ്പോള്‍ മറ്റൊരു ഇന്ത്യന്‍ പേസറായ കമേലഷ് നാഗര്‍ഗോട്ടിക്ക് ആവശ്യക്കാരുണ്ടായില്ല.

മുംബൈ താരമായിരുന്ന ആകാശ് മധ്വാള്‍, മുരുഗന്‍ അശ്വിന്‍, മലയാളി താരം സല്‍മാന്‍ നിസാര്‍, കെ എം ആസിഫ്ഫ്, രാജ്യവര്‍ധന്‍ ഹങ്കരേക്കര്‍, മനന്‍ വോറ, ആദം മില്‍നെ, അഥര്‍വ ടൈഡെ, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത്, ഓസീസ് പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഓസീസ് വെടിക്കെട്ട് ബാറ്റര്‍ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗ് എന്നിവര്‍ക്കും രണ്ടാം റൗണ്ടില്‍ ആവശ്യക്കാരുണ്ടായില്ല.