- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന് കിഷന്റെ ബാറ്റിങ് വെടിക്കെട്ട്; 45 പന്തില്‍ മിന്നും സെഞ്ചുറി; ജാര്‍ഖണ്ഡിനെതിരെ ഹരിയാനക്ക് കൂറ്റന്‍ വിജയലക്ഷ്യം
പൂനെ: മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ നായകന്‍ ഇഷാന്‍ കിഷന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവില്‍ ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയര്‍ത്തി ജാര്‍ഖണ്ഡ്. കുമാര്‍ കുഷാഗ്ര അര്‍ധ സെഞ്ചുറിയുമായി ഇഷാന് മികച്ച പിന്തുണ നല്‍കി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു. 49 പന്തില്‍ 101 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ് ജാര്‍ഖണ്ഡിന്റെ ടോപ് സ്‌കോറര്‍. കുമാര്‍ കുഷാഗ്ര 38 പന്തില്‍ 81 റണ്‍സടിച്ചു. അനുകൂല്‍ റോയിയും(20 പന്തില്‍ 40*) റോബിന്‍ മിന്‍സും(14 പന്തില്‍ 31*) പുറത്താകാതെ നിന്നു. മുഷ്താഖ് അലി ട്രോഫി ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ജാര്‍ഖണ്ഡിന് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ വിരാട് സിംഗിനെ(2) നഷ്ടമായി. അന്‍ഷുല്‍ കാംബോജ് ആണ് വിക്കറ്റെടുത്തത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുമാര്‍ കുഷാഗ്രയും ഇഷാന്‍ കിഷനും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ ജാര്‍ഖണ്ഡ് 69 റണ്‍സിലെത്തി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ അമിത് റാണക്കെതിരെ ഇഷാന്‍ കിഷന്‍ മൂന്ന് സിക്‌സുകള്‍ പറത്തി. പവര്‍ പ്ലേക്ക് പിന്നാലെ അമിത് റാണയുടെ രണ്ടാം ഓവറില്‍ മൂന്ന് ഫോറും ഒരു സിക്‌സും അടിച്ച ഇഷാന്‍ കിഷന്‍ 24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. എട്ടാം ഓവറില്‍ ജാര്‍ഖണ്ഡ് 100 കടന്നു.
സാമന്ത് ജാക്കറെ സിക്‌സിന് തൂക്കി 11-ാം ഓവറില്‍ 29 പന്തില്‍ കുമാര്‍ കുഷാഗ്ര അര്‍ധസഞ്ചുറി തികച്ചു. പതിനൊന്നാം ഓവറില്‍ രണ്ട് ഫോറും രണ്ട് സിക്‌സും പറത്തിയ കുഷാഗ്ര 24 റണ്‍സാണ് അടിച്ചു കൂട്ടിയത്. പന്ത്രണ്ടാം ഓവറില്‍ 34 പന്തില്‍ 71 റണ്‍സെടുത്ത് നില്‍ക്കെ സ്വന്തം ബൗളിംഗില്‍ ഇഷാന്‍ കിഷനെ സുമിത് കുമാര്‍ കൈവിട്ടത് ജാര്‍ഖണ്ഡിന് തിരിച്ചടിയായി. പതിനാലാം ഓവറില്‍ അന്‍ഷുല്‍ കാംബോജിനെ ഒറ്റ കൈയന്‍ സിക്‌സ് പറത്തി ഇഷാന്‍ കിഷന്‍ 45 പന്തില്‍ സെഞ്ചുറിയിലെത്തി. പതിനാലാം ഓവറില്‍ ജാര്‍ഖണ്ഡ് സ്‌കോര്‍ 180 റണ്‍സിലെത്തി.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ഇഷാന്‍ കിഷന്‍. പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗ് മാത്രമാണ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന് മുമ്പ് സെഞ്ചുറിയടിച്ച ഒരേയൊരു താരം. ഇഷാന്‍ കിഷന്റെ സെഞ്ചുറിയില്‍ 84 റണ്‍സും ബൗണ്ടറികളിലൂടെയായിരുന്നു. നാലു ഫോറും 10 സിക്‌സും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. സെഞ്ചുറി തികച്ചതിന് പിന്നാലെ സുമിത് കുമാറിന്റെ യോര്‍ക്കറില്‍ കിഷന്‍ 49 പന്തില്‍ 101 റണ്‍സെടുത്ത് ബൗള്‍ഡായി മടങ്ങി. രണ്ടാം വിക്കറ്റില്‍ കിഷനും കുഷാഗ്രയും ചേര്‍ന്ന് 82 പന്തില്‍ 177 റണ്‍സ് അടിച്ചുകൂട്ടി. കിഷന്‍ മടങ്ങിയതിന് പിന്നാലെ 38 പന്തില്‍ 81 റണ്‍സെടുത്ത കുമാര്‍ കുഷാഗ്രയും മടങ്ങിയത് ജാര്‍ഖണ്ഡിന്റെ സ്‌കോറിംഗ് നിരക്കിനെ ബാധിച്ചു.പതിനാറാം ഓവറില്‍ ജാര്‍ഖണ്ഡ് 200 കടന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അനുകൂല്‍ റോയിയും(20 പന്തില്‍ 40*) റോബിന്‍ മിന്‍സും(14 പന്തില്‍ 31*) ചേര്‍ന്ന് ജാര്‍ഖണ്ഡിനെ 250 കടത്തി.




