ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ആരാധകരെ നിരാശരാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്ക്. ഉത്തരാഖണ്ഡിനെതിരെ മുംബൈയ്ക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹിത്, നേരിട്ട ആദ്യ പന്തില്‍ പുറത്തായി മടങ്ങുകയായിരുന്നു. പേസര്‍ ദേവേന്ദ്ര സിങ് ബോറയുടെ പന്തില്‍ ജഗ്മോഹന്‍ നാഗര്‍കോട്ടി ക്യാച്ചെടുത്താണു രോഹിതിനെ പുറത്താക്കിയത്. ആദ്യ മത്സരത്തില്‍ സിക്കിമിനെതിരെ രോഹിത് 94 പന്തില്‍ 155 റണ്‍സെടുത്ത് തിളങ്ങിയിരുന്നു.

ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ ആദ്യ പന്തില്‍ സിക്‌സിനു ശ്രമിക്കുന്നതിനിടെയായിരുന്നു രോഹിതിന്റെ പുറത്താകല്‍. രോഹിത് ഉയര്‍ത്തിയടിച്ച പന്ത് നാഗര്‍കോട്ടിയുടെ കയ്യില്‍നിന്ന് തെന്നിപോയെങ്കിലും ഉത്തരാഖണ്ഡ് താരം പിടിച്ചെടുക്കുകയായിരുന്നു. കടുത്ത തണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് ആരാധകരാണ് വെള്ളിയാഴ്ച രാവിലെ രോഹിതിന്റെ ബാറ്റിങ് കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.

കഴിഞ്ഞ ദിവസം ഇതേ സ്റ്റേഡിയത്തില്‍ രോഹിത് സെഞ്ചറി നേടിയിരുന്നു. സിക്കിമിനെതിരായ ആദ്യ മത്സരത്തില്‍ 94 പന്തുകള്‍ നേരിട്ട രോഹിത് 155 റണ്‍സാണ് അടിച്ചെടുത്തത്. ഒന്‍പതു സിക്‌സുകളും 18 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്.

രണ്ടാം മത്സരത്തില്‍ രോഹിത് നിരാശപ്പെടുത്തിയതോടെ 28 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയിലാണ് മുംബൈ. അര്‍ധ സെഞ്ചറി നേടിയ മുഷീര്‍ ഖാന്റെയും (56 പന്തില്‍ 55), സഹോദരന്‍ സര്‍ഫറാസ് ഖാന്റെയും (49 പന്തില്‍ 55) ബാറ്റിങ് കരുത്തിലാണ് മുംബൈ 100 കടന്നത്. സിദ്ധേഷ് ലാദും ഹാര്‍ദിക് തിമോറുമാണ് ക്രീസില്‍. ആദ്യ പോരാട്ടത്തില്‍ മുംബൈ എട്ടു വിക്കറ്റ് വിജയം നേടിയപ്പോള്‍ രോഹിത് ശര്‍മയായിരുന്നു കളിയിലെ താരം.

അതേ സമയം രണ്ടാം ഗ്രൂപ്പ് ഘട്ട ഗുജറാത്തിനെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി സൂപ്പര്‍ താരം വിരാട് കോലി അര്‍ദ്ധ സെഞ്ചുറി നേടി. 29 പന്തില്‍നിന്നാണ് കോലി 50 പൂര്‍ത്തിയാക്കിയത്. പ്രിയാന്‍ഷ് ആര്യയുടെ ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ 2/1 എന്ന നിലയില്‍ ബാറ്റിംഗിന് ഇറങ്ങിയ കോലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 61 പന്തില്‍ 77 റണ്‍സ് എടുത്ത് കോലി പുറത്തായി. നായകന്‍ ഋഷഭ് പന്ത് 38 റണ്‍സ് എടുത്തു. 35 ഓവര്‍ പിന്നിടുമ്പോള്‍ ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന നിലയിലാണ്. ടോസ് നേടിയ ഗുജറാത്ത് ഡല്‍ഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ആന്ധ്രക്കെതിരെ കോലി സെഞ്ചുറി നേടി തിളങ്ങിയിരുന്നു.

സഞ്ജു ഇന്നും ഇറങ്ങില്ല

വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കര്‍ണാടകയെ നേരിടുന്ന കേരളത്തിന്റെ പ്ലേയിംഗ് ഇലവനില്‍ ഇന്നും സഞ്ജു സാംസണില്ല. ത്രിപുരക്കെതിരായ ആദ്യ മത്സരത്തിലും സഞ്ജു സാംസണ്‍ കളിച്ചിരുന്നില്ല. കേരളത്തിനെതിരെ ടോസ് നേടിയ കര്‍ണാടക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കര്‍ണാടകക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 30 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെന്ന നിലയിലാണ്. ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലും പ്രസിദ്ധ് കൃഷ്ണയും കര്‍ണാടകയുടെ പ്ലേയിംഗ് ഇലവനിലും ഇടം നേടിയിട്ടില്ല.ആദ്യ മത്സരത്തില്‍ കേരളം ത്രിപുരക്കെതിരെ വമ്പന്‍ ജയം നേടിയിരുന്നു.