- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു പാക്കിസ്ഥാനി കുട്ടിക്ക് ഓസീസിന് വേണ്ടി കളിക്കാനാകില്ലെന്ന് പരിഹാസം'; വംശീയ അധിക്ഷേപങ്ങളെ ബാറ്റുകൊണ്ട് നേരിട്ട് ചരിത്രം തിരുത്തി; ഒടുവില്‍ ഉസ്മാന്‍ ഖവാജ പാഡഴിക്കുന്നു; സിഡ്‌നിയില്‍ അവസാന അങ്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസിസ് താരം
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ബാറ്റര്‍ ഉസ്മാന്‍ ഖ്വാജ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നു. സിഡ്‌നിയില്‍ ഞായറാഴ്ച ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തോടെ താന്‍ വിരമിക്കുമെന്ന് ഖ്വാജ അറിയിച്ചു. ഓസീസിനായി ഒന്നരപ്പതിറ്റാണ്ട് നീണ്ട കരിയറില്‍ 87 ടെസ്റ്റുകളില്‍ പാഡണിഞ്ഞ താരം 43.39 ശരാശരിയില്‍ 6,206 റണ്‍സ് നേടിയിട്ടുണ്ട്. 16 സെഞ്ച്വറികളും 28 അര്‍ധ സെഞ്ച്വറികളും നേടിയ 39കാരനായ ഖ്വാജയുടെ മികച്ച വ്യക്തിഗത സ്‌കോര്‍ 232 ആണ്. വിരമിക്കലിനെ കുറിച്ച് ഏതാനും മാസങ്ങളായി താന്‍ ആലോചിച്ചുവരികയായിരുന്നുവെന്ന് താരം പ്രതികരിച്ചു.
''ഈ പരമ്പക്ക് എത്തുമ്പോള്‍, ഇതെന്റെ അവസാനത്തേത് ആയിരിക്കുമെന്ന തോന്നല്‍ മനസ്സിലുണ്ടായിരുന്നു. എന്റെ കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തി തോന്നുന്നു. ഓസ്‌ട്രേലിയക്കായി നിരവധി മത്സരങ്ങളില്‍ പാഡണിയാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. കടന്നുവന്ന പാതയില്‍ നിരവധിപേര്‍ക്ക് പ്രചോദനം നല്‍കാന്‍ കഴിഞ്ഞെന്നാണ് വിശ്വസിക്കുന്നത്. പാക്കിസ്ഥാനില്‍നിന്ന് ഇവിടെയെത്തി ഓസീസ് ടീമില്‍ കളിക്കാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എന്നെ നോക്കൂ, നിങ്ങള്‍ക്കും അത് ചെയ്യാം. വിരമിക്കലിനെ കുറിച്ച് കുടുംബവുമായി ഏതാനും നാളുകളായി സംസാരിക്കാറുണ്ട്. ഇത് അതിനുള്ള ഏറ്റവും നല്ല അവസരമാണെന്ന് കരുതുന്നു'' -ഖ്വാജ പറഞ്ഞു.
''പാക്കിസ്ഥാനില്‍നിന്നുള്ള കുട്ടിയായതിനാല്‍, എനിക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. നിങ്ങള്‍ എന്നെ നോക്കൂ, നിങ്ങള്‍ക്കും അതു ചെയ്യാന്‍ സാധിക്കും.'' ഖവാജ പറഞ്ഞു. വൈകാരികമായിട്ടായിരുന്നു ഖവാജ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോടു സംസാരിച്ചത്. കുട്ടിയായിരിക്കെ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലെത്തിയ ഖവാജ, പാക്കിസ്ഥാനിലെ ഇസ്‌ലാമബാദിലാണ് ജനിച്ചത്. ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിക്കുന്ന ആദ്യ പാക്കിസ്ഥാന്‍ വംശജനാണു ഖവാജ.
''15 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വലിയ സംഭാവനകളാണ് ഖവാജ നല്‍കിയത്. ഉസ്മാന്‍ ഖവാജ ഫൗണ്ടേഷനിലൂടെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനു വേണ്ടി ഞാന്‍ നന്ദി അറിയിക്കുന്നു.'' ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ ടോഡ് ഗ്രീന്‍ബര്‍ഗ് പ്രതികരിച്ചു. മോശം സാഹചര്യങ്ങളിലുള്ള അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടേയും വിദ്യാഭ്യാസത്തിനും ക്രിക്കറ്റിനും വേണ്ടി സഹായിക്കുന്ന സംഘടനയാണ് ഉസ്മാന്‍ ഖവാജ ഫൗണ്ടേഷന്‍.
കരിയറിലെ അവസാന ആഷസ് പരമ്പരയിലും അത്ര മികച്ച പ്രകടനമല്ല ഖവാജയുടേത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ താരം പരുക്കേറ്റു പുറത്തായി, ഈ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡാണ് ഖവാജയ്ക്കു പകരക്കാരനായി ബാറ്റു ചെയ്തത്. ബ്രിസ്‌ബെയ്‌നില്‍ നടന്ന രണ്ടാം ടെസ്റ്റിലും താരം കളിച്ചിരുന്നില്ല. അഡ്‌ലെയ്ഡിലെ മൂന്നാം ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിനു പരുക്കേറ്റതോടെയാണ് ഖവാജ വീണ്ടും ടീമിലെത്തിയത്. 82,40 എന്നിങ്ങനെയായിരുന്നു മൂന്നാം ടെസ്റ്റില്‍ താരത്തിന്റെ സ്‌കോറുകള്‍. മെല്‍ബണില്‍ ആദ്യ ഇന്നിങ്‌സില്‍ 29 റണ്‍സടിച്ച ഖവാജ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായി. ഇതോടെയാണ് 39 വയസ്സുകാരനായ ഖവാജ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 3- 1ന് മുന്നിലുള്ള ഓസ്‌ട്രേലിയ ആഷസ് ട്രോഫി നിലനിര്‍ത്തിയിരുന്നു.
2011ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഖ്വാജ, അതേ ടീമിനെതിരെ അവസാന മത്സരവും കളിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. കുട്ടിക്കാലത്ത് പാക്കിസ്ഥാനില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഖ്വാജ ഓസീസ് ടീമില്‍ കളിക്കുന്ന ആദ്യ പാക് വംശജനും ആദ്യ മുസ്ലിമുമാണ്. ഒരുവര്‍ഷം മുമ്പ് ശ്രീലങ്കക്കെതിരം ഇരട്ട സെഞ്ച്വറിയടിച്ച താരത്തിന് പിന്നീട് മൂന്നക്കം കടക്കാനായിട്ടില്ല. ആഷസ് പരമ്പരക്ക് മുന്നോടിയായി താരം വിരമിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ടെസ്റ്റിനു പുറമെ ഓസ്‌ട്രേലിയക്കായി 40 ഏകദിന മത്സരങ്ങളിലും ഒമ്പത് ട്വന്റി20യിലും ഖ്വാജ പാഡണിഞ്ഞിട്ടുണ്ട്.




