രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ബറോഡയുടെ രക്ഷകനായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. വിദര്‍ഭക്കെതിരായ മത്സരത്തില്‍ ഏഴാമനായി ക്രീസിലെത്തിയാണ് ഹാര്‍ദ്ദിക് തന്റെ ആദ്യ ഏകദിന സെഞ്ചുറി സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ 62 പന്തില്‍ 66 റണ്‍സെടുത്തിരുന്ന പാണ്ഡ്യ പാര്‍ത്ഥ് രേഖഡെ എറിഞ്ഞ 38-ാം ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സും ഒരു ഫോറും അടിച്ച് 68 പന്തില്‍ സെഞ്ചുറി തികച്ചു. ഒരോവറില്‍ ആറ് സിക്‌സെന്ന നേട്ടം പാണ്ഡ്യക്ക് കൈയലത്തിലാണ് നഷ്ടമായത്. മത്സരത്തില്‍ 71 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കെയാണ് തകര്‍പ്പന്‍ സെഞ്ചുറിയുമായി ബറോഡയെ കരകയറ്റിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡ ഹാര്‍ദ്ദിക്കിന്റെ വെടിക്കെട്ട് സെഞ്ചുറി(92 പന്തില്‍ 133) കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബറോഡ19.1 ഓവറില്‍ 71-5 എന്ന സ്‌കോറില്‍ തകര്‍ന്നപ്പോഴാണ് ഹാര്‍ദ്ദിക് ക്രീസിലെത്തിയത്. ആദ്യം സഹോദനും ക്യാപ്റ്റനുമായ ക്രുനാല്‍ പാണ്ഡ്യക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബറോഡയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ പാണ്ഡ്യ പിന്നീട് വിക്രം സോളങ്കിക്കൊപ്പം മികച്ച കൂട്ടുകെട്ടിലൂടെ ബറോഡയെ കരകയറ്റി. 26 റണ്‍സെടുത്ത വിക്രം സോളങ്കി പുറത്തായശേഷം വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് സെഞ്ചുറിയിലെത്തിയത്. ഇടം കൈയന്‍ സ്പിന്നറായ പാര്‍ത്ഥ് റേഖഡെ എറിഞ്ഞ 39-ാം ഓവറില്‍ 5 സിക്‌സും ഒരു ഫോറും അടക്കം 34 റണ്‍സാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്. 46-ാം ഓവറില്‍ ബറോഡയെ 250 കടത്തിയശേഷമാണ് ഹാര്‍ദ്ദിക് പുറത്തായത്.

മത്സരത്തിന്റെ 39ാം ഓവറില്‍ വിദര്‍ഭയുടെ സ്പിന്നര്‍ പാര്‍ഥ് റേഖഡെ പന്തെറിയാനെത്തിയപ്പോള്‍ ആദ്യ അഞ്ചു പന്തുകളും നിലം തൊടാതെ ബൗണ്ടറി കടന്നു. അവസാനത്തെ ഒരു പന്തു ഫോറും കൂടി നേടിയതോടെ ഈ ഓവറില്‍ മാത്രം പാണ്ഡ്യ അടിച്ചത് 34 റണ്‍സ്!. മിഡ് വിക്കറ്റിലേക്കും ലോങ് ഓണിനു മുകളിലൂടെയുമായിരുന്നു സിക്‌സുകളില്‍ ഭൂരിഭാഗവും അതിര്‍ത്തി കടന്നത്. സഹതാരങ്ങള്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോഴായിരുന്നു രാജ്‌കോട്ടില്‍ പാണ്ഡ്യയുടെ വണ്‍മാന്‍ ഷോ. 26 റണ്‍സടിച്ച വിഷ്ണു സോളങ്കിയാണ് ബറോഡയുടെ രണ്ടാമത്തെ മികച്ച സ്‌കോറര്‍.

എട്ട് ഫോറും 11 സിക്‌സും അടങ്ങുന്നതായിരുന്നു ഹാര്‍ദ്ദിക്കിന്റെ ഇന്നിംഗ്‌സ്. ദീര്‍ഘകാലമായി ഇന്ത്യക്കായി ട്വന്റി 20 മത്സരങ്ങളില്‍ മാത്രമാണ് ഹാര്‍ദ്ദിക് കളിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഹാര്‍ദ്ദിക്കിന്റെ വെടിക്കെട്ട് സെഞ്ചുറി എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ടി20 ലോകകപ്പ് ടീമിലുള്‍പ്പെട്ട ഹാര്‍ദ്ദിക്കിനെ പരിക്കേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.