ബെനോനി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം മത്സരത്തില്‍ 233 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ അണ്ടര്‍-19 ക്രിക്കറ്റ് ഏകദിനപരമ്പര തൂത്തുവാരി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 394 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 160 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ വൈഭവ് സൂര്യവംശിയും മലയാളി താരം ആരോണ്‍ ജോര്‍ജും സെഞ്ചുറിയോടെ തിളങ്ങി. 63 പന്തില്‍ സെഞ്ചുറി നേടിയ വൈഭവ് 127 റണ്‍സെടുത്താണ് പുറത്തായത്. നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ പരമ്പര തന്നെ തൂത്തുവാരാന്‍ കഴിഞ്ഞത് വൈഭവിന് കരിയറില്‍ നേട്ടമാണ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തുടക്കത്തില്‍ തന്നെ വരിഞ്ഞുകെട്ടി. 15 റണ്‍സിനിടെ ടീമിന് നാലുവിക്കറ്റ് നഷ്ടപ്പെട്ടു. എന്നാല്‍ ജേസണ്‍ റൗള്‍സ്, ഡാനിയേല്‍ ബോസ്മാന്‍, പോള്‍ ജെയിംസ് എന്നിവരുടെ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. റൗള്‍സ് 19 റണ്‍സെടുത്ത് പുറത്തായി. ബോസ്മാനും പോള്‍ ജെയിംസ് ചേര്‍ന്ന് നടത്തിയ കൂട്ടുകെട്ട് ടീമിന് ആശ്വാസമായി. ബോസ് മാന്‍ 40 റണ്‍സെടുത്തപ്പോള്‍ ജെയിംസ് 41 റണ്‍സെടുത്ത് പുറത്തായി.

ഒരു ഘട്ടത്തിലും ദക്ഷിണാഫ്രിക്കന്‍ ടീമിന് വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല. പിന്നീട് വന്നവരെല്ലാം നിരനിരയായി കൂടാരം കയറി. മൈക്കല്‍ ക്രൂയിസ്‌ക്യാമ്പ്, ജെ.ജെ. ബാസണ്‍ എന്നിവര്‍ ഒരു റണ്‍ വീതമെടുത്ത് മടങ്ങി. കൊര്‍ണെ ബോത്ത അല്‍പ്പമെങ്കിലും പിടിച്ചുനിന്നതൊഴിച്ചാല്‍ ടീമിന് കാര്യമായി ഒന്നും ചെയ്യാനായില്ല. താരം 36 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സോണിയെ പുറത്താക്കി ക്യാപ്റ്റന്‍ വൈഭവ് തന്നെ ടീമിന് ജയം സമ്മാനിച്ചു. 160 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായത്. കിഷന്‍ കുമാര്‍ സിങ് മൂന്ന് വിക്കറ്റും മുഹമ്മദ് ഇനാന്‍ രണ്ടുവിക്കറ്റുമെടുത്ത് തിളങ്ങി.

നിശ്ചിത 50 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സാണെടുത്തത്. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടോടെയാണ് ഇന്ത്യന്‍ ഇന്നിങ്സ് ആരംഭിച്ചതുതന്നെ. ആദ്യ ഓവറുകളില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ പ്രഹരിച്ചു. ആറാം ഓവറില്‍ തന്നെ ടീം അമ്പത് കടന്നു. ഏഴാം ഓവറില്‍ 21 റണ്‍സ് അടിച്ചെടുത്ത താരം പിന്നാലെ അര്‍ധസെഞ്ചുറിയും തികച്ചു. 24 പന്തില്‍ നിന്നാണ് ഫിഫ്റ്റി. വൈഭവിനൊപ്പം ഓപ്പണറായി ഇറങ്ങിയ ആരോണ്‍ ജോര്‍ജും വേഗത്തില്‍ റണ്‍സ് കണ്ടെത്തിയതോടെ ടീം പത്തോവറില്‍ 111 ലെത്തി. ആരോണ്‍ ജോര്‍ജ് 32 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി നേടി.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞിട്ടും പിടികൊടുക്കാതെ വൈഭവ് ബാറ്റേന്തുന്നതാണ് പിന്നീട് കണ്ടത്. അതേസമയം ആരോണ്‍ ജോര്‍ജാകട്ടെ ക്രീസില്‍ നിലയുറപ്പിച്ച് വൈഭവിന് പിന്തുണ നല്‍കി. പിന്നാലെ വൈഭവിന്റെ സെഞ്ചുറിയുമെത്തി. 63 പന്തില്‍ നിന്നാണ് താരം മൂന്നക്കം തൊട്ടത്. 24-ാം ഓവറില്‍ തന്നെ ഇന്ത്യ 200 കടന്നു. 25 ഓവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 226 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. അടുത്ത ഓവറില്‍ വൈഭവ് പുറത്തായി. 74 പന്തില്‍ നിന്ന് 127 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. ഒന്‍പത് ഫോറുകളും പത്ത് സിക്സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

വേദാന്ത് ത്രിവേദിയാണ് വണ്‍ഡൗണായി ഇറങ്ങിയത്. പിന്നാലെ ആരോണ്‍ ജോര്‍ജും സെഞ്ചുറി നേടി. 34 ഓവറില്‍ 275-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ 106 പന്തില്‍ നിന്ന് 118 റണ്‍സെടുത്ത് ആരോണ്‍ മടങ്ങി. പിന്നീടിറങ്ങിയവരെല്ലാം നിരനിരയായി മടങ്ങുന്നതാണ് മൈതാനത്ത് കണ്ടത്. വേദാന്ത് ത്രിവേദി 34 റണ്‍സെടുത്തപ്പോള്‍ അഭിഗ്യാന്‍ കുണ്ഡു(21), ഹര്‍വാന്‍ഷ്(2),അംബ്രിഷ്(8),കിഷ്‌ക് ചൗഹാന്‍(10) എന്നിവര്‍ വേഗം മടങ്ങി. എന്നാല്‍ മുഹമ്മദ് ഇനാന്റെ(19പന്തില്‍ 28 റണ്‍സ്) വെടിക്കെട്ട് പ്രകടനത്തില്‍ ഇന്ത്യ 393 ലെത്തി.