ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസം. സര്‍ജറിക്ക് ശേഷം തിലക് വര്‍മ വേഗത്തില്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരത്തിന് മൂന്ന്-നാല് ദിവസത്തെ വിശ്രമത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകുമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് ടീം പരിശീലകന്‍ ഡി.ബി രവി തേജ പറഞ്ഞു. ട്വന്റി 20 ലോകകപ്പിന് ഒരുമാസം ബാക്കിനില്‍ക്കെ താരത്തിന് പരിക്കേറ്റത് ആശങ്ക ഉയര്‍ത്തിയിരുന്നു.

തിലകിന് ലോകകപ്പ് നഷ്ടമാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ജനുവരി 21 ന് നാഗ്പൂരില്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിലക് കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതിന് പിന്നാലെ തിരിച്ചുവരവിന്റെ പാതയിലാണെന്ന് വ്യക്തമാക്കി തിലവ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ' എല്ലാവരുടേയും സ്നേഹത്തിനും പിന്തുണക്കും നന്ദി. സുഖം പ്രാപിച്ചുവരികയാണ്. വേഗത്തില്‍ കളത്തിലേക്ക് മടങ്ങിയെത്തും' എന്നാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഫെബ്രുവരി 7 നാണ് ടി20 ലോകകപ്പിന് തുടക്കമാകുക. ഇന്നലെ സര്‍ജറിക്ക് വിധേയനായ താരത്തിന്റെ മടങ്ങിവരവിന് മാസങ്ങളെടുക്കുമെന്ന് നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. പകരക്കാരനായി ശ്രേയസ് അയ്യര്‍ എത്തുമെന്ന തരത്തിലും വാര്‍ത്തയെത്തി. എന്നാല്‍ താരത്തിന്റെ സര്‍ജറി ഗുരുതരമല്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസമായി.

പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയശില്‍പിയായ ഹൈദരാബാദുകാരന്‍ നിലവില്‍ മിന്നും ഫോമിലാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ മധ്യനിരയില്‍ ബാലന്‍സിങ് നിലനിര്‍ത്തുന്നതും 23 കാരനാണ്. നിലവില്‍ നടന്നുവരുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനായി കളത്തിലിറങ്ങിയ തിലക്് ഒരു സെഞ്ച്വറി ഉള്‍പ്പെടെ രണ്ട് മത്സരങ്ങളില്‍ നിന്നായി 143 റണ്‍സ് നേടിയിരുന്നു

വിജയ് ഹസാരെ ട്രോഫിക്കിടെയാണ് താരത്തിന് പരുക്കേറ്റത്. അടിവയറ്റില്‍ കഠിനമായ വേദന അനുഭവപ്പെട്ടതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌കാനിങിന് വിധേയനാക്കിയ താരത്തിന് ടെസ്റ്റിക്യുലര്‍ ടോര്‍സിയന്‍ സ്ഥിരീകരിച്ചു.

'രാജ്‌കോട്ടില്‍ വച്ച് കഠിനമായ വൃഷണ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിലക് വര്‍മയെ ഗോകുല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടെസ്റ്റിക്യുലര്‍ ടോര്‍സിയന്‍ ആണെന്ന് സ്ഥിരീകരിച്ചു. അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിച്ചു'- എന്ന് ബിസിസിഐ ഉന്നതന്‍ പിടിഐയോട് പറഞ്ഞു.