- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ഏകദിനം ഇന്ന്; ഋഷഭ് പന്തിനു പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ; ധ്രുവ് ജുറേല്‍ ടീമിനൊപ്പം; പരമ്പരയിലെ പ്രകടനം ഗില്ലിനും ശ്രേയസിനും നിര്‍ണായകം; നിതീഷ് കുമാര്‍ റെഡ്ഡി കളിച്ചേക്കും
വഡോദര: ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. വഡോദര രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് ആദ്യ മത്സരം. ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് ഈ പരമ്പര ഏറെ നിര്‍ണായകമാണ്. ട്വന്റി 20 ലോകകപ്പില്‍ നിന്നുള്ള ഒഴിവാക്കലും പരിക്കും അലട്ടിയ താരം മികച്ച പ്രകടനമാണ് ലക്ഷ്യം വെക്കുന്നത്. പുതിയ വര്‍ഷം വിജയത്തോടെ തുടങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍ത്തടിച്ച വിരാട് കോലിയും രോഹിത് ശര്‍മയും അടക്കമുള്ളവര്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.
പരിക്ക് മാറി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തുന്നതോടെ യശസ്വി ജയ്‌സ്വാള്‍ വീണ്ടും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവും. ഗില്ലും രോഹിതും ഓപ്പണ്‍ ചെയ്യുമ്പോള്‍ വിരാട് കോലി മൂന്നാം നമ്പറിലെത്തും. പിന്നാലെ ശ്രേയസ് അയ്യരും കെ.എല്‍ രാഹുലുമെത്തും. പരിക്കില്‍ നിന്ന് മോചിതനായെത്തുന്ന ശ്രേയസിനും പരമ്പര നിര്‍ണായകമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്.
ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ആര്‍ഷ്ദീപ് സിങ്ങിനും മുഹമ്മദ് സിറാജിനുമാകും പേസ് നിരയുടെ ചുമതല. മൂന്നാം പേസറായി പ്രസിദ്ധ് കൃഷ്ണയെ മറികടന്ന് ഹര്‍ഷിത് റാണയാകും പ്ലയിങ് ഇലവനിലെത്തുക. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും പ്ലേയിംഗ് ഇലവനില്‍ എത്തും.
പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനു പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു. പന്തിനു പകരം ധ്രുവ് ജുറേല്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമാകുമെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തപ്രദേശ് താരമായ 24 വയസ്സുകാരന്‍ ധ്രുവ് ജുറേല്‍, രണ്ടു സെഞ്ചറിയടക്കം നേടി ഉജ്വല ഫോമിലാണ്.
ടീമിനൊപ്പം ചേര്‍ന്നെങ്കിലും ജുറേലിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കില്ല. കെ.എല്‍.രാഹുലാണ് ഏകദിനത്തില്‍ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍. ശനിയാഴ്ച ഉച്ചകഴിഞ്ഞ് വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ പരിശീലന സെഷനില്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഋഷഭ് പന്തിനു പരുക്കേറ്റത്. എംഎര്‍ഐ സ്‌കാനില്‍ പേശിക്കു പൊട്ടലുണ്ടെന്ന് വ്യക്തമായതോടെയാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കിയത്.
വിജയ് ഹസാരെ ട്രോഫിയില്‍, ഡല്‍ഹി ടീമിനെ നോക്കൗട്ടിലേക്കു നയിച്ചശേഷമാണ് പന്ത് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഡല്‍ഹിക്കായി പന്ത് രണ്ട് അര്‍ധസെഞ്ചറി നേടിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യയുടെ ഏകദിന ടീമിന്റ ഭാഗമാണെങ്കില്‍ 2024 ഓഗസ്റ്റില്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ് താരം ഏറ്റവുമൊടുവില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടത്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കു മുന്‍പ് പന്തിനെ ടീമില്‍നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരത്തെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പരുക്കേറ്റ് പുറത്തുപോകേണ്ടി വന്നിരിക്കുകയാണ്. 2022ല്‍ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശേഷം ടീമിലേക്കു മടങ്ങിയെത്തിയ പന്തിന് കഴിഞ്ഞവര്‍ഷം മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടയിലും കാലിനു പരുക്കറ്റിരുന്നു. ഇതിനു ശേഷം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കി എത്തുന്ന ന്യൂസീലന്‍ഡിന് പരമ്പര കടുപ്പമാകാനാണ് സാധ്യത. പക്ഷേ, പാകിസ്ഥാനേയും ഇംഗ്ലണ്ടിനേയും വിന്‍ഡീസിനേയും തോല്‍പിച്ച ആത്മവിശ്വാസമാണ് കിവീസ് കരുത്ത്. 2023 മുതല്‍ ന്യൂസീലന്‍ഡിനെതിരെ ഏകദിന മത്സരങ്ങള്‍ തോറ്റിട്ടില്ല എന്നതാണ് ഇന്ത്യയുടെ ആത്മവിശ്വാസം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.
ഇന്ത്യയുടെ ഏകദിന ടീം:
ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, യശസ്വി ജയ്‌സ്വാള്‍, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)




