തിരുവനന്തപുരം: ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും തിരുവനന്തപുരം. ജനുവരി 31ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്റി 20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് ആവേശകരമായ തുടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പൃഥ്വിരാജ് ആദ്യ ടിക്കറ്റ് സി.എ. സനില്‍ കുമാര്‍ എം.ബിക്ക് കൈമാറിയാണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

കുട്ടിക്കാലം മുതല്‍ താന്‍ ക്രിക്കറ്റ് ഭ്രാന്തനെന്ന് പൃഥ്വിരാജ് പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞു. പ്രേമിക്കുന്ന സമയത്ത് ഭാര്യ ആദ്യമായി വാങ്ങി തന്നത് ക്രിക്കറ്റ് ബാറ്റാണ്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഐക്കോണിക് സ്റ്റേഡിയം ആകാനുള്ള പൊട്ടെന്‍ഷ്യല്‍ ഉണ്ട്. അന്താരാഷ്ട്ര മത്സരങ്ങള്‍ കൂടുതലായി ഗ്രീന്‍ഫീല്‍ഡിന് കിട്ടട്ടെ. ലോകകപ്പിന് മുമ്പായി നമ്മുടെ പ്ലേയേഴ്സിനെ ടെസ്റ്റ് ഔട്ട് ചെയ്യാന്‍ പറ്റുന്ന അവസാന മാച്ചാണ്. ഷൂട്ടിംഗ് ഇല്ലായിരുന്നെങ്കില്‍ ഉറപ്പായും 5 ടിക്കറ്റ് വാങ്ങിയേനെ. തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് പ്രേമം ജനുവരി 31ന് ലോകം അറിയട്ടെ അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് പ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാന്‍ സുവര്‍ണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം കാണാം. കൂടാതെ അപ്പര്‍ ടയര്‍ സീറ്റുകള്‍ക്ക് 500 രൂപയും ലോവര്‍ ടയര്‍ സീറ്റുകള്‍ക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകള്‍. ആരാധകര്‍ക്ക് Ticketgenie എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

ഗാലറികള്‍ നിറയുന്ന ആവേശകരമായ ഒരു പോരാട്ടമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തിനായുള്ള പിച്ചുകളുടെയും സ്റ്റേഡിയത്തിന്റെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും കായികപ്രേമികള്‍ക്ക് മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീജിത്ത് വി. നായര്‍ ചടങ്ങില്‍ വ്യക്തമാക്കി. കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാര്‍, ട്രഷറര്‍ അജിത്ത് കുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പതിനാലാം രാജ്യാന്തര മത്സരമായിരിക്കുമിത്. ഇന്ത്യ - ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ അഞ്ചാമത് മത്സരത്തിനാണ് ജനുവരി 31ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ജനുവരി 31-ന് നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി-20 മത്സരം നേരില്‍ കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെസിഎ. 250 രൂപയാണ് വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് വില. ഇതിനായുള്ള പ്രത്യേക ടിക്കറ്റ് കണ്‍സെഷന്‍ നടപടിക്രമങ്ങളും അസോസിയേഷന്‍ പുറത്തിറക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകള്‍ ആവശ്യമുള്ള സ്ഥാപനങ്ങള്‍ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റര്‍ഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പേരും സ്‌കൂള്‍/കോളേജ് ഐഡി കാര്‍ഡ് നമ്പറും സമര്‍പ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് കുറഞ്ഞത് പത്ത് വിദ്യാര്‍ത്ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു അധ്യാപകന്‍ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകന്‍ എന്ന ക്രമത്തില്‍ 250 രൂപ ടിക്കറ്റില്‍ അധ്യാപകര്‍ക്കും പ്രവേശനം അനുവദിക്കും. അപേക്ഷകള്‍ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയ ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സ്ഥാപനത്തെ അറിയിക്കും. തുടര്‍ന്ന് നിശ്ചിത തുക അടച്ച് വിവരങ്ങള്‍ അസോസിയേഷനെ അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടില്‍ പണം എത്തിയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ടിക്കറ്റുകള്‍ അനുവദിക്കുകയുള്ളൂ. അപൂര്‍ണമായതോ മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആയ അപേക്ഷകള്‍ പരിഗണിക്കില്ലെന്നും കെ.സി.എ അറിയിച്ചു.