- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിവെട്ട് കിഷനും മിന്നല്‍ സൂര്യയും! 209 റണ്‍സ് വെറും 15 ഓവറില്‍ അടിച്ചുകൂട്ടി ഇന്ത്യ; സഞ്ജുവും അഭിഷേകും വീണിട്ടും പതറാതെ സ്കൈയും ഇഷാനും; മിന്നുന്ന അര്‍ധ സെഞ്ചുറികളുമായി തിരിച്ചുവരവ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം; പരമ്പരയില്‍ മുന്നില്‍

റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2 - 0ന് മുന്നിലെത്തി. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 209 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 15.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷാന്‍ (29 പന്തില്‍ 76), സൂര്യകുമാര്‍ യാദവ് (37 പന്തില്‍ പുറത്താവാതെ 82) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് അനയാസ വിജയം സമ്മാനിച്ചത്. ശിവം ദുബെ 18 പന്തില്‍ 36 റണ്‍സെടത്തു. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും നിരാശപ്പെടുത്തി. രണ്ട് വിക്കറ്റിന് ആറ് റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ സെഞ്ചുറി കൂട്ടുകെട്ടുമായി സൂര്യകുമാറും ഇഷാന്‍ കിഷനുമാണ് ജയത്തിലെത്തിച്ചത്. രണ്ടര വര്‍ഷത്തിനു ശേഷം രാജ്യാന്തര ട്വന്റി20 അര്‍ധസെഞ്ചറിയില്‍ നേടിയ ഇഷാനും കിഷനും (32 പന്തില്‍ 76) ഒന്നരവര്‍ഷത്തിനു ശേഷം ട്വന്റി20യിലെ അര്‍ധസെഞ്ചറി ക്ഷാമം തീര്‍ത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് (37 പന്തില്‍ 82*) ഇന്ത്യയുടെ വിജയശില്‍പികള്‍. അടുത്ത മത്സരം 25നു ഗുവാഹത്തിയില്‍.
ആദ്യ ഓവറില്‍ തന്നെ സഞ്ജുവിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മാറ്റ് ഹെന്റിക്കെതിരെ ആദ്യ പന്ത് പ്രതിരോധിച്ച സഞ്ജു, രണ്ടാം പന്ത് ഫ്ളിക്ക് ചെയ്തു. എന്നാല്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ കോണ്‍വെ ക്യാച്ച് വിട്ടുകളഞ്ഞു. മൂന്നും നാലും പന്തുകളില്‍ സഞ്ജുവിന് റണ്‍സ് നേടാന്‍ സാധിച്ചില്ല. അഞ്ചാം പന്തില്‍ മിഡ് ഓണിലൂടെ കളിക്കാന്‍ ശ്രമിച്ചെങ്കിലും രചിന്‍ രവീന്ദ്രയുടെ കൈകളില്‍ ഒതുങ്ങി. തുടര്‍ന്ന് അഭിഷേക് ശര്‍മയാവട്ടെ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തു. ജേക്കബ് ഡഫിയുടെ പന്തില്‍ തേര്‍ഡ് മാനില്‍ കോണ്‍വേയ്ക്ക് ക്യാച്ച്.
വര്‍ഷങ്ങള്‍ക്കു ശേഷം തന്നെ ടീമില്‍ തിരിച്ചെടുത്തത് വെറുതെയല്ലെന്നു തെളിയിക്കാനുള്ള അവസരം ശരിക്കും മുതലാക്കിയ ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ സ്‌കോര്‍ബോര്‍ഡ് കുതിച്ചു. മറുവശത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കാഴ്ചകാരനാക്കി ന്യൂസീലന്‍ഡ് ബോളര്‍മാരെ ഇഷാന്‍ കിഷന്‍ തലങ്ങും വിലങ്ങും പ്രഹരിച്ചു. പവര്‍പ്ലേ അവസാനിക്കും മുന്‍പു തന്നെ വെറും 21 പന്തില്‍ താരം അര്‍ധസെഞ്ചറി തികച്ചു. ന്യൂസീലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ അര്‍ധസെഞ്ചറിയാണ് ഇത്. കഴിഞ്ഞ മത്സരത്തില്‍ 22 പന്തില്‍ അര്‍ധസെഞ്ചറി തികച്ച അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡാണ് തൊട്ടടുത്ത മത്സരത്തില്‍ ഇഷാന്‍ തകര്‍ത്തത്. രാജ്യാന്തര ട്വന്റി20യില്‍ രണ്ടര വര്‍ഷത്തിനു ശേഷമാണ് ഇഷാന്‍ അര്‍ധസെഞ്ചറി നേടുന്നത്. 2023 നവംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഇഷാന്‍ ഇതിനു മുന്‍പ് അര്‍ധസെഞ്ചറി നേടിയത്.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 2ന് 75 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ സ്‌കോര്‍. രാജ്യാന്തര ട്വന്റി20യില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ പവര്‍പ്ലേ സ്‌കോറാണിത്. 2007 ട്വന്റി20 ലോകകപ്പില്‍ നേടിയ 1ന് 76 എന്നതാണ് ഒന്നാമത്. ഇതിനു പിന്നാലെ സൂര്യകുമാര്‍ യാദവും ഗിയര്‍ മാറ്റിയതോടെ ഇന്ത്യ സ്‌കോര്‍ പറന്നു. എട്ടാം ഓവറില്‍ സ്‌കോര്‍ 100 കടന്നു. ഒന്‍പതാം ഓവറില്‍ ഇഷാന്‍ കിഷനെ ഇഷ് സോദി പുറത്താക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 128ല്‍ എത്തിയിരുന്നു. സൂര്യക്കൊപ്പം 122 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് കിഷന്‍ മടങ്ങുന്നത്. 32 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്സും 11 ഫോറും നേടിയിരുന്നു. കിഷന്‍ മടങ്ങിയെങ്കിലും സൂര്യ-ദുബെ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സൂര്യ നാല് സിക്സും ഒമ്പത് ഫോറും നേടി. ദുബെയുടെ ഇന്നിംഗ്സില്‍ മൂന്ന് സിക്സും ഒരു ഫോറുമുണ്ടായിരുന്നു.
ശിവം ദുബെ, സൂര്യകുമാര്‍ യാദവിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ അതിവേഗം വിജയത്തിലേക്ക് അടുത്തു. 23 പന്തിലാണ് സൂര്യകുമാര്‍ യാദവ് അര്‍ധസെഞ്ചറി തികച്ചത്. 2024 ഒക്ടോബറില്‍ ബംഗ്ലദേശിനെതിരെ അര്‍ധസെഞ്ചറി നേടിയ ശേഷം 23 ഇന്നിങ്‌സുകള്‍ക്ക് ശേഷമാണ് സൂര്യകുമാര്‍ ഒരു അര്‍ധസെഞ്ചറി നേടുന്നത്. ഇതിനു ശേഷം 'ബീസ്റ്റ്' മോഡിലായ 'വിന്റേജ്' സൂര്യകുമാറിനെയാണ് കണ്ട്. നാല് സിക്‌സും 9 ഫോറുമാണ് സൂര്യയുടെ ബാറ്റില്‍നിന്നു പിറന്നത്. അഞ്ചാമനായി ഇറങ്ങിയ ശിവം ദുബെ (18 പന്തില്‍ 36*) മൂന്നു സിക്‌സും ഒരു ഫോറുമടിച്ചു. ന്യൂസീലന്‍ഡ് ബോളര്‍മാരില്‍ സക്കറി ഫോള്‍ക്‌സ് മൂന്ന് ഓവറില്‍ 67 റണ്‍സാണ് വഴങ്ങിയത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്നര്‍ 47 റണ്‍സ് നേടി. രചിന്‍ രവീന്ദ്ര 44 റണ്‍സെടുത്തു. ഗംഭീര തുടക്കമായിരുന്നു ന്യൂസിലന്‍ഡിന് ലഭിച്ചത്. ആദ്യ മൂന്ന് ഓവറില്‍ തന്നെ ന്യൂസിലന്‍ഡ് 43 റണ്‍സ് നേടിയിരുന്നു. എന്നാല്‍ നാലാം ഓവറില്‍ റാണ ബ്രേക്ക് ത്രൂമായെത്തി. റാണയുടെ സ്ലോവര്‍ കോണ്‍വെയ്ക്ക് മനസിലാക്കാന്‍ സാധിച്ചില്ല. മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ സീഫെര്‍ട്ടിനെ വരുണ്‍, ഇഷാന്‍ കിഷന്റെ കൈകളിലേക്കയച്ചു. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ റാണയ്ക്കെതിരെ രചിന്‍ രവീന്ദ്ര 19 റണ്‍സ് അടിച്ചെടുത്തു.
തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ന്യൂസിലന്‍ഡിന് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ഗ്ലെന്‍ ഫിലിപ്സ് (19), ഡാരില്‍ മിച്ചല്‍ (18), മാര്‍ക് ചാപ്മാന്‍ (10) എന്നീ മധ്യനിര താരങ്ങള്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ രചിനും പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് സാന്റ്നര്‍ - സക്കാറി ഫൗള്‍ക്സ് (8 പന്തില്‍ 15) സഖ്യം ചേര്‍ത്ത 47 റണ്‍സാണ് ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ 200 കടത്തിയത്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കുല്‍ദീപ് യാദവ് ഇന്ത്യക്കായി രണ്ട് വിക്കറ്റെടുത്തു. രണ്ട് മാറ്റങ്ങളുമായിടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് അക്സര്‍ പട്ടേല്‍ പുറത്തായി. ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ഹര്‍ഷിദ് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ തിരിച്ചെത്തി. ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റം വരുത്തിയാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. ടിം സീഫെര്‍ട്ട്, സക്കാറി ഫൗള്‍ക്സ്, മാറ്റ് ഹെന്റി എന്നിവര്‍ ടീമിലെത്തി. ടിം റോബിന്‍സണ്‍, ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക്, കെയ്ല്‍ ജാമിസണ്‍ എന്നിവരാണ് വഴി മാറിയത്.


